ലാവ്ലിന്‍ : പിണറായിയുടെ വാദം കോടതി തള്ളി; വിധി 17ന്‌

Tuesday 11 December 2012 11:01 pm IST

തിരുവനന്തപുരം: എസ്‌എന്‍സി ലാവ്ലിന്‍ അഴിമതികേസില്‍ ഉടന്‍ വിചാരണ ആരംഭിക്കണമെന്ന പിണറായി വിജയന്റെ ആവശ്യം സിബിഐ കോടതി തള്ളി. കേസില്‍ ലാവ്ലിന്‍ കമ്പനിയെയും പ്രതിനിധി ക്ലോസ്‌ ട്രെന്‍ഡലിനെയും ഒഴിവാക്കി വിചാരണ തുടങ്ങണമെന്നാവശ്യപ്പെട്ട്‌ ഏഴാം പ്രതിയായ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ്‌ ഈ വാദം അംഗീക്കാനാവില്ലെന്ന്‌ കോടതി നിരീക്ഷിച്ചത്‌. ഇത്‌ സംബന്ധിച്ച്‌ ഈ മാസം 17ന്‌ വിധി പറയും. ലാവ്ലിന്‍ കമ്പനിയ്ക്കും കമ്പനി പ്രതിനിധി ക്ലോസ്‌ ട്രെന്‍ഡിലിനും എതിരായ വാറണ്ട്‌ മടങ്ങിയത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ജഡ്ജി ടി.എസ്‌.പി. മൂസത്‌ ആവശ്യപ്പെട്ടു. പ്രതികള്‍ എത്ര വലിയവരായാലും കോടതിക്ക്‌ മുമ്പില്‍ എല്ലാവരും സമന്മാരാണ്‌. മുന്‍ഗണന ക്രമമനുസരിച്ച്‌ മാത്രമേ കേസ്‌ പരിഗണിക്കാനാകൂ. ലാവ്ലിന്‍ കേസിന്‌ മാത്രം പ്രത്യേക പരിഗണന നല്‍കാനാവില്ല. ക്ലോസ്‌ ട്രെന്‍ഡില്‍ വിദേശ പൗരനായതിനാലാണ്‌ വാറണ്ട്‌ നടപ്പിലാക്കാന്‍ കാലതാമസം ഉണ്ടാകുന്നത്‌. പ്രതിയെ ഇന്ത്യന്‍ കോടതിയില്‍ എത്തിക്കാനുള്ള നടപടി പുരോഗമിച്ചുവരികയാണെന്ന്‌ പ്രോസിക്യൂട്ടര്‍ അറിയിച്ചു. കൈമാറ്റ അപേക്ഷ രാജ്യാന്തര ഉടമ്പടി പ്രകാരമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ മടക്കിയത്‌. ഇത്‌ പരിഹരിച്ച്‌ വീണ്ടും അയയ്ക്കാന്‍ നടപടി സ്വീകരിച്ചു വരികയാണ്‌. ഈ സാഹചര്യത്തില്‍ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന്‌ പ്രതികള്‍ക്ക്‌ ആവശ്യപ്പെടാനാകില്ലെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസില്‍ ഇത്‌ വരെ ഒരു തവണ മാത്രമാണ്‌ പിണറായി വിജയന്‍ ഹാജരായതെന്ന്‌ സിബിഐ കുറ്റപ്പെടുത്തി. സ്ഥിരമായി കോടതിയില്‍ ഹാജരാകാത്ത പ്രതികള്‍ക്ക്‌ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന്‌ ആവശ്യപ്പെടാനാകില്ലെന്ന സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ വിചാരണ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെടാന്‍ എല്ലാ കേസുകളിലെയും പ്രതികള്‍ക്കും അവകാശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ലാവ്ലിന്‍ കേസിനെക്കാള്‍ പഴക്കമുള്ള കേസുകള്‍ സിബിഐ കോടതിയിലുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. 2009ലാണ്‌ സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. കമ്പനി പ്രതിനിധികള്‍ ഒഴികെ മറ്റ്‌ പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.