തിരുവനന്തപുരം: ഡിസംബര്‍ 30,31 ജനുവരി 1 തീയതികളില്‍ നടക്കുന്ന 80-ാമത് ശിവഗിരി തീര്‍ത്ഥാടനം 30ന് രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ വിശിഷ്ടാതിഥിയായിരിക്കും. മന്ത്രി അടൂര്‍ പ്രകാശ് മുഖ്യാതിഥിയും, മന്ത്രി ശ്രീ.കെ.ബി.ഗണേശ്കുമാര്‍ ചടങ്ങില്‍ ശിവഗിരി ഋഷീവനം പദ്ധതി ഉദ്ഘാടനം ചെയ്യും. സ്വാമി സൂക്ഷമാനന്ദ അനുഗ്രഹ പ്രഭാഷണവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.ടി.കെ.എ.നായര്‍ മുഖ്യപ്രഭാഷണവും നടത്തും. ഗോകുലം ഗോപാലന്, ഡോ.മോഹന്‍ ഗോപാല്‍, ബി.സത്യന് എംഎല്‍എ, വി.എസ്.വിജയരാഘവന് എന്നിവര്‍ പ്രസംഗിക്കും. ധര്മസംഘംട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ഇ.എം.സോമനാഥന് കൃതജ്ഞതയും പറയും.
ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന ആരോഗ്യ മദ്യവര്‍ജന സമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ.കുര്യന് ഉദ്ഘാടനം ചെയ്യും. ശ്രീലങ്കന്‍ മന്ത്രി വാസുദേവനനായക്കാര അധ്യക്ഷത വഹിക്കും. മൂന്നിന് നടക്കുന്ന ഗുരുദേവദര്‍ശനവും മാധ്യമങ്ങളും എന്ന സമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ഗോപീകൃഷ്ണന്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഗൗരീദാസന്‍നായര്‍, എം.ജി.രാധാകൃഷ്ണന്, ജോണി ലൂക്കോസ് എന്നിവര്‍ പ്രസംഗിക്കും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന സര്‍വമത സമ്മേളനം ദല്‍ഹി അഹിംസാ വിശ്വഭാരതി ആശ്രമം മഠാധിപതി ശ്രീമദ് ലോകേശ് ജയിന്മുനി ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ 6മണിക്ക് തീര്‍ത്ഥാടന ഘോഷയാത്ര നടക്കും.
10ന് ആരംഭിക്കുന്ന തീര്‍ത്ഥാടന സമ്മേളനം മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിക്കും. സ്വാമി പ്രകാശാനന്ദ തീര്‍ത്ഥാടന സന്ദേശം നല്‍കും. പാക്കിസ്ഥാനിലെ മുന്‍മന്ത്രി മിര്നവാസ്ഖാന് മാര്‍വത്ത് വിശിഷ്ടാതിഥിയും ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണിയും എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യാതിഥികളുമായിരിക്കും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
31ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന കൃഷി വ്യവസായ സമ്മേളനം കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരിക്കും. 31ന് 3.30ന് നടക്കുന്ന ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
31ന് വൈകുന്നേരം 5ന് നടക്കുന്ന സാഹിത്യസമ്മേളനം സി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കെ.എല്‍.മോഹനവര്‍മ അധ്യക്ഷനായിരിക്കും. ജനുവരി ഒന്നിന് രാവിലെ 10ന് നടക്കുന്ന ശ്രീനാരായണ പ്രസ്ഥാന സംഗമസമ്മേളനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കും. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മുഖ്യാതിഥിയും മുന്‍മന്ത്രി സി.വി.പത്മരാജന് മുഖ്യപ്രഭാഷകനുമായിരിക്കും. ഒന്നിന് ഉച്ചയ്ക്ക് 1ന് നടക്കുന്ന യുവജന സമ്മേളനം മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരിക്കും. ഒന്നിന് വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനം മേഘാലയ ഗവര്‍ണര്‍ രഞ്ചിത്ത് ശേഖര്‍ മുഷാഹരി ഉദ്ഘാടനം ചെയ്യും.
കര്‍ണാടക മുഖ്യമന്ത്രി ജഗദീശ് ശിവപ്പ ഷെട്ടാര്‍ അധ്യക്ഷനായിരിക്കും. കര്‍ണാടക മന്ത്രി കഗേരി വിശ്വേശ്വരഹെഗ്ഡി മുഖ്യാതിഥിയായിരിക്കും. സ്വാമി പരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി ഗുരുപ്രസാദ് നന്ദിയും പറയും. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 25മുതല്‍ ജനുവരി 2വരെ ശിവഗിരിയില്‍ നടക്കുന്ന പ്രദര്‍ശനം “ശിവഗിരി എക്സ്പോ 80” 24ന് വൈകുന്നേരം കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും.
ധര്‍മസംഘം ട്രസ്റ്റ് സംഘടിപ്പിച്ചിട്ടുള്ള പദയാത്ര 14ന് പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. പത്രസമ്മേളനത്തില്‍ ശ്രീനാരായണധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, മീഡിയ ചെയര്മാന് ആര്.മോഹന്‍രാജ്, വൈസ് ചെയര്മാന് ജി.ഷാജി എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: