ഗുജറാത്തില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Thursday 13 December 2012 1:32 pm IST

അഹമ്മദാബാദ്‌: ഗുജറാത്ത്‌ നിയമസഭയിലേക്കുള്ള ആദ്യഘട്ടവോട്ടെടുപ്പ്‌ തുടങ്ങി. 182 അംഗ നിയമസഭയിലെ 87 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ്‌ ഇന്ന്‌ നടക്കുന്നത്‌. 21,261 പോളിംഗ്‌ ബൂത്തുകളിലായി രാവിലെ എട്ടു മണിയോടെയാണ്‌ വോട്ടെടുപ്പ്‌ തുടങ്ങിയത്‌. അഞ്ചു മണിയോടെ പോളിംഗ്‌ പൂര്‍ത്തിയാകും. 846 സ്ഥാനാര്‍ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. ഇതില്‍ 46 പേര്‍ വനിതാ സ്ഥാനാര്‍ഥികളാണ്‌. 1.81 കോടി വോട്ടര്‍മാര്‍ ഇവരുടെ വിധിയെഴുതും. കേശുഭായ്‌ പട്ടേല്‍, നിയമസഭാസ്പീക്കര്‍ ഗണപത്‌ വാസവ, ഗുജറാത്ത്‌ ബിജെപി പ്രസിഡന്റ്‌ ആര്‍.സി.ഫല്‍ഡു കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ അര്‍ജ്ജുന്‍ മോദ്‌വാദിയ തുടങ്ങിയവര്‍ ഇന്ന്‌ ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. സൗരാഷ്ട്ര മേഖലയിലുള്‍പ്പെടുന്ന ഏഴ്‌ ജില്ലകളിലെ 48 മണ്ഡലങ്ങളിലും ദക്ഷിണ ഗുജറാത്തില്‍ അഞ്ചു ജില്ലകളിലായുള്ള 35 സീറ്റുകളിലും അഹമ്മദാബാദ്‌ ജില്ലയിലെ നാലിടത്തുമാണ്‌ വോട്ടെടുപ്പ്‌. 87 സീറ്റുകളിലും ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്‌. കോണ്‍ഗ്രസ്‌ 84 സീറ്റിലും കേശുഭായി പട്ടേലിന്റെ ഗുജറാത്ത്‌ പരിവര്‍ത്തന്‍ പാര്‍ട്ടി 83 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്‌. പതിനേഴിനാണ്‌ രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുക. 20ന്‌ വോട്ടെണ്ണല്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.