ഉപഗ്രഹ വിക്ഷേപണം തുടരുമെന്ന്‌ ഉത്തരകൊറിയ

Friday 14 December 2012 11:32 am IST

ടോക്കിയോ: ഉപഗ്രഹ വിക്ഷേപണം ഉള്‍പ്പെടെയുള്ള ബഹിരാകാശ ദൗത്യങ്ങള്‍ തുടരുമെന്ന്‌ ഉത്തരകൊറിയന്‍ നേതാവ്‌ കിം ജോംഗ്‌ ഉന്‍ പ്രഖ്യാപിച്ചു. ലോകരാജ്യങ്ങളുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ കഴിഞ്ഞദിവസം ഉത്തരകൊറിയ ദീര്‍ഘദൂര റോക്കറ്റ്‌ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇനിയും ഇത്തരം ദൗത്യങ്ങള്‍ തുടരുമെന്ന്‌ കിം ജോംഗ്‌ ഉന്‍ വ്യക്തമാക്കിയത്‌. രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക വളര്‍ച്ചയ്ക്കു ഇതു കൂടിയേതീരു. സമാധാനപരമായ ആവശ്യങ്ങള്‍ക്കു ബഹിരാകാശ ദൗത്യങ്ങള്‍ നടത്താന്‍ രാജ്യത്തിനു എല്ലാവരെയും പോലെ അവകാശമുണ്ട്‌. രാജ്യത്തിന്റെ ശാസ്ത്രമേഖലയുടെ വളര്‍ച്ചയ്ക്കായി ഇനിയും ഉപഗ്രഹ വിക്ഷേപണങ്ങള്‍ നടത്തുമെന്ന്‌ ഉന്‍ പറഞ്ഞു. ബുധനാഴ്ച ചോല്‍സാന്‍ കൗണ്ടിയിലെ സൊഹേ സ്പേസ്‌ സെന്ററില്‍നിന്ന്‌ ഉന്‍ഹാ-3 റോക്കറ്റ്‌ ഉപയോഗിച്ച്‌ വിക്ഷേപിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഈ വിക്ഷേപണത്തിന്റെ വിജയാഘോഷ റാലിക്കായി ആയിരങ്ങള്‍ ഇന്ന് തലസ്ഥാനമായ പ്യോങ്യാങില്‍ തടിച്ചുകൂടി. ഔദ്യോഗിക ടെലിവിഷന്‍ ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇതൊക്കെയാണെങ്കിലും ദീര്‍ഘദൂര ആണവ മിസെയില്‍ വികസിപ്പിക്കുകയാണ്‌ ഉത്തരകൊറിയയുടെ യഥാര്‍ഥ ലക്ഷ്യമെന്നും അതിനുള്ള മറയാണ്‌ റോക്കറ്റ്‌ പരീക്ഷണമെന്നും അയല്‍രാജ്യങ്ങളും യുഎസും ആരോപിക്കുന്നു. യു.എന്‍.രക്ഷാസമിതി റോക്കറ്റ് വിക്ഷേപണത്തെ അപലപിച്ചിരുന്നു. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ യു.എന്‍.പാസാക്കിയ പ്രമേയങ്ങളുടെ ലംഘനമാണ് ഇതുവഴി ഉത്തരകൊറിയ നടത്തിയിരിക്കുന്നതെന്ന് രക്ഷാസമിതി വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.