രമേശനെ പരസ്യമായി ശാസിക്കാന്‍ ശുപാര്‍ശ

Sunday 19 June 2011 11:46 am IST

കാഞ്ഞങ്ങാട്‌: മകള്‍ എ.ആര്‍.ആര്യക്ക്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ അരക്കോടി രൂപ നല്‍കേണ്ടുന്ന എംബിബിഎസ്‌ സീറ്റ്‌ എന്‍ആര്‍ഐ ക്വാട്ടയില്‍ തരപ്പെടുത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ വി.വി.രമേശനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്‌ ശുപാര്‍ശ ചെയ്തതായി അറിയുന്നു.
കാഞ്ഞങ്ങാട്‌ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗമാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌. രമേശനെതിരെയുള്ള അച്ചടക്ക നടപടി എന്തായിരിക്കണമെന്നതിനെക്കുറിച്ച്‌ വിശദമായ ചര്‍ച്ചകള്‍ നടന്നു. രമേശനെ തരംതാഴ്ത്തണമെന്ന ശക്തമായ ആവശ്യം യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അച്ചടക്ക നടപടി വേണമെന്ന തീരുമാനം സിപിഎം സെക്രട്ടറിയേറ്റ്‌ തത്വത്തില്‍ തീരുമാനിച്ച സാഹചര്യത്തില്‍ തീരുമാനം പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും.
ജൂണ്‍ 25ന്‌ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സെക്രട്ടറിയേറ്റിന്റെ തീരുമാനം പാര്‍ട്ടി സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യും.
രമേശനെതിരെ എന്ത്‌ നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ അന്തിമമായ തീരുമാനമുണ്ടാകും. രമേശനെ പരസ്യമായി താക്കീത്‌ ചെയ്യാനുള്ള സെക്രട്ടറിയേറ്റ്‌ യോഗത്തിന്റെ ധാരണ ജില്ലാ കമ്മിറ്റി യോഗത്തില്‍ തിരുത്തപ്പെടാനും ഇടയുണ്ട്‌.
അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ രമേശനെ തരംതാഴ്ത്തുന്നതിനുള്ള തീരുമാനവും പ്രതീക്ഷിക്കാം. ലോക്കല്‍ കമ്മിറ്റിയിലേക്കോ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്കോ രമേശന്‍ തരംതാഴ്ത്തപ്പെട്ടേക്കോമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്‌.
സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ കെ.പി.സതീഷ്‌ ചന്ദ്രന്‌ പുറമെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.കെ.നാരായണന്‍, കെ.കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരിപ്പൂര്‍) കെ.ബാലകൃഷ്ണന്‍, അഡ്വ.പിരാഘവന്‍, എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.രാജഗോപാലന്‍, പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ.സി.എച്ച്‌.കുഞ്ഞമ്പു യോഗത്തിനെത്തിയില്ല.
അതിനിടെ രമേശനെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ സ്ഥാനത്തുനിന്ന്‌ നീക്കാന്‍ സംസ്ഥാന നേതൃത്വം ധാരണയിലെത്തിയതായി അറിയുന്നു. അടുത്ത മാസം ആദ്യം ചേരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗം പ്രായപൂര്‍ത്തി കടന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി രമേശനെ ട്രഷറര്‍ സ്ഥാനത്തു നിന്ന്‌ ഒഴിവാക്കിയേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.