താലൂക്ക്‌ ആശുപത്രികളില്‍ ഡയാലിസിസ്‌ സെന്ററുകള്‍ ആരംഭിക്കും: മന്ത്രി ശിവകുമാര്‍

Saturday 15 December 2012 11:32 pm IST

കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക്‌ ആശുപത്രികളിലും ഡയാലിസിസ്‌ സെന്ററുകള്‍ ആരംഭിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. ആറു മാസം കൊണ്ട്‌ ജന്‍റിക്‌ മരുന്നുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ലഭ്യമാക്കും. നിലവില്‍ മരുന്നുകള്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ കാരുണ്യ വഴി മരുന്നുകള്‍ ലഭ്യമാക്കണമെന്ന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പരിപാലന രംഗത്ത്‌ സംസ്ഥാനം മുന്നിലാണെങ്കിലും ജീവിതശൈലീരോഗ നിയന്ത്രണത്തില്‍ വെല്ലുവിളികള്‍ നിലനില്‍കുന്നുണ്ട്‌. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്‌. 30 വയസിനും 60 വയസിനും ഇടയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 52 ശതമാനവും ജീവിതശൈലീരോഗങ്ങള്‍ കൊണ്ടാണ്‌. ഈ മരണ നിരക്ക്‌ കുറക്കുന്നതിനാണ്‌ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്‌. ജനങ്ങളില്‍ അവബോധം സൃഷ്ടിച്ച്‌ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ, ഹോമിയോ മേഖലകളില്‍ ആവശ്യമായ നൂതനചികിത്സകള്‍ ലഭ്യമാക്കുന്നതിന്‌ നടപടിയെടുക്കും. എറണാകുളം ജനറല്‍ ആശുപത്രയിലെ എംആര്‍ഐ സ്കാനിംങ്ങ്‌ സെന്റര്‍ ഉദ്ഘാടനം ഉടനുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാവിലെ 9.50ന്‌ എറണാകുളം ഗവ.ഗസ്തൗസ്‌ മുതല്‍ ജനറല്‍ ആശുപത്രി വരെ ജീവിതശൈലീരോഗ നിയന്ത്രണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിയുള്ള സന്ദേശറാലി നടന്നു. ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ ലോഗോ പ്രകാശനം മന്ത്രി കെ.ബാബു നിര്‍വഹിച്ചു. 'അമൃതം ആരോഗ്യം' എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ നാമകരണം ഡൊമിനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മണി, ലൂഡി ലൂയിസ്‌ എംഎല്‍എ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌, ഡിഎംഒ ഡോ.എം.ഐ.ജുനൈദ്‌ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.