പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല - മുഖ്യമന്ത്രി

Monday 17 December 2012 1:08 pm IST

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവജനസംഘടനകളുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കൂ. സംസ്ഥാനത്ത് നിയമനനിരോധനമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കെ. മുരളീധരന്‍ എംഎല്‍എ നല്‍കിയ കത്ത്‌ തന്റെ പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഐ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ്‌ മുരളി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരേ തല്‍ക്കാലം നടപടി വേണ്ടെന്നാണ്‌ സര്‍ക്കാര്‍ നിലപാടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് അനധികൃത മണല്‍വാരല്‍ തടയാന്‍ നിയമനിര്‍മാണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മണല്‍വാരല്‍ നദികളുടെ നാശത്തിന്‌ കാരണമാകുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. മണല്‍വാരലിന്റെ മറവില്‍ ഗുണ്ടാ പ്രവര്‍ത്തനവും വ്യാപിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. ശാശ്വതമായ പരിഹാരമെന്ന നിലയിലാണ്‌ സര്‍ക്കാര്‍ നിയമനിര്‍മാണം ആലോചിക്കുന്നത്‌. ആവശ്യമെങ്കില്‍ സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള അഥോറിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.