ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

Monday 17 December 2012 10:44 pm IST

ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ വസന്ത്‌വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിന്‌ ഇരയായി. രാത്രിയിലാണ്‌ സംഭവം. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ദല്‍ഹി യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23 കാരിയെ അഞ്ചംഗസംഘം മാനഭംഗപ്പെടുത്തിയതിനുശേഷം ബസിനു പുറത്തേക്ക്‌ തള്ളിയിടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ സഫ്ദര്‍ജംഗ്‌ ആശുപത്രിയിലാണ്‌. മുഖ്യപ്രതി ബസ്‌ ഡ്രൈവര്‍ റാംസിംഗ്‌ പോലീസ്‌ പിടിയിലായി. മുനീര്‍കയില്‍ നിന്ന്‌ പാലം എന്ന സ്ഥലത്തേക്ക്‌ പോകുന്നതിനായി ഞായറാഴ്ച രാത്രി 11 മണിയോടെ വിദ്യാര്‍ത്ഥിയും സുഹൃത്തും ഒരു സ്വകാര്യബസില്‍ കയറിയത്‌. ഇതിനിടെ ബസിലുണ്ടായിരുന്ന ചിലര്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ ആരംഭിച്ചു. ഇത്‌ ചോദ്യം ചെയ്ത സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും ആയിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതിനുശേഷം മഹിപാല്‍ ഫൈഓവറിന്‌ സമീപം വെച്ച്‌ ഇരുവരെയും ബസില്‍ നിന്ന്‌ പുറത്തേക്ക്‌ തള്ളിയിടുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്‌ ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്‌. സുഹൃത്ത്‌ അറിയിച്ച ഉടന്‍ പോലീസെത്തിയാണ്‌ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നാലു പേരെ പിടികൂടിയതായി പോലീസ്‌ അറിയിച്ചു. എന്നാല്‍ ഇവര്‍ തന്നെയാണോ കൃത്യം ചെയ്തതെന്ന്‌ വ്യക്തമല്ല. സംശയത്തിന്റെ പേരിലാണ്‌ നാലു പേരെയും കസ്റ്റഡിയിലെടുത്തത്‌. പെണ്‍കുട്ടി സഞ്ചരിച്ചെന്ന്‌ സംശയിക്കുന്ന രണ്ട്‌ ബസുകളും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായതിനാല്‍ മൊഴിയെടുക്കാനായിട്ടില്ല. വിഷയം മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തുമായി സംസാരിക്കുമെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ മമ്മ്ത ശര്‍മ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തലസ്ഥാനത്ത്‌ ആവര്‍ത്തിക്കുകയാണെന്നും ഭരണാധികാരികളുടെയും പോലീസിന്റെയും അശ്രദ്ധയാണിതിന്‌ കാരണമെന്നും അവര്‍ പറഞ്ഞു.അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അന്തരികാവയവങ്ങള്‍ക്ക്‌ കാര്യമായ ക്ഷതമേറ്റിട്ടുണ്ട്‌.വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരിക്കുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.