ദല്‍ഹിയിലെ കൂട്ടമാനഭംഗം: മൂന്നു പേര്‍ അറസ്റ്റില്‍

Tuesday 18 December 2012 12:41 pm IST

ന്യൂദല്‍ഹി: ദല്‍ഹി വസന്ത് വിഹാറില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ രാംസിങ്ങ് സഹോദരന്‍ മുകേഷ്, കാലു എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ദല്‍ഹി ആര്‍കെ പുരം മേഖലയിലെ ഒരു വീട്ടില്‍ നിന്നുമാണ്‌ പോലീസ്‌ രാംസിംങിനെ അറസ്റ്റ്‌ ചെയ്തത്‌. സംഭവം നടക്കുന്ന സമയത്ത് മുകേഷാണ് ബസ് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് രാംസിങ്ങും കൂട്ടാളികളായ മറ്റ് നാല് പേരും മദ്യപിച്ച് ബസിലുണ്ടായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ രാംസിങ് പോലീസിനോട്‌ വെളിപ്പെടുത്തി. ഇവര്‍ക്കായി പോലീസ്‌ ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്‌. ഞായറാഴ്ച രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞത്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെയും പുറത്തെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ദല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന്‌ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. ഡെറാഡൂണില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പരിശീലനത്തിന്റെ ഭാഗമായാണ് ദല്‍ഹിയിലെത്തിയത്. പെണ്‍കുട്ടിയെ ആദ്യം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന്‌ സഫ്ദര്‍ജംഗ്‌ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.