ജില്ലാ നേതാവിനെതിരെ ലൈംഗികാരോപണം: സിപിഎമ്മില്‍ ചേരിപ്പോര്‌

Saturday 23 July 2011 10:32 pm IST

കൊച്ചി: സിപിഎമ്മിന്റെ മറ്റൊരു ജില്ലാ നേതാവുകൂടി ലൈംഗികാരോപണ വിവാദത്തില്‍. സംഭവത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനമാവാതെ പിരിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ്‌ ചേര്‍ന്നത്‌. യോഗത്തില്‍ പിണറായി പക്ഷവും വിഎസ്‌ പക്ഷവും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു. വാക്കേറ്റം രൂക്ഷമായതോടെ തീരുമാനം സംസ്ഥാന കമ്മറ്റിക്ക്‌ വിടുന്നതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചശേഷം വൈകിട്ട്‌ ആര്‍മണിയോടെ അദ്ദേഹം യോഗസ്ഥലം വിട്ടു. ഇന്നലെ രാവിലെ 10 മണിയോടെ ലെനിന്‍ സെന്ററിലായിരുന്നു യോഗം.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക്‌ പകരം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്‌ ജില്ലാ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്‌. കൊച്ചിയിലെ ഒരു അഭിഭാഷകയുമായി ഈ മുതിര്‍ന്ന നേതാവിന്‌ അവിഹിത ബന്ധമുണ്ടെന്നാണ്‌ ഉയര്‍ന്നിട്ടുള്ള ആരോപണം. പാര്‍ട്ടി നേതൃത്വത്തിന്‌ ഇത്‌ സംബന്ധിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ജില്ലാ നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തത്‌.
നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന്‌ ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജില്ലാ നേതാവിനെതിരെ നടപടി വേണമെന്ന്‌ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതാക്കളില്‍ നിന്നും ആരാഞ്ഞു. വിവരങ്ങള്‍ പരസ്യമാക്കരുതെന്ന്‌ പിണറായി നേതാക്കള്‍ക്ക്‌ നിര്‍ദേശം നല്‍കി.എന്നാല്‍ യോഗശേഷം പുറത്തിറങ്ങിയ പിണറായി വിജയനോട്‌ ഇക്കാര്യം ചോദിച്ചപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയവും ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും നിങ്ങള്‍ ഊഹിക്കുന്ന കാര്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു പ്രതികരണം. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയില്‍പ്പെട്ട പാര്‍ട്ടി ഭാരവാഹികള്‍ പലരും ഇതേക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായും പറയപ്പെടുന്നുണ്ട്‌.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം സംഭവത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്തെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കാര്യങ്ങള്‍ രഹസ്യമായി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരത്തിന്റെ ഫലമായി കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. ഇതാണ്‌ പാര്‍ട്ടിയെ വീണ്ടും ലൈംഗികാരോപണത്തില്‍ കുടുക്കിയിരിക്കുന്നത്‌. വിഎസ്‌ പക്ഷവും പിണറായി പക്ഷവും തമ്മിലുള്ള ഗ്രൂപ്പ്‌ വഴക്കാണ്‌ ആരോപണങ്ങള്‍ക്ക്‌ പിന്നിലെന്നും ആക്ഷേപമുണ്ട്‌. ആരോപണം ആസൂത്രിതമാണെന്ന്‌ എതിര്‍പക്ഷം ആരോപിക്കുന്നു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശി ലൈംഗിക ആരോപണത്തെ തുടര്‍ന്ന്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തായതിന്‌ പിന്നാലെ മറ്റൊരു നേതാവുകൂടി പുറത്താവുമെന്നാണ്‌ സൂചന. സിപിഎമ്മിന്റെ രണ്ട്‌ പ്രാദേശിക നേതാക്കള്‍ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടതിന്റെ പിന്നാലെയാണ്‌ ഈ കടുത്ത തലവേദനയും പാര്‍ട്ടിക്ക്‌ ഭാരമായി വന്നിട്ടുള്ളത്‌. ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട്‌ സിപിഎമ്മിന്‌ കടുത്ത പരീക്ഷണമാണ്‌ നേരിടേണ്ടിവന്നിട്ടുള്ളത്‌.
സ്വന്തം ലേഖകന്‍