നാല്പാടി വാസു കേസില്‍ തിരുവഞ്ചൂര്‍ നയം വ്യക്തമാക്കണം - കെ.സുധാകരന്‍

Wednesday 19 December 2012 2:23 pm IST

ന്യൂദല്‍ഹി: നിയമപരമായി തനിക്കെതിരെയുണ്ടാകുന്ന ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്നു കെ. സുധാകരന്‍ എംപി. നാല്പാടി വാസു കൊലക്കേസ് പുനരന്വേഷിക്കുന്ന കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നയം വ്യക്തമാക്കണമെന്നും കെ.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കാത്തതിനാലാണ് നിയമസഭയില്‍ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാല്‍പാടി വാസു വധക്കേസിലും സേവറി ഹോട്ടല്‍ ആക്രമണക്കേസിലും സുധാകരനെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഇന്നലെ നിയമസഭ ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഇക്കാര്യം ശക്തമായ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു സുധാകരന്‍ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരായ കേസുകള്‍ ഉയര്‍ത്തി യുഡിഎഫ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കേണ്ട. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷിച്ചാല്‍ കോടിയേരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ആജീവനാന്തകാലം ജയിലില്‍ കഴിയേണ്ടി വരും. ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചന വിപുലമായ അന്വേഷിക്കണം. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട സലീം, സജീവന്‍ വധങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കണം. ഇവരുടെ മരണത്തിനു പിന്നില്‍ സിപിഎമ്മാണെന്നു കുടുംബാംഗങ്ങള്‍ ആരോപിച്ചിട്ടുണ്ടെന്നു സുധാകരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.