ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ഹൈക്കോടതിയില്‍

Wednesday 19 December 2012 4:38 pm IST

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നടപടി സ്വീകരിക്കണമെന്ന്‌ സിബിഐ നിര്‍ദേശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ക്കതിരേ നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്നാണ്‌ നിലവിലെ സര്‍ക്കാര്‍ തീരുമാനമെന്ന്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഹര്‍ജി. 1994 ലാണ്‌ ചാരക്കേസ്‌ ഉണ്ടായത്‌. കേസില്‍ പ്രതിസ്ഥാനത്തായിരുന്ന നമ്പി നാരായണനെ പിന്നീട്‌ കുറ്റവിമുക്തനാക്കിയിരുന്നു. 10 ലക്ഷം രൂപ നമ്പി നാരായണന്‌ നഷ്ടപരിഹാരമായി നല്‍കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും നമ്പി നാരായണന്‍. നമ്പി നരായണനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനു നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മകന്‍ കെ. മുരളീധരന്‍ എംഎല്‍എ രംഗത്തു വന്നിരുന്നു. കുറ്റക്കാരെന്നു സിബിഐ ചൂണ്ടിക്കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മുരളീ‍ധരന്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തോടെ ഇതില്‍ മുന്നോട്ടു പോകാനാകാത്ത സ്ഥിതി വന്നു. പാര്‍ട്ടി താത്പര്യം മുന്‍ നിര്‍ത്തി കേസുമായി മുന്നോട്ടു പോകരുതെന്ന കോണ്‍ഗ്രസ് സമ്മര്‍ദവും ഇതിനു കാരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.