നോര്‍വെയില്‍ കൂട്ടക്കൊല

Saturday 23 July 2011 10:35 pm IST

നോര്‍വെ: നോര്‍വെ ദ്വീപിലെ ഒരു യൂത്ത്ക്യാമ്പിന്‌ നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 91 ആയി.
തലസ്ഥാനമായ ഓസ്ലോയില്‍ ബോംബാക്രമണമുണ്ടായി മണിക്കൂറുകള്‍ക്കുശേഷമാണ്‌ സംഭവം. വെള്ളിയാഴ്ചത്തെ ആക്രമണത്തോടനുബന്ധിച്ച്‌ പോലീസ്‌ ആന്റേഴ്സ്‌ ബെറിംഗ്‌ ബ്രിവിക്‌ എന്ന ഒരു നോര്‍വീജിയക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഓസ്ലോ നഗരത്തിന്‌ പുറത്ത്‌ ഉട്ടോയ ദ്വീപില്‍നിന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. ഒസ്ലോ ബോംബാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുമെന്ന്‌ പ്രധാനമന്ത്രി ജെന്‍സ്‌ സ്റ്റോള്‍ട്ടന്‍ബര്‍ഗ്‌ അറിയിച്ചു. ദേശീയ ദുരന്തമാണ്‌ ഈ ആക്രമണമെന്ന്‌ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ആക്രമണങ്ങള്‍ ഒരു പേടിസ്വപ്നമാണെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരത്തിലുള്ള ഒരു ദുരന്തരം രണ്ടാംലോക മഹായുദ്ധത്തിനുശേഷം രാജ്യം നേരിട്ടിട്ടില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനുശേഷം യുവാക്കളുടെ ഈ പറുദീസ ഒരു നരകമായി മാറിയെന്ന്‌ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. താനും അങ്ങോട്ട്‌ പോകാനിരുന്നതാണ്‌.
ആക്രമണത്തില്‍ മരിച്ച പലരേയും തനിക്കറിയാം. പോലീസ്‌ അന്വേഷണം നടത്തുന്നതിനാല്‍ മറ്റ്‌ വിശദാംശങ്ങള്‍ അറിയിക്കുന്നില്ല. ആക്രമണത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ എന്തെങ്കിലും പറയാന്‍ ഇപ്പോള്‍ കഴിയില്ല. ഭീകരവാദ ഗ്രൂപ്പുകളൊന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പിടിയിലായ ആള്‍ക്ക്‌ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്നാണ്‌ പ്രാദേശിക പത്രങ്ങള്‍ പറയുന്നത്‌. അന്‍ഡേഴ്സ്‌ ബെഹറിംഗ്‌ ബ്രെവിക്‌ എന്നാണ്‌ അയാളുടെ പേരെന്നറിയുന്നു. അയാളുടെ ഓസ്ലോവിലെ വസതിയില്‍ പോലീസ്‌ രാത്രി തെരച്ചില്‍ നടത്തി.
അതേസമയം, നോര്‍വെക്ക്‌ ഭീകരസംഘടനകളില്‍നിന്ന്‌ കാര്യമായ ഭീഷണിയുണ്ടാവാന്‍ സാധ്യതയില്ലെന്ന്‌ ബിബിസി അറിയിച്ചു. ലേബര്‍ പാര്‍ട്ടി സംഘടിപ്പിച്ച ഒരു വേനല്‍ ക്യാമ്പില്‍ നൂറുകണക്കിന്‌ യുവാക്കള്‍ പങ്കെടുത്തിരുന്നു. ഉയരംകൂടിയ പോലീസ്‌ വേഷധാരിയായ മനുഷ്യന്‍ ഓര്‍ക്കാപ്പുറത്ത്‌ നിറയൊഴിക്കുകയായിരുന്നു. വെടിയുണ്ടകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ വെള്ളത്തിലേക്ക്‌ ചാടി. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കു നേരെ അക്രമി വെടിവക്കുകയായിരുന്നു. സംഭവസ്ഥലത്ത്‌ പോലീസ്‌ അന്വേഷണം തുടങ്ങിയെങ്കിലും കുറ്റവാളിയെ കണ്ടെത്തുന്നതിനുള്ള നടപടികളെക്കുറിച്ച്‌ അറിവായിട്ടില്ല. ദ്വീപിലെ പല ഭാഗത്തും തെരച്ചില്‍ നടത്തിയ പോലീസിനും ആക്രമണത്തിന്‌ വിധേയരായ പലരേയും കണ്ടെത്താനായിട്ടുണ്ട്‌. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന്‌ പോലീസ്‌. ജലാശയം തെരയുകയാണെന്നും വാര്‍ത്താലേഖകര്‍ അറിയിച്ചു. ഒരു കൈത്തോക്കും ഓട്ടോമാറ്റിക്‌ തോക്കും ആക്രമണകാരിയുടെ കൈയിലുണ്ടെന്ന്‌ ഒരു വാര്‍ത്താലേഖകന്‍ പറഞ്ഞു. ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കാണ്‌ താന്‍ എത്തിയതെന്ന്‌ പോലീസ്‌ വേഷധാരി പറഞ്ഞു. കടത്തുബോട്ടിലാണ്‌ അയാള്‍ ദ്വീപിലെത്തിയത്‌, ബിബിസി ലേഖകന്‍ അറിയിച്ചു. ആളുകളോട്‌ കൂട്ടമായി നില്‍ക്കാന്‍ ആവശ്യപ്പെട്ടശേഷം അയാള്‍ നിറയൊഴിക്കുകയായിരുന്നു. ചെറുപ്പക്കാര്‍ മരങ്ങള്‍ക്കിടയിലും ചെടികള്‍ക്കിടയിലും ഒളിച്ചു. ചിലര്‍ ദ്വീപില്‍നിന്ന്‌ നീന്തിപ്പോയി. അക്രമി ആദ്യം ദ്വീപില്‍ തനിക്കുചുറ്റും നിന്ന ആളുകളെ വെടിവെക്കുകയായിരുന്നു. അതിനുശേഷമാണ്‌ നീന്തുന്നവര്‍ക്കെതിരെ വെടിയുതിര്‍ത്തത്‌, ക്യാമ്പംഗമായ ഏലിയാസ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.
പ്രധാനമന്ത്രി കഴിഞ്ഞദിവസം അവിടം സന്ദര്‍ശിക്കേണ്ടതായിരുന്നു. വിദേശകാര്യമന്ത്രി ജോനാസ്‌ ഖര്‍സ്റ്റോര്‍ വ്യാഴാഴ്ച ക്യാമ്പ്‌ സന്ദര്‍ശിച്ച്‌ പങ്കെടുത്തവരെ അഭിനന്ദിച്ചിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ജനങ്ങളോട്‌ വീടുകളില്‍ തങ്ങാനും നഗരത്തിന്റെ കേന്ദ്രഭാഗങ്ങളില്‍ കൂട്ടംകൂടുന്നത്‌ ഒഴിവാക്കാനും നിര്‍ദേശം നല്‍കി. വെള്ളിയാഴ്ചത്തെ സ്ഫോടനത്തിന്റെ ചിതറിയ ലോഹക്കമ്പികളും പൊട്ടിയ ഗ്ലാസ്‌ കഷ്ണങ്ങളുംകൊണ്ട്‌ വീഥി നിറഞ്ഞിരുന്നു. സ്ഫോടനസ്ഥലത്തുനിന്നും കനത്ത പുക ആകാശത്തേക്കുയര്‍ന്നതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന്‌ സംശയിക്കപ്പെടുന്നുണ്ട്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.