കെ.സുധാകരനെതിരായ വിജിലന്‍സ് കേസ് പിന്‍‌വലിച്ചു

Friday 21 December 2012 2:55 pm IST

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത്‌ നേരില്‍ കണ്ടുവെന്ന വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ കെ. സുധാകരന്‍ എംപിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്‌ വിജിലന്‍സ് കേസ് പിന്‍വലിച്ചു. ഇതേ കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ കേസ് നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന വിജിലന്‍സ് വാദം അംഗീകരിച്ചാണു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി. സുധാകരനെതിരായി കേസെടുക്കാന്‍ കൂടുതല്‍ തെളിവില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും കേസില്‍ തുടരന്വേഷണം നടത്തണമെന്നുമുള്ള ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. സംഭവം നടന്നതു ദല്‍ഹിയിലാണെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നു വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച എല്ലാ നടപടികളും അവസാനിപ്പിക്കുകയാണെന്നു കോടതി വ്യക്തമാക്കി. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തിലാണ് ജഡ്ജിമാര്‍ കൈക്കൂലി നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്ന് സുധാകരന്‍ പ്രസംഗിച്ചത്. 21 ബാര്‍ ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ 15 വര്‍ഷം മുന്‍പു ദല്‍ഹി കേരള ഹൗസില്‍വച്ചു 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു സാക്ഷിയാണെന്നായിരുന്നു പരാമര്‍ശം. ഇതേത്തുടര്‍ന്നാണു സുധാകരനെതിരേ മുന്‍സര്‍ക്കാരിന്‍റെ കാലത്തു അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസെടുത്തത്. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും മറച്ചു വച്ചെന്നായിരുന്നു കുറ്റം ചുമത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.