എംസിറോഡിലെ ഗതാഗതക്കുരുക്ക്‌ : നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷയെഴുതാനായില്ല

Saturday 23 July 2011 11:44 pm IST

കോട്ടയം: എംസി റോഡിലെ ഗതാഗതക്കുരുക്കിന്‌ ഇനിയും പരിഹാരമായില്ല. ഇന്നലെ ഒരുമണിയോടെ പുളിമൂട്‌ ജംഗ്ഷനില്‍ നടുറോഡില്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ തകരാറിലായി നിന്നുപോയതോടെ ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ വാഹനങ്ങള്‍ എംസിറോഡില്‍ മണിക്കൂറുകളോളം കുടുങ്ങി. ഇതുമൂലം പരീക്ഷയെഴുതാനെത്തിയ മുപ്പത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിനൊടുവില്‍ കെഎസ്‌ആര്‍ടിസി കോട്ടയം ഡിപ്പോയില്‍ നിന്നെത്തിയ വാഹനത്തില്‍ കെട്ടിവലിച്ച്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ കൊണ്ടുപോയതിനുശേഷമാണ്‌ ഗതാഗതക്കുരുക്കഴിഞ്ഞത്‌. സ്റ്റാര്‍ ജംഗ്ഷന്‍ മുതല്‍ പുളിമൂട്‌ ജംഗ്ഷന്‍വരെയുള്ള എംസിറോഡിലെ പൊതുമരാമത്തിണ്റ്റെ ഗട്ടറും, വാട്ടര്‍ അതോറിട്ടിയുടെ വെള്ളക്കെട്ടും നഗരത്തെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. ഫുട്പാത്തില്ലാത്തതിനാല്‍ കാല്‍നടക്കാര്‍ അനുഭവിക്കുന്ന ദുരിതവും തുടരെയുണ്ടാകുന്ന ട്രാഫിക്‌ ബ്ളോക്കും ഇനിയും അധികൃതര്‍ കാണാതെ പോകുന്നത്‌ ജനങ്ങളോടുള്ള അനീതിയാണ്‌.