'മലയാളത്തെ രക്ഷിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല'

Sunday 19 June 2011 11:48 am IST

കാഞ്ഞങ്ങാട്‌: മലയാളിയുടെ മാതൃഭാഷയായ മലയാളത്തെ രക്ഷിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലെന്നും ഈ അവസ്ഥയ്ക്ക്‌ എല്ലാവരും കാരണക്കാരാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ.എം.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. അമൃതഭാരതി വിദ്യാപീഠം കാസര്‍കോട്‌ ജില്ലാ സമിതിയുടെയും വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മലയാളം ഒന്നാംഭാഷ അനന്ത സാധ്യതകള്‍ എന്ന വിഷയത്തില്‍ വ്യാപാര ഭവനില്‍ നടന്ന സംവാദം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭാഷയും മലയാളിയും മാറിക്കൊണ്ടിരിക്കുകയാണ്‌. ഭാഷ സംരക്ഷിക്കപ്പെടണമെങ്കില്‍ ഭാഷയുടെ പ്രാദേശിക രൂപം സംരക്ഷിക്കപ്പെടണം. നാം ലോക പൗരന്മാരാകാന്‍ മലയാള ഭാഷയെ പുതു കുപ്പായമിടുവിച്ച്‌ വികൃതമാക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ഭാഷയുടെ മരണത്തിന്‌ മലയാളം അധ്യാപകരും കുറ്റക്കാരാണ്‌. ഭാഷാ പ്രയോഗം, ഭാഷാ താല്‍പ്പര്യം, വായന, എല്ലാം അന്യമായിക്കൊണ്ടിരിക്കുകയാണ്‌. മാതൃഭാഷ നിലനില്‍ക്കുന്നത്‌ ഇന്ന്‌ സാധാരണക്കാരിലാണ്‌. മലയാളം ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇത്‌ നിലനിര്‍ത്തേണ്ട ബാധ്യത കൂടി ഉണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
വത്സന്‍ പിലിക്കോട്‌, ദിനേശ്‌ മാവുങ്കാല്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു. വേലായുധന്‍ കൊടവലം മോഡറേറ്ററായിരുന്നു. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ഡോ.എം.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കാലടി ശങ്കരാചാര്യ സര്‍വ്വകലാശാല സംസ്കൃത പ്രചാരണ പരിപാടിയുടെ ഭാഗമായി കാസര്‍കോട്‌ ജില്ലയില്‍ നിന്നും മാതൃകാ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട ദുര്‍ഗ്ഗാ ഹയര്‍സെക്കെണ്ടറി സ്കൂളിനുള്ള അമൃതഭാരതിയുടെ ഉപഹാരം അമൃതഭാരതി വിദ്യാപീഠം പരീക്ഷാ സഞ്ചാലകന്‍ എം.വി.ഉണ്ണികൃഷ്ണന്‍ നല്‍കി. സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും പി.ടി.പത്മകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.