വി.എസ്‌.ഭാസ്കരപ്പണിക്കര്‍ സുഹൃത്തും കവിയും

Saturday 22 December 2012 7:27 pm IST

കഴിഞ്ഞയാഴ്ച കോട്ടയത്ത്‌ സമാപിച്ച തപസ്യ കലാ, സാഹിത്യ, സാംസ്ക്കാരിക വേദിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, അതതു രംഗങ്ങളില്‍ പ്രശസ്തരും ഉത്തിഷ്ഠമാനരുമായ അനേകം പേരെ ആദരിക്കുന്ന ചടങ്ങുകള്‍ ഉണ്ടായിരുന്നതായി മാധ്യമങ്ങളില്‍ നിന്നറിഞ്ഞു. ആദരിക്കപ്പെട്ടവരിലേറെയും എനിക്ക്‌ പരിചയമില്ലാത്തവരാണ്‌. എന്നാല്‍ വി.എസ്‌. ഭാസ്കരപ്പണിക്കര്‍ എന്ന ശ്രേഷ്ഠ കവിയുടെ ആദരണം വളരെയേറെ സന്തോഷത്തിന്‌ കാരണമായി. ഈ ആദരിക്കല്‍ ഒട്ടും നേരത്തെ ആയില്ല എന്നാണ്‌ തോന്നുന്നത്‌. എഴുത്തച്ഛന്‍ പുരസ്ക്കാരം നല്‍കാന്‍ പതിനെട്ടാമതായി അക്കിത്തത്തെ തെരഞ്ഞെടുത്തതിന്റെ സ്മരണയാണപ്പോഴനുഭവിച്ചത്‌.
പണിക്കരുചേട്ടനെ ആറുപതിറ്റാണ്ടുകളിലേറെയായി പരിചയമുള്ളതുകൊണ്ട്‌ അദ്ദേഹത്തിന്റെ കവിതകള്‍ ഏതാണ്ട്‌ മുഴുവന്‍ തന്നെ സമ്പാദിച്ചിട്ടുള്ളതുകൊണ്ടും ഒരിക്കല്‍ കൂടി അദ്ദേഹത്തെപ്പറ്റി എഴുതുകയാണ്‌. വിദ്യാഭ്യാസത്തിന്‌ ഞാന്‍ തിരുവനന്തപുരത്ത്‌ ചെന്ന 1951 ല്‍ സംഘശാഖയില്‍ പരിചയപ്പെടുന്നതിനിടയിലാണദ്ദേഹവുമായി സംസാരിക്കുന്നത്‌. വി.എസ്‌.ഭാസ്കര്‍, ഒരു ബാങ്കില്‍ ജോലിയാണ്‌ എന്ന വാക്ക്‌ മനസ്സില്‍ പതിഞ്ഞു. പിന്നെ കേസരിയിലും മറ്റും അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചുതുടങ്ങി. ഏറ്റവും ഒടുവില്‍ കണ്ടത്‌ തൊടുപുഴയില്‍ ഒരു വിവാഹാവസരത്തിലായിരുന്നു. എന്റെ ഒരു ബന്ധുവിന്റെ മകളുടെ വിവാഹത്തിന്റെ വരന്‍ പണിക്കരു ചേട്ടന്റെ അടുത്ത ബന്ധത്തിലുള്ള ആളായതിനാല്‍ അദ്ദേഹംകുടുംബസഹിതം വന്നിരുന്നു. വിവാഹനിശ്ചയസമയത്ത്‌ വീട്‌ മണിമലയ്ക്കടുത്ത്‌ കടയിനിക്കാട്ടാണെന്നറിഞ്ഞപ്പോള്‍ ഭാസ്കരപ്പണിക്കരുടെ വീടിനടുത്താണോ എന്നന്വേഷിച്ചത്‌ അദ്ദേഹത്തിന്റെ മകനോടു തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ സുഹൃത്ത്‌ ദാമോദരന്‍ നായര്‍ കൊട്ടാരക്കരയില്‍ ധന്വന്തരി വൈദ്യശാലയുടെ ബ്രാഞ്ചു മാനേജരായിരുന്നു. എന്റെ കൊച്ചമ്മയെ അദ്ദേഹം വിവാഹം കഴിച്ചു.കേരള സംസ്ഥാനപ്പിറവിക്കുശേഷം വൈദ്യശാലയുടെ പ്രവര്‍ത്തനം മലബാറിലേക്ക്‌ വ്യാപിക്കുന്നതിന്റെ ഭാഗമായി ദാമോദരന്‍ നായര്‍ കണ്ണൂരില്‍ വന്നു. ആദ്യം താമസിച്ചത്‌ കാര്യാലയത്തിലും ജില്ലാ പ്രചാരകന്‍ വി.പി.ജനേട്ടന്റെ ഒത്താശയില്‍ ആനന്ദസമാജത്തിന്റെ തളാപ്പിലെ യോഗശാലയില്‍ അദ്ദേഹത്തിന്‌ താമസസൗകര്യം കിട്ടി. ദാമോദരന്‍ നായരും അദ്ദേഹത്തിന്റെ ശ്രീലക്ഷ്മി ആയുര്‍വേദസ്ഥാപനവും കണ്ണൂരിന്റെ അവിഭാജ്യ ഭാഗമായി. കൊട്ടാരക്കരയില്‍ ഭാസ്കരപ്പണിക്കരുമൊരുമിച്ചുള്ള ഏതാനും വര്‍ഷത്തെ സഹവാസം അദ്ദേഹത്തെ സംഘത്തിന്റെ ആരാധകനാക്കിത്തീര്‍ത്തു. ബാങ്കിലെ ജോലി അവഗണിച്ചുകൊണ്ട്‌ 1948 ലെ നിരോധനത്തിനെതിരായി സംഘം നടത്തിയ സത്യഗ്രഹത്തില്‍ പങ്കെടുത്തു ജയില്‍വാസമനുഭവിച്ച പണിക്കരുചേട്ടന്‍ അദ്ദേഹത്തിന്‌ ആദരണീയനായി.
തിരുവനന്തപുരത്ത്‌ നിന്ന്‌ പണിക്കരുചേട്ടന്‍ പോയതിന്‌ ശേഷം വളരെക്കാലത്തേക്ക്‌ വിവരമൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്കും കേസരിയില്‍ വന്ന കവിതകള്‍ അദ്ദേഹം എവിടെയോ ഉണ്ട്‌ എന്ന സന്ദേശം നല്‍കിക്കൊണ്ടിരുന്നു. 1964 ല്‍ കോട്ടയം ജില്ലാ പ്രചാരകനായി പോകുമ്പോള്‍, കോട്ടയം ജില്ലയിലാണ്‌ പണിക്കരുടെ വീട്‌ എന്ന്‌ ദാമോദരന്‍ നായര്‍ പറഞ്ഞു. അഡ്രസ്സും തന്നു.
ചങ്ങനാശ്ശേരി മണിമല റൂട്ടില്‍ വെട്ടിക്കാവുങ്കല്‍ എന്ന സ്ഥലത്താണത്‌. ആള്‍ക്ക്‌ തപാല്‍ വകുപ്പിലാണ്‌ ജോലിയെന്നും അറിഞ്ഞു. പെരുന്ന ഹിന്ദു കോളേജില്‍ പഠിക്കുന്ന സദാശിവന്‍ തിരുവല്ലാ കാവുംഭാഗക്കാരനായിരുന്നു. അവിടെ ശാഖ തുടങ്ങാനുള്ള സന്നദ്ധത കാട്ടിയപ്പോള്‍ സന്തോഷമായി. ശ്രീവല്ലഭ ക്ഷേത്രത്തില്‍ എല്ലാ രാത്രിയും കഥകളിയുണ്ടെന്നും വൈകുന്നേരം പോയാല്‍ ശാഖ കഴിഞ്ഞ്‌ കഥകളിയും കണ്ട്‌ മടങ്ങാമെന്നുമായിരുന്നു നിര്‍ദ്ദേശം. അതിനിടെ അവിടത്തെ പോസ്റ്റ്‌ മാസ്റ്റര്‍ സംഘാനുഭാവിയാണെന്ന വിവരവും കിട്ടി. അദ്ദേഹത്തെ ചെന്നു കണ്ടപ്പോഴാണ്‌ പഴയ ഭാസ്ക്കരപ്പണിക്കരാണെന്ന്‌ അറിഞ്ഞത്‌.
അദ്ദേഹവും കഥകളി പ്രിയനായിരുന്നു. അതിനാല്‍ നല്ല കളിയുള്ളപ്പോഴൊക്കെ തിരുവല്ലയ്ക്ക്‌ പോക്ക്‌ പതിവായി. പഴയ കഥകളും കഥകളി ആസ്വാദനവുമായിക്കഴിഞ്ഞു. ഒരു ദിവസം കടയിനിക്കാട്ടെ അദ്ദേഹത്തിന്റെ തയ്യില്‍ വീട്ടിലും പോയി. അന്ന്‌ ഒരു മകനാണുണ്ടായിരുന്നത്‌. അതും നര്‍മബോധത്തോടെ ങീൃ‍ല ഹീ്യ‍മഹ വേമി വേല ഗശിഴ എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്‌. 'നമ്മള്‍ രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന പ്രചാരണം സര്‍വത്രയുണ്ടായിരുന്നതിനെയായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്‌. പിന്നെ രണ്ടു മക്കള്‍ കൂടി പിറന്നത്‌ ഞാനറിഞ്ഞത്‌ വളരെനാളുകള്‍ക്കുശേഷമായിരുന്നു.
കവിതകളിലേയും സാഹിത്യത്തിലെയും ക്ലാസിക്കല്‍ ശൈലിയെയും ആധുനിക ആധുനികോത്തര പ്രവണതകളെയും ഗഹനമായി വിലയിരുത്തുന്ന ആളാണദ്ദേഹം. തന്റെ കവിതകളെല്ലാം സമാഹരിച്ചു പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുറെ ദിവസങ്ങള്‍ എളമക്കരയിലെ പ്രാന്തകാര്യാലയത്തില്‍ വന്നു താമസിച്ചു. പരമേശ്വര്‍ജിയും എം.എ.സാറുമായി ആശയവിനിമയം നടത്തി. കിട്ടാവുന്നത്ര കൃതികള്‍ സംഘടിപ്പിച്ചു. പുസ്തകത്തിന്റെ ഡമ്മി തയ്യാറാക്കി. ഞങ്ങള്‍ ഇരുവരും കാര്യാലയത്തിലെ ഒരേ മുറിയിലാണ്‌ അന്ന്‌ താമസിച്ചത്‌. ശ്രീ ഗുരുജി സാഹിത്യ സര്‍വസ്വത്തിന്റെ പ്രസിദ്ധീകരണത്തില്‍ സഹായിക്കാന്‍ അക്കാലത്ത്‌ ഞാനും കാര്യാലയത്തില്‍ ഉണ്ടായിരുന്നു. ഈ മണ്ണിന്റെ ഗീതങ്ങള്‍ എന്ന സമാഹാരം ഒരു വാസനാ സമ്പന്നന്റെ കവിതാ സപര്യതന്നെ ആയിരുന്നു.
ഞാന്‍ കോട്ടയത്തുള്ള അറുപതുകളില്‍ ഗാനാഞ്ജലിയുടെ പുതിയ പതിപ്പ്‌ തയ്യാറാക്കാന്‍ ഗാനങ്ങള്‍ ശേഖരിക്കുന്നതിന്‌ നിര്‍ദ്ദേശം വന്നു. ആകാശവാണിയുടെ ദേശഭക്തിഗാനങ്ങളില്‍നിന്ന്‌ രണ്ട്‌ ഒ.എന്‍ വികൃതികളും പണിക്കരുചേട്ടന്റെ ഹിന്ദുവൈഭവം എന്ന കൃതിയും ചേര്‍ക്കണമെന്ന അഭിപ്രായം ഹരിയേട്ടന്റെ മുന്നില്‍ വെച്ചു. "ഹിന്ദു ഞാന്‍ ജ്ഞാന സിന്ധു ഞാന്‍..." എന്നാരംഭിക്കുന്ന ഹിന്ദു വൈഭവത്തിന്റെ കോപ്പി അന്നവിടെ പ്രചാരകനായിരുന്ന മാധവന്‍ ഉണ്ണി സമ്പാദിച്ചുകൊണ്ടുവന്നു. തപാല്‍ സൂപ്രണ്ടന്റായിരുന്ന കവിയെ കണ്ട്‌ വിവരമറിയിച്ചപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായി.
കവി എന്നനിലയ്ക്ക്‌ വിഎസ്‌ ഏറെ വിലയിരുത്തപ്പെട്ടിട്ടില്ല എന്നതാണ്‌ സത്യം. ആധുനിക മലയാള സാഹിത്യത്തിന്റെ തമ്പുരാക്കന്മാര്‍ക്കും ബു.ജീ.കള്‍ക്കും രുചികരമല്ലാത്ത ആശയങ്ങളും വിഷയങ്ങളും പ്രതീകങ്ങളുമാണദ്ദേഹം കവിതയ്ക്കായി തെരഞ്ഞെടുത്തത്‌. അതില്‍ രാജ്യസ്നേഹത്തിനും ആത്മീയതക്കുമാണ്‌ സ്ഥാനം. വായിച്ചാല്‍ മനസ്സിലാകുമെന്നതാണ്‌ കവിതയുടെ ഏറ്റവും നല്ല ഗുണം. ആധുനികോത്തര കവിതയുടെ തനിമ അത്‌ വായിച്ചാല്‍ മനസ്സിലാകരുതെന്നുള്ളതാണല്ലൊ.
അനേകം നല്ല കവികള്‍ വേണ്ടത്ര പ്രകാശനാവസരവും ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങളുമില്ലായ്കയാല്‍ പ്രശസ്തി കിട്ടാതെ പോയിട്ടുണ്ടല്ലൊ. മഹാകവി കുട്ടമത്തു മുതല്‍ അങ്ങനെത്തവര്‍ ഉണ്ടായിരുന്നു. വി.എസ്‌.ഭാസ്കരപ്പണിക്കര്‍ സ്വയം പ്രശസ്തനാകാന്‍ അടവുകളെടുക്കാഞ്ഞത്‌ അപ്രശസ്തിക്ക്‌ കാരണമാവാം.
വളരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹത്തിന്റെ ഒരു കവിത കണ്ടത്‌ ദീനദയാല്‍ജി അന്തരിച്ചശേഷം കേസരിയില്‍ പ്രസിദ്ധീകരിച്ചതാണ്‌. എഴുതാതെ വയ്യ എന്ന അവസ്ഥയില്‍ ഊറി വന്ന ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു അത്‌.
നിമീലിതാക്ഷനായ്‌ മഹാമുനേ, ഭവാ- നിരുന്നുതൈലവും സുമവുമര്‍പ്പിപ്പാന്‍ തവാധര മൃദുചലനമൈക്യത്തിന്‍ ഭവിക മന്ത്രങ്ങളുരുവിട്ടീടവേ സ്ഫുടാക്ഷരമേറ്റു പറയുവാന്‍ വെമ്പി കിടാങ്ങളാം ഞങ്ങള്‍ ഗുരോ നിന്നോടൊപ്പം
കരയുന്നു ദീനദയാല, ഭാരത ധരണിയങ്ങതന്‍ മരണശയ്യയില്‍ ഹൃദയ സീമകള്‍ കവിഞ്ഞൊഴുകുമീ കദനവാരിയില്‍ മനം കുതിര്‍ന്നെങ്ങള്‍ വിയദമണ്ഡലം നിറഞ്ഞ ജോതിസ്സാ- യുയര്‍ന്ന നിന്മുമ്പില്‍ നതശിരസ്കരായ്‌ പ്രതിജ്ഞ ചെയ്യുന്നു "ജനനനിതന്‍ സേവാ പ്രവൃത്തിയില്‍ ജന്മം സമര്‍പ്പണം ചെയ്യാന്‍"
മാനനീയ ഭാസ്കര്‍ റാവുവിനദ്ദേഹം നല്‍കിയ കവിതാര്‍ച്ചന അത്യന്തം ഭാവഗംഭീരവും ഹൃദയദ്രവീകരണ ശക്തിയുള്ളതുമായിരുന്നു.
ഓര്‍ത്തുപോയ്‌ ഞാനെന്നുള്ളില്‍ ഞാനായിത്തെളിയുന്ന സ്വത്വബോധത്തിനാരു മണ്‍ കുഴച്ചതു പണ്ട്‌ ആരുടെ അന്തര്‍ഭാവം സാമീപ്യം സ്നേഹം ശ്രദ്ധ യായിരം മുകുളങ്ങളെന്നു ള്ളില്‍ കുരുപ്പിച്ചു കേവല വ്യവഹാര വ്യക്തി ബന്ധങ്ങള്‍ തീണ്ടാ- തീവിധം ദൃഢപ്പെടും ഭാവ ബന്ധങ്ങള്‍ ശ്രേഷ്ഠം.
പൂജനീയ ഗുരുജിയുടെ ജന്മശതാബ്ദി ആഘോഷവേളയില്‍ അദ്ദേഹം ക്ലാസിക്‌ ശൈലിയില്‍ ഒരു ശതകം എഴുതുകയുണ്ടായി. ശ്രീഗുരുജിയുടെ ജീവിതവും സന്ദേശവും നൂറു ശ്ലോകങ്ങളിലായി അതില്‍ പ്രതിപാദിക്കപ്പെടുന്നു. ഹൈന്ദവൈക്യത്തെപ്പറ്റി ശ്രീഗുരുജിയുടെ ബോധനത്തെ കാച്ചിക്കുറുക്കി ശ്ലോകത്തിലാക്കിയതു നോക്കാം.
വര്‍ണം ജാതികള്‍ ഭാഷകള്‍ സകലവും വൈവിധ്യമാം തന്ത്രികള്‍ വര്‍ണിക്കുന്നൊരു രാഗമേക, മതുപോ ലൊന്നാണു താളക്രമം വര്‍ണങ്ങള്‍ പ്രതിഭാസമായ്‌ വിവിധമായ്‌ കാണുന്നുവെന്നാകിലും ഒന്നത്രേ രവി രശ്മിയെന്നവിധമീ ഹിന്ദുത്വമേകാത്മകം....
നേരത്തെ സൂചിപ്പിച്ചതുപോലെ വായിച്ചാല്‍ മനസ്സിലാകുമെന്ന "കവിതാ ദോഷം" ആധുനികര്‍ക്ക്‌ രുചിക്കയില്ലെങ്കിലും ഭാസ്കരപ്പണിക്കരുടെ ചിന്തയുടെ വ്യക്തതയും കൃത്യതയും നമുക്കിതില്‍ കാണാം. തപസ്യ അദ്ദേഹത്തെ ആദരിക്കുക വഴി കൃതകൃത്യരായിരിക്കുന്നു.
>> പി. നാരായണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.