കോഴഞ്ചേരി: മണ്ഡല പൂജയ്ക്ക് ശബരിമല ധര്മ്മശാസ്താവിന് ചാര്‍ത്താനുളള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. നൂറ് കണക്കിന് ഭക്തജനങ്ങളുടെ ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശനിയാഴ്ച രാവിലെ 7.15 നാണ് തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില്നിന്ന് പുറപ്പെട്ടത്. പുലര്‍ച്ചെ അഞ്ച്മണിക്ക് ആറന്മുളയിലുള്ള ശബരിമല ഭണ്ഡാരത്തിലെ സ്ട്രോംങ്ങ് റൂമില്‍ നിന്നും പുറത്തെടുത്ത തങ്കയങ്കി നടപ്പന്തലില്‍ പ്രത്യേകം അലങ്കരിച്ച മണ്ഡപത്തില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുവെച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍, അംഗം സുബാഷ് വാസു, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ 7.15 ന് നടപ്പന്തലില്‍ നിന്നും എടുത്ത തങ്ക അങ്കി പ്രത്യേകമായി തയ്യാറാക്കിയ രഥത്തില്‍ കയറ്റി ഘോഷയാത്രയായി പുറപ്പെട്ടു.
മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷം പുന്നംതോട്ടം ദേവീക്ഷേത്രത്തിലെത്തിയ ഘോഷയാത്രയെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. ചവിട്ടുകളം മഹാദേവ ക്ഷേത്രം തിരുവഞ്ചാംകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നെടുംപ്രയാര്‍, തേവലശേരി ദേവീക്ഷേത്രത്തില്‍ പ്രഭാത ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കോഴഞ്ചേരി ടൗണിലെത്തിയ ഘോഷയാത്രയ്ക്ക് ഓട്ടോ – ടാക്സി, ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ ഗംഭീരമായ വരവേല്‍പ്പ് നല്കി. കര്‍പ്പൂര ദീപ പ്രഭയില്‍ ചെണ്ടവാദ്യമേള ഘോഷത്തോടെ കോഴഞ്ചേരിയില്‍ നല്കിയ സ്വീകരണത്തില്‍ വന്‍ജനാവലി പങ്കെടുത്തു. പാമ്പാടി മണ്, കാരംവേലി, വഴി ഇലന്തൂര്‍ ഭഗവതി കുന്നിലെത്തിയ ഘോഷയാത്രയ്ക്ക് നൂറ് കണക്കിന് ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഇലന്തൂര്‍ ഗണപതി ക്ഷേത്രത്തിലെ നാരായണമംഗലത്തും ഘോഷയാത്രക്ക് വന്വരവേല്പ് ലഭിച്ചു. മെഴുവേലി ആനന്ദഭൂതേശ്വരം , ഇലവുംതിട്ട ദേവീ ക്ഷേത്രം, ഇലവുംതിട്ട മലനട, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം , പ്രക്കാനം കൈതവന ദേവീ ക്ഷേത്രം, ഇടനാട് ഭഗവതി ക്ഷേത്രം വഴി ചീക്കനാലിലെത്തിയ ഘോഷയാത്രയെ താലപ്പൊലിയും വാദ്യമേളങ്ങളുമായി പരമ്പരാഗത രീതിയില്‍ സ്വീകരിച്ച് ഊപ്പമണ്‍ വഴി ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ വിശ്രമിച്ചു.
തങ്ക അങ്കി ഘോഷയാത്ര കടന്ന് പോകുന്ന വഴികളിലെല്ലാം വീട്ടുകാരും സ്ഥാപനങ്ങളും നിലവിളക്ക് കത്തിച്ചുവെച്ചും നിറപറയൊരുക്കിയും തങ്ക അങ്കിയെ സ്വീകരിച്ചു. ഘോഷയാത്രയെ ആറന്മുളയില് നിന്നും യാത്രയാക്കാന്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ , സെക്രട്ടറി രതീഷ് ആര് മോഹന്‍, ഖജാന്‍ജി പി . മോഹനചന്ദ്രന്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഗീതാ കൃഷ്ണന്, അയ്യപ്പസേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഡി . വിജയകുമാര്‍, , മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അമ്പോറ്റി കോഴഞ്ചേരി, സംഘടനാ സെക്രട്ടറി കെ.പി. സോമന്, പി.ആര്. ഷാജി, തുടങ്ങിയവര്‍ എത്തിയിരുന്നു. ദേവസ്വം അസി. കമ്മീഷണര്‍ വി. ജയപ്രകാശ്, എസ് അജിത് കുമാര്‍, ജി. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവസ്വം ഉദ്യോഗസ്ഥരും പത്തനംതിട്ട അസി. കമാന്‍ഡന്റ് പി.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പതിനേഴംഗ സായുധ പോലീസ് സംഘവും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി ആര് ചന്ദ്രശേഖരപിള്ള , കോഴഞ്ചേരി സി.ഐ. സഖറിയ മാത്യു, ആറന്മുള എസ് ഐ ബി. വിനോദ് കുമാര്‍, കോയിപ്രം എസ് ഐ എസ് ന്യൂമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ലോക്കല്‍ പോലീസും ഘോഷയാത്രയുടെ സ്വീകരണ വഴികളില്‍ അകമ്പടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: