കെനിയയില്‍ കലാപം: 39 മരണം

Saturday 22 December 2012 9:28 pm IST

നെയ്‌റോബി: കെനിയായില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 39 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 13 കുട്ടികളും ആറ്‌ സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കലാപകാരികള്‍ 45 വീടുകള്‍ അഗ്നിക്കിരയാക്കിയതായി റെഡ്ക്രോസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
തീരപ്രദേശമായ ഡാന്‍ഡെല്‍റ്റാ മേഖലയിലാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌. കെനിയയിലെ പൊക്കോമ,ഓര്‍മ വിഭാഗത്തില്‍പ്പെട്ടവരാണ്‌ ഏറ്റുമുട്ടിയത്‌. ഏകെ 47 തോക്കുകള്‍ ഉപയോഗിച്ചാണ്‌ ഇവര്‍ ഏറ്റുമുട്ടിയത്‌. താനാ നദിയിലെ ജലം കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണ്‌ ആക്രമണത്തില്‍ കലാശിച്ചത്‌. ആഗസ്റ്റ്‌ സപ്തംബര്‍ മാസങ്ങളില്‍ ഇവിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ 110 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അടുത്തമാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ ഇത്തരം സംഭവങ്ങള്‍ നിത്യനേ അരങ്ങേറുന്നത്‌. 2007 ലാണ്‌ കെനിയയില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ്‌ നടന്നത്‌. തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി അന്ന്‌ നടന്ന കലാപത്തില്‍ 1000 ത്തോളം പേര്‍ കൊല്ലപ്പെടുകയും 100 വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അന്ന്‌ ഉണ്ടായതുപോലൊരവസ്ഥ ഇനി ഉണ്ടാകാതിരിക്കാന്‍ ഔദ്യോഗിക തലത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും ഒന്നും വിജയത്തില്‍ എത്തുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.