ദല്‍ഹിയില്‍ നിരോധനാജ്ഞ

Sunday 23 December 2012 10:52 am IST

ന്യൂദല്‍ഹി: ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് യുവജനങ്ങള്‍ നടത്തിയ പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിജയ് ചൗക്കിലും പരിസര പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ. മാധ്യമങ്ങള്‍ക്കും പ്രദേശത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ഭവനു സമീപമുളള പ്രദേശത്തു നിന്ന് പ്രതിഷേധക്കാരെ പൂര്‍ണമായി ഒഴിപ്പിച്ചു. നാല് മൊട്രോ സ്റ്റേഷനുകളും അടച്ചിട്ടു. പട്ടേല്‍ ചൗക്ക്,​ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്,​ ഉദ്യോഗ് ഭവന്‍,​ റെയ്സ് കോഴ്സ് എന്നീ മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ തന്നെ അടച്ചിരുന്നു. ബാരഖന്പ,​ മാണ്ഡി ഹൗസ്,​ ഖാന്‍ മാര്‍ക്കറ്റ് എന്നിവയാണ് ഇന്ന് അടച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്റ്റേഷനുകള്‍ പ്രവ‌ര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് ജന്തര്‍ മന്തറിലേക്കും ഇന്ത്യാ ഗേറ്റിലേക്കും പ്രതിഷേധക്കാര്‍ വന്നേക്കുമെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
സമരക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെ ഭരണസിരാകേന്ദ്രമായ വിജയ്ചൗക്കും പരിസരവും യുദ്ധക്കളമായി. ഉച്ചയ്ക്ക് മുമ്പും വൈകിട്ടുമായി ലാത്തിച്ചാര്‍ജും നടന്നു. എഴുപതോളംപേര്‍ക്ക് പരിക്കേറ്റു. പൂച്ചട്ടികളും മറ്റും തകര്‍ത്ത ആറ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു. ബസിലും ട്രെയിനിലും മറ്റു വാഹനങ്ങളിലും കാല്‍നടയായും ഇന്നലെ രാവിലെ മുതല്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും പോലീസിനെയും വിഷമത്തിലാക്കിയിരുന്നു. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വലിയ വീഴ്ചയായിരുന്നു സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.