ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ വസതിക്ക് സമീപം സ്ഫോടനം

Sunday 24 July 2011 11:06 am IST

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സ്ഫോടനം. പ്രസിഡന്റ് ഗദ്ദാഫിയുടെ വീടിനോട് ചേര്‍ന്നുള്ള മിലിറ്ററി കമാന്‍ഡ് സെന്ററിലാണ് സ്ഫോടനം നടന്നത്. ശക്തമായ രണ്ടു സ്ഫോടനങ്ങളാണ് നടന്നത്. ഒരെണ്ണം ഗദ്ദാഫിയുടെ വസതിക്കു സമീപവും മറ്റേതു കിഴക്ക്- തെക്ക് കിഴക്കന്‍ മേഖലയിലുമാണ്. ഗദ്ദാഫിയുടെ വസതിക്കു സമീപം പുക ഉയരുന്നുണ്ട്. നാറ്റോ സേനയുടെ നേതൃത്വത്തില്‍ വസതിക്കു നേരെ ഏഴ് ആക്രമണങ്ങള്‍ നടന്നു. ഈ മേഖലയില്‍ കഴിഞ്ഞ ദിവസം രണ്ടു സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച ഗദ്ദാഫിയുടെ ഓഫിസ് കേന്ദ്രമാക്കിയുള്ള ആക്രമണത്തില്‍ 16 യുദ്ധവിമാനങ്ങള്‍ പങ്കെടുത്തെന്ന് വിമതസേന സ്ഥിരീകരിച്ചു. വ്യോമാക്രമണത്തെ ഔദ്യോഗികമായി തന്നെ ന്യായീകരിച്ചു. ഗദ്ദാഫിയുടെ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഗദ്ദാഫി അനുകൂല സൈന്യത്തിന്റെ താവളങ്ങളായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും നാറ്റോ വ്യക്തമാക്കി. ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ വിമത വിഭാഗങ്ങളില്‍ പെട്ട 16 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.