നിലയ്ക്കരുതാത്ത ജനരോഷം

Sunday 23 December 2012 10:13 pm IST

എത്ര നികൃഷ്ടന്മാരുണ്ടായാലും ഇന്ത്യന്‍ ജനതയില്‍ ധാര്‍മ്മികമൂല്യങ്ങള്‍ രൂഢമൂലമായി നിലനില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്‌ ദല്‍ഹിയില്‍ പ്രകടമാകുന്ന ജനരോഷം. അഴിമതിക്കെതിരായ ജനവികാരത്തിന്‌ മുന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ മുട്ടിടിക്കുന്ന കാഴ്ച മാസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടു. അതിന്‌ നേതൃത്വം നല്‍കാന്‍ അണ്ണാഹസാരെയെപ്പോലുള്ള പാരമ്പര്യവും പക്വതയുമുള്ള ഗാന്ധിയന്മാരും ജനലക്ഷങ്ങളുടെ ആരാധ്യപുരുഷനായ രാംദേവിനെ പോലുള്ള യോഗാചാര്യന്മാരുമുണ്ടായിരുന്നു. രാജ്യത്തെ ഇളക്കിമറിച്ചദിവസങ്ങള്‍ നിണ്ടുനിന്ന ആ പ്രക്ഷോഭത്തിന്റെ വീര്യം കെടുത്തിയത്‌ ജനങ്ങളായിരുന്നില്ല. നേതൃത്വം നല്‍കിയവരിലെ തമ്മിലടിമൂലം പല തട്ടിലായി. എന്നാല്‍ താരപ്പൊലിമയുള്ള ആരുടെയും നേതൃത്വത്തിലല്ലാതെയാണ്‌ രണ്ടുദിവസമായി രാജ്യതലസ്ഥാനം യുവാക്കള്‍ ഇളക്കിമറിച്ചത്‌. കഴിഞ്ഞ ഞായറാഴ്ച ബസില്‍ ഒരു പെണ്‍കുട്ടിയെ നിഷ്ഠൂരമായി പീഡിപ്പിച്ച്‌ റോഡിലേക്ക്‌ വലിച്ചെറിഞ്ഞ സംഭവത്തിന്റെ പേരിലാണ്‌ ജനങ്ങളുടെ ധാര്‍മ്മികരോഷം അണപൊട്ടിയത്‌. രാജ്യം മുഴുവന്‍ ഞെട്ടിയ സംഭവമായിരുന്നു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയത്‌. ഒരാഴ്ച പിന്നിട്ടിട്ടും ഇത്തരം ക്രൂരകൃത്യങ്ങള്‍ ഗൗരവത്തില്‍ കണ്ട്‌ ശക്തമായ നടപടികള്‍ക്കോ നിയമ നിര്‍മ്മാണത്തിനോ ദല്‍ഹി സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറായില്ല. ഇതൊക്കെ പതിവ്‌ സംഭവങ്ങള്‍ എന്ന മട്ടില്‍ തള്ളിക്കളയാനായിരുന്നു ഭരണക്കാരുടെ നീക്കം. ഇതിനെതിരെ പാര്‍ലമെന്റ്‌ ഇളകിമറിഞ്ഞു. പ്രതിപക്ഷനേതാക്കളായ സുഷമ സ്വരാജും അരുണ്‍ ജറ്റ്ലിയും സഭയില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന്‌ പ്രസ്താവന നടത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രി നിര്‍ബന്ധിതനായി. എന്നിട്ടും പ്രധാനമന്ത്രി വായതുറക്കാന്‍ കൂട്ടാക്കിയില്ല. സ്ത്രീപീഡനങ്ങള്‍ കൊലക്കുറ്റത്തിന്‌ തുല്യമാക്കണമെന്ന ആവശ്യവും കേട്ടഭാവം നടിച്ചില്ല. ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന്‌ ഇരയാക്കിയ സംഭവത്തില്‍ നടുങ്ങിനില്‍ക്കുമ്പോഴാണ്‌ ദല്‍ഹിയില്‍തന്നെ ഒരു വീട്ടമ്മയെ മൂന്നംഗ സംഘം ബലാല്‍സംഗം ചെയ്തത്‌. ഇതുകൂടിയായപ്പോഴാണ്‌ ജനങ്ങള്‍ ഇളകിയത്‌. വ്യവസ്ഥാപിത പ്രസ്ഥാനങ്ങളെ നോക്കുകുത്തികളാക്കി ആരുടെയും നേതൃത്വമില്ലാതെയാണ്‌ പതിനായിരങ്ങള്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും അനുവദനീയമല്ലാത്ത രാഷ്ട്രപതിഭവന്‍ അടക്കമുള്ള മര്‍മ്മപ്രധാനമായ സ്ഥാനങ്ങള്‍ക്കുനേരെ നീങ്ങിയത്‌. ആദ്യം പ്രകോപനം സൃഷ്ടിച്ച്‌ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും അവയൊക്കെ പരാജയപ്പെട്ടു. ഏതാണ്ട്‌ പന്ത്രണ്ട്മണിക്കൂറിലധികം ഇന്ത്യാതലസ്ഥാനം പ്രക്ഷോഭപ്രളയത്തില്‍ മുങ്ങുന്നത്‌ ലോകമാകെ കണ്ടു. ശനിയാഴ്ച രാവിലെ പത്തു മണിയോടെ ഏതാനും ചിലര്‍ മാത്രമായിരുന്നു ഇന്ത്യ ഗെയ്റ്റില്‍ നിന്ന്‌ വിജയ്‌ ചൗക്ക്‌ വഴി രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റയ്സീന കുന്നിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. പ്രതികളെ തൂക്കികൊല്ലണമെന്നും സ്ത്രീ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തണമെന്നും പോലീസ്‌ സംവിധാനം ശക്തമാക്കണമെന്നൊക്കെയായിരുന്നു ആവശ്യം. രാഷ്ട്രപതി ഭവനും റെയ്സീന കുന്നും ഇതാദ്യമായാണ്‌ ഇത്തരമൊരു സാഹചര്യം കാണുന്നത്‌. കൊടും തണുപ്പിനെ അവഗണിച്ചായിരുന്നു സമരം. വിജയ്‌ ചൗക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ജനത്തെ കണ്ട്‌ സുരക്ഷാഭടന്‍മാരും ഞെട്ടി. അവര്‍ കണ്‍ചിമ്മി തുറക്കുന്ന സമയം കൊണ്ട്‌ അവിടെ നിറഞ്ഞത്‌ പതിനായിരകണക്കിനാളുകള്‍. മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായി ഒരു മണിക്കൂര്‍ സമാധാന സമരം. ഈ സമയം കുറെയധികം പേര്‍ ഇന്ത്യാ ഗേറ്റിന്‌ സമീപവും പ്രതിഷേധിക്കുന്നുണ്ടായിരുന്നു. പ്രതിഷേധം അണപൊട്ടിയപ്പോള്‍ സുരക്ഷാ ഭടന്‍മാര്‍ തീര്‍ത്ത വലയങ്ങള്‍ ഭേദിച്ച്‌ സമരക്കാര്‍ നേരെ രാഷ്ട്രപതി ഭവനിലേക്ക്‌. പോലീസ്‌ ബാരിക്കേഡ്‌ തകര്‍ത്ത്‌ രാഷ്ട്രപതി ഭവന്റെയും നോര്‍ത്ത്‌ സൗത്ത്‌ ബ്ലോക്കുകളുടെ നേരെ നീങ്ങി. എന്നാല്‍ രാഷ്ട്രപതി ഭവന്റെ ഗേയ്റ്റില്‍ നിന്ന്‌ 50 മീറ്റര്‍ അകലെ എത്താന്‍ മാത്രമേ സമരക്കാര്‍ക്കായുള്ളു. രണ്ടു മണിക്കൂറിനു ശേഷം അവിടെ സ്ഥാനമുറപ്പിച്ച പോലീസുകാര്‍ക്ക്‌ നിയന്ത്രിക്കാനാവുന്നതില്‍ അധികം പേര്‍ റയ്സീന കുന്നിലേക്ക്‌ ഓടിയെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയാണെന്ന്‌ ഉറപ്പായതോടെ പോലീസ്‌ ലാത്തി വീശി. തുടര്‍ന്ന്‌ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ചിതറിയോടിയ ജനത്തിനു നേരെ പോലീസ്‌ വീണ്ടും ലാത്തി വീശി. അതുകൊണ്ടൊന്നും സമരവീര്യം അടങ്ങിയില്ലെന്നത്‌ ആവേശകരമാണ്‌. പൊലീസിന്റെ ചെറുത്തുനില്‍പ്പിനെ അവഗണിച്ച്‌ ഞായറാഴ്ച വീണ്ടും ശക്തിയാര്‍ജിച്ചു. പ്രക്ഷോഭകര്‍ക്കു നേരെ വൈകിട്ട്‌ മൂന്നോടെ പൊലീസ്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തി വീശുകയും ചെയ്തിട്ടുണ്ട്‌. നേരത്തെ ദല്‍ഹിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. അപ്പോഴും ഇന്ത്യാ ഗേറ്റിലേക്ക്‌ പ്രതിഷേധക്കാര്‍ ഒഴുകിയെത്തി. എന്നാല്‍ റെയ്സിന കുന്ന്‌ അടക്കമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നിരോധനാജ്ഞയിലായിരുന്നു. രാജ്പഥില്‍ നിന്ന്‌ രാഷ്ട്രപതി ഭവനിലേക്കുള്ള വഴിയില്‍ പൊലീസ്‌ ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. പ്രക്ഷോഭകര്‍ ഈ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിനു നേരെ പ്രതിഷേധിക്കുകയും ചെയ്തതാണ്‌ ബലപ്രയോഗത്തിന്‌ പോലീസ്‌ തുനിഞ്ഞത്‌. ഇന്ത്യാഗേറ്റിനു സമീപത്തെ നിരോധനാജ്ഞ പൊലീസ്‌ പിന്‍വലിച്ച്‌ രണ്ടു മണിക്കൂറിനുള്ളില്‍ പതിനായിരത്തോളം പ്രക്ഷോഭകരാണ്‌ അവിടെ എത്തിയത്‌. സമീപത്തെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്‌. എന്നാലും നടന്നും മറ്റുവാഹനങ്ങളിലുമായി ജനം അവിടെ ഒഴുകിയെത്തുകയാണുണ്ടായത്‌. വഴികളെല്ലാം അടച്ച്‌ വണ്ടികളെല്ലാം തടഞ്ഞ്‌ ജനവികാരത്തെ ഒതുക്കിത്തീര്‍ക്കാമെന്നാണ്‌ കേന്ദ്രം ഭരിക്കുന്നവരുടെ ധാരണയെങ്കില്‍ മഹാകഷ്ടം എന്നേ പറയേണ്ടൂ. അനിവാര്യമായ പ്രതിഷേധമാണ്‌ ദല്‍ഹിയില്‍ ഉയര്‍ന്നത്‌. അതിനെമാനിക്കാതിരിക്കാനാവില്ല. അടിയന്തരാവസ്ഥയ്ക്ക്‌ സമാനമായസാഹചര്യമൊരുക്കിയാലും അതിനെ തൃണവല്‍ഗണിക്കാനുള്ള ആത്മബലം ജനങ്ങള്‍ നേടിക്കഴിഞ്ഞു. അവരുടെ മുന്നേറ്റത്തില്‍ തകര്‍ന്നടിയാനുള്ളതേയുള്ളു യുപിഎയും അവരുടെ സര്‍ക്കാരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.