യുപിയില്‍ അതിശൈത്യം: 26മരണം

Monday 24 December 2012 11:32 pm IST

ലക്നൗ: അതിശൈത്യവും മഞ്ഞുവീഴ്ച്ചയയും ഉത്തര്‍പ്രദേശില്‍ ശക്തമായി തുടരുകയാണ്‌. അതിശൈത്യം താങ്ങാനാവാതെ കഴിഞ്ഞ 24 മണിക്കൂറിനിടയ്ക്ക്‌ 26 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. റോഡരികിലും മറ്റും അന്തിയുറങ്ങുന്നവരാണ്‌ മരിക്കുന്നത്‌. ബസ്തി(6), ജുവാന്‍പുര്‍(4), ബാലിയ(4), മിര്‍സാപുര്‍(2), വാരണാസി, ബദോഹി, ചന്തോലി എന്നിവടങ്ങളില്‍ ഓരോരുത്തരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞുമൂലം പ്രദേശത്ത്‌ അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്‌. വാഹനാപകടങ്ങളില്‍ മാത്രം ആറുപേര്‍ ഇതുവരെ മരിച്ചു. അതിശൈത്യത്തെത്തുടര്‍ന്ന്‌ സംസ്ഥാനത്തെ സ്കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്‌. ജനുവരി അഞ്ചു വരെ സ്കൂളുകളും കോളജുകളും അടച്ചിടാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ്‌ ഉത്തരവിട്ടിരുന്നു. താപനില നാലു ഡിഗ്രി വരെ താഴ്‌ന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത കുറച്ച്‌ ദിവസങ്ങളില്‍ കാലാവസ്ഥ ഇതിലും മോശമാകുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജെ.പി ഗുപ്ത അറിയിച്ചു. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന്‌ സംസ്ഥാനത്തെ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ്‌ ഓടിക്കൊണ്ടിരിക്കുന്നത്‌. ദല്‍ഹിയില്‍ നിന്നു ലക്നോവിലേയ്ക്കുള്ള മിക്ക ട്രെയിനുകളും അഞ്ചു മണിക്കൂറിലധികം വൈകിയാണ്‌ ഓടുന്നത്‌. കൂടാതെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്‌ നാലു വിമാനങ്ങള്‍ റദ്ദാക്കി. അതേസമയം, ഉത്തരേന്ത്യയും അതിശൈത്യത്താല്‍ തണുത്ത്‌ വിറക്കുകയാണ്‌. ഇന്നലെ പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ്‌ അനുഭവപ്പെട്ടതിനേത്തുടര്‍ന്ന്‌ ദല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. നൂറിലധികം ട്രെയിനുകളും പത്തോളം വിമാന സര്‍വീസുകളും വൈകി. അമ്പതോളം വിമാനസര്‍വ്വിസുകള്‍ ഇന്നലെ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന്‌ രണ്ടു ആഭ്യന്തര വിമാനങ്ങളും ഒരു രാജ്യാന്തര വിമാന സര്‍വീസും റദ്ദാക്കി. ഉത്തരേന്ത്യയില്‍ നൂറിലേറെ ട്രെയിനുകള്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്‌ വൈകിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. നിരവധി ട്രെയിനുകള്‍ 12 മുതല്‍ 22 മണിക്കൂര്‍ വരെ വൈകിയാണ്‌ ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്‌. അതോടൊപ്പം ദല്‍ഹി- ഹൗറ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ നൂറോളം വിമാനസര്‍വീസുകളെയാണ്‌ മൂടല്‍മഞ്ഞ്‌ ബാധിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.