26/11: ഇന്ത്യ ശബ്ദ സാമ്പിളുകള്‍ ആവശ്യപ്പെട്ടു

Sunday 24 July 2011 3:57 pm IST

തിമ്പു: മുംബൈ ഭീകരാക്രമണ കേസിലെ സാക്ഷികളില്‍ നിന്നും തെളിവെടുക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ ഉടന്‍ ഇന്ത്യയിലെത്തും. ഭൂട്ടാനിലെ തിമ്പുവില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരവും പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇരു ആഭ്യന്തര മന്ത്രിമാരുടെയും കൂ‍ടിക്കാഴ്ച സൌഹാര്‍ദ്ദപരമായിരുന്നുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. മുംബൈ ഭീ‍കരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ശബ്ദ സാമ്പിള്‍ കൈമാറണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചു. എന്നാല്‍ ഇക്കര്യത്തില്‍ കുറച്ച് വിവരങ്ങള്‍ കൂടി ആവശ്യമാണെന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചത്. ഭീകരാക്രമണക്കേസിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ ഒരു ജുഡീഷ്യല്‍ കമ്മിഷനെ ഇന്ത്യയിലേക്ക് അയയ്ക്കാമെന്ന് റഹ്മാന്‍ മാലിക് സമ്മതിച്ചു. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ഇതിന് ശേഷം ഇന്ത്യയില്‍ നിന്നും ഉദ്യോഗസ്ഥരുടെ സംഘം പാക്കിസ്ഥാനിലേക്ക് പോകാനും സാധ്യതയുണ്ട്. തീവ്രവാദം മുഖ്യ ചര്‍ച്ചാ വിഷയമായെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും അറിയിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹീനാ റബീനാ ഖാന്‍ ബുധനാഴ്ച ദല്‍ഹിയിലെത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയെ കാണുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ കൂ‍ടിക്കാഴ്ചയ്ക്ക് ശേഷമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.