വീണ്ടും കൂട്ടബലാത്സംഗം

Thursday 27 December 2012 11:28 pm IST

ന്യൂദല്‍ഹി: ബസ്സില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പേ ദല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ഇത്തവണ രാജസ്ഥാനിലെ ജയപ്പൂരില്‍ നിന്നും പരിചിതനോടൊപ്പമെത്തിയ 42കാരിയാണ്‌ കൂട്ടബലാല്‍സംഗത്തിനിരയായത്‌. മൂന്നു പേര്‍ ചേര്‍ന്ന്‌ സ്ത്രീയെ ബലാല്‍സംഗം ചെയ്ത്‌ സൗത്ത്‌ ദില്ലിയിലെ കല്‍കാജിയിലെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. അവരെ എയിംസില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്കെതിരെ ബലാത്സംഗത്തിന്‌ കേസെടുത്തു. ബുധനാഴ്ച രാത്രി 9.15 ഓടെ നാട്ടുകാരാണ്‌ സ്ത്രീയെ അവശനിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്‌. ദിലീപ്‌ വര്‍മ്മ എന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു.
ഒരാഴ്ച്ച നീണ്ട സമര പരമ്പര തുടരുന്നതിനിടെയുണ്ടായ ഈ സംഭവം പ്രതിഷേധത്തിന്‌ ആക്കം കൂട്ടി. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ ഇന്നലെ വീണ്ടും ഇന്ത്യാഗേറ്റിലേക്ക്‌ പ്രകടനം നടന്നു. പ്രതിഷേധക്കാരെ പോലീസ്‌ വഴിയില്‍ തടഞ്ഞത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്‌. ബസ്സില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടി ഇന്നലെയും ജന്തര്‍മന്ദറില്‍ പ്രകടനം നടന്നു. ഇതിനിടെ പ്രതിഷേധക്കാരെ അപമാനിച്ച്‌ സംസാരിച്ച രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ മകന്‍ അഭിജിത്‌ മുഖര്‍ജി തന്റെ വിവാദ പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പു പറഞ്ഞു. പരാമര്‍ശം വ്യാപക പ്രതിഷേധത്തിന്‌ വഴിവച്ചതിനെ തുടര്‍ന്നായിരുന്നു ചുവടു മാറ്റം. പ്രതിഷേധത്തില്‍ പങ്കെടുത്തവരെല്ലാം വിദ്യാര്‍ഥിനികളല്ലെന്നും മുഖത്ത്‌ ചായം തേച്ചവരെയും ചുളിവുകള്‍ വീണവരെയും താന്‍ അക്കൂട്ടത്തില്‍ കണ്ടെന്നുമുള്ള മുഖര്‍ജിയുടെ പരാമര്‍ശമാണ്‌ വിവാദമായത്‌. അതേസമയം 23 കാരിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ബുധനാഴ്ച്ച രാത്രി സിങ്കപ്പൂരില്‍ വിദഗ്ദ്ധ ചികില്‍സയ്ക്കായി കൊണ്ടുപോയി.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക്‌ പേരുകേട്ട മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നിലയില്‍ മാറ്റമില്ലെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച്ച കൂട്ടമാനഭംഗത്തിനിരയായ 42 കാരി വൃന്ദാവനില്‍ നിന്നാണ്‌ ദിലീപ്‌ വര്‍മ്മ എന്നയാളോടൊപ്പം ദില്ലിയില്ലെത്തിയത്‌. തുടര്‍ന്ന്‌ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യവെ കാറില്‍ കയറിയ രണ്ടുപേരൊടൊപ്പം ദിലീപ്‌ വര്‍മ്മയും കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്നാണ്‌ പോലീസ്‌ ഭാഷ്യം.
ആഗ്രയില്‍ നിന്നാണ്‌ ദിലീപ്‌ വര്‍മ്മയെ പിടികൂടിയത്‌. ചോദ്യം ചെയ്യലിനായി വര്‍മ്മയെ ദല്‍ഹിയില്‍ എത്തിച്ചു. അഞ്ചുവര്‍ഷമായി സ്ത്രീയെ പരിചയമുണ്ടെന്ന്‌ വര്‍മ്മ പോലീസിനോട്‌ പറഞ്ഞു. മറ്റ്‌ രണ്ടുപേര്‍ക്കുവേണ്ടി പോലീസ്‌ തിരച്ചില്‍ തുടങ്ങി.
>> സ്വന്തം ലേഖിക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.