പാപ്പാനെ ആന കുത്തിക്കൊന്നു

Thursday 27 December 2012 10:49 pm IST

മലയിന്‍കീഴ്‌(തിരുവനന്തപുരം): തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള മലയിന്‍കീഴ്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജവീരന്‍ വല്ലഭന്‍ ഒന്നാം പാപ്പാനെ കൊമ്പില്‍ കോര്‍ത്ത്‌ നിലത്തടിച്ചു കൊലപ്പെടുത്തി. പാപ്പനംകോട്‌ പൂഴിക്കുന്ന്‌ വി.കെ മന്ദിരത്തില്‍ വിജയനാ(50)ണ്‌ ദുരന്തത്തിനിരയായത്‌. ഇന്നലെ ഉച്ചയ്ക്ക്‌ ശേഷം 2.30 ഓടുകൂടിയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്‌. കൊലപാതകത്തിനു ശേഷം ആന മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാഴ്ത്തി.
വിജയനെ കൊമ്പില്‍ കൊരുത്തെടുത്ത ശേഷം കഷണങ്ങളാക്കി വലിച്ചു കീറിയിട്ടും കലിയടങ്ങാത്ത കൊമ്പന്‍ വൈകുന്നേരം 5.10 വരെ മൃതദേഹത്തിനു കാവല്‍ നിന്നു. ഒടുവില്‍ ഒരു സംഘം പാപ്പാന്‍മാരുടെ കഠിന പരിശ്രമത്തിനൊടുവിലാണ്‌ ആനയെ തളയ്ക്കാനായത്‌. രോഷം പൂണ്ടു നിന്ന ആനയെ തളയ്ക്കാന്‍ തിരുവനന്തപുരം എലിഫന്റ്‌ സ്ക്വാഡിലെ ഡോക്ടര്‍ ടി.രാജീവ്‌, കെ.പ്രസാദ്‌, സക്കീര്‍, വിമല്‍ എന്നിവരുള്‍പ്പെട്ട സംഘം എത്തി വൈകുന്നേരം 3.30 ഓടെ ആദ്യ വെടിവച്ചു. ഫലം കാണാത്തതിനെ തുടര്‍ന്ന്‌ ഒരു മണിക്കൂറിനു ശേഷം അടുത്ത ഡോസും പ്രയോഗിച്ചെങ്കിലും ആന മയങ്ങിയില്ല. 5.30 ഓടെ പത്തോളം വരുന്ന ദേവസ്വം പാപ്പാന്മാര്‍ നടത്തിയ ധീരമായ പരിശ്രമത്തിലൂടെ വടം ഉപയോഗിച്ച്‌ ആനയുടെ പിന്‍കാലുകളെ ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇടച്ചങ്ങല കൊണ്ട്‌ ബന്ധിച്ച്‌ മൃതദേഹത്തിനു സമീപത്തു നിന്ന്‌ നീക്കുകയായിരുന്നു. അതിനു ശേഷമാണ്‌ മലയിന്‍കീഴ്‌ പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ ആരംഭിച്ചത്‌.
ചൊവ്വാഴ്ച കാട്ടാക്കട പൊട്ടന്‍കാവിലെ ക്ഷേത്രം എഴുന്നള്ളത്തിന്‌ തിടമ്പു കൊണ്ടുപോകും വഴി അന്തിയൂര്‍ക്കോണത്തുവച്ച്‌ പുറകിലുണ്ടായിരുന്ന ആന വല്ലഭന്റെ പിന്‍ഭാഗത്ത്‌ കുത്തിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ ആന പുറത്തിരിക്കുകയായിരുന്ന രണ്ടാം പാപ്പാന്‍ കൃഷ്ണന്‍ കുട്ടിയെ കുലുക്കി നിലത്തിട്ടു. ഇയാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്‌. ഇതേ തുടര്‍ന്ന്‌ അസ്വസ്ഥനായി കാണപ്പെട്ട വല്ലഭനെ മലയിന്‍കീഴ്‌ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആനത്തറയില്‍ ബന്ധിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്‌ ഒന്നാം പാപ്പാന്‍ വിജയന്‍ കമലേശ്വരത്തെ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളത്തിന്‌ കൊണ്ടു പോകുന്നതിനു മുന്നോടിയായി കുളിപ്പിക്കുന്നതിനിടെയാണ്‌ വല്ലഭന്‍ അക്രമാസക്തനായത്‌.
2004ല്‍ നാട്ടുകാര്‍ പാലക്കാടു നിന്നു വാങ്ങിയ ഒരു വയസ്സുള്ള കുട്ടിക്കൊമ്പനെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കെ.കരുണാകരനാണ്‌ നടയ്ക്കിരുത്തിയത്‌. ഗണേശന്‍ എന്നായിരുന്ന പേര്‌ കരുണാകരനാണ്‌ വല്ലഭനാക്കി നാമകരണം നടത്തിയത്‌. രണ്ടര വര്‍ഷം മുമ്പാണ്‌ ദേവസ്വം പാപ്പാനായ വിജയന്‍ വല്ലഭന്റെ ഒന്നാം പാപ്പാനായി ചുമതല ഏറ്റത്‌. കുമാരി കലയാണ്‌ ഭാര്യ. മകള്‍ വിജികുമാരി.
>> പ്രദീപ്‌ മലയിന്‍കീഴ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.