സി.ബി.ഐക്ക് രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ പ്രമേയം

Sunday 24 July 2011 3:56 pm IST

കോയമ്പത്തൂര്‍: സി.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ പ്രമേയം. 2 ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ മുന്‍ വിധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഡി.എം.കെ ജനറല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. കേസ് ചില മാധ്യമങ്ങളും സി.ബി.ഐയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്നും പ്രമേയം പറയുന്നു. രാജ്യത്തെ നിയമ്യവസ്ഥയില്‍ പാര്‍ട്ടിക്കു വിശ്വാസമുണ്ട്. മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി എം.പി, കലൈഞ്ജര്‍ ടി.വി എംഡി ശരത് കുമാര്‍ എന്നിവരെ നിയമത്തിന്റെ ബലത്തില്‍ മോചിപ്പിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. കനിമൊഴിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത സി.ബി.ഐയുടെ നടപടി പക്ഷപാതപരമാണെന്ന്‌ കരുണാനിധി കുറ്റപ്പെടുത്തി. പാര്‍ട്ടി അധ്യക്ഷനായി എം. കരുണാനിധി തുടരുമെന്നും പ്രമേയത്തില്‍ പറയുന്നു. എം.കെ.സ്റ്റാലിനും, കേന്ദ്രമന്ത്രി അഴഗിരിയും തമ്മിലുള്ള വടംവലിക്ക്‌ താല്‍ക്കാലിക വിരാമമായി. അതേസമയം കോണ്‍ഗ്രസുമായുള്ള ബന്ധം പുനപരിശോധിക്കുന്ന കാര്യത്തെ കുറിച്ചോ, രണ്ട്‌ കേന്ദ്ര ക്യാബിനറ്റ്‌ മന്ത്രിമാരെ നിയോഗിക്കുന്നത്‌ സംബന്ധിച്ചോ കോയമ്പത്തൂരില്‍ ചേര്‍ന്ന യോഗം തീരുമാനം കൈക്കൊണ്ടില്ല. ഏഴു വര്‍ഷമായി കോണ്‍ഗ്രസുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കണമെന്ന്‌ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ കരുണാനിധി മൗനം പാലിക്കുകയാണ്‌ ഉണ്ടായത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ താത്പര്യങ്ങള്‍ക്കു പാര്‍ട്ടി പ്രാധാന്യം നല്‍കുമെന്നും പ്രമേയത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മുല്ലപ്പെരിയാറില്‍ ബേബി ഡാം നിര്‍മിക്കാനുളള കേരളത്തിന്റെ ശ്രമം കേന്ദ്രം ഇടപെട്ടു തടയണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. ജയലളിത സര്‍ക്കാര്‍ അടക്കിഭരിക്കല്‍ നയം തുടരുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.