നടിക്കെതിരായ അക്രമം: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Wednesday 22 November 2017 10:47 am IST

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍  അന്വേഷണ സംഘം ഉച്ചയോടെ കുറ്റപത്രം സമര്‍പ്പിക്കും. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തില്‍ പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത് മുന്‍ ഭാര്യ മഞ്ജു വാര്യരെയാണ്. അയ്യായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ണായക കണ്ടെത്തലുകളടങ്ങിയ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വ്യവസ്ഥാ ലംഘനത്തിനെതിരെ സര്‍ക്കാരിന് മജിസ്‌ട്രേറ്റ് കോടതിയേയോ ഹൈക്കോടതിയേയൊ സമീപിക്കാമെന്നാണ് നിയമോപദേശം. കേസില്‍ ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക മൊഴിയായിരുന്നു പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നുവെന്ന ജീവനക്കാരന്റെ മൊഴി.
എന്നാല്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ജീവനക്കാരന്‍ ഈ മൊഴി മാറ്റിപ്പറയുകയായിരുന്നു. പള്‍സര്‍ സുനി ഒളിവിനല്‍ കഴിഞ്ഞ കോയമ്പത്തൂരിലെ ചാര്‍ളിയുടെ രഹസ്യമൊഴി എടുക്കാനുളള നീക്കവും നടന്നില്ല. ഇതെല്ലാം ദിലീപിന്റെ ഇടപെടല്‍ കൊണ്ടാണെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.