സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും : സോണിയ

Friday 28 December 2012 9:28 pm IST

ന്യൂദല്‍ഹി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശക്തമായ നടപടികളും സ്വീകരിക്കുമെന്ന്‌ യുപിഎ അധ്യക്ഷ സോണിയാഗാന്ധി. ദല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനൊപ്പം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു സോണിയ. ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തവര്‍ക്ക്‌ എത്രയും വേഗം ശിക്ഷ നല്‍കുമെന്നും സോണിയ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക്‌ പെട്ടന്ന്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു. മികച്ച ചികിത്സയാണ്‌ പെണ്‍കുട്ടിക്ക്‌ നല്‍കിയിട്ടുളളതെന്നും ജീവന്‍ രക്ഷിക്കാന്‍ സമയം വൈകിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ തക്ക രീതിയിലുള്ള ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രിയും കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ്‌ ഇരുവരുടെയും പ്രതികരണം . പെണ്‍കുട്ടിയുടെ ജീവന്‍ നില നിര്‍ത്താനുള്ള ശ്രമത്തിലാണ്‌ സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. നില അതീവ ഗുരുതരമാണെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.