വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടി: മന്ത്രി കെ. ബാബു

Friday 28 December 2012 10:41 pm IST

കൊച്ചി: ജില്ല രൂക്ഷമായ വരള്‍ച്ചയിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്ക്‌ സജ്ജരാകാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും തദ്ദേശ സ്ഥാപനങ്ങളോടും മന്ത്രി കെ. ബാബു അഭ്യര്‍ഥിച്ചു. ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ച്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ ജലക്ഷാമവും പരിഹാരത്തിനായി സ്വീകരിക്കേണ്ട അടിയന്തര നടപടികളും അവലോകനം ചെയ്യുന്നതിന്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ ജലവിതരണ പദ്ധതികളുടെ ഭാഗമായ പൈപ്പ്‌ ശൃംഖല വരള്‍ച്ചാസാധ്യതയുള്ള മേഖലകളിലേക്ക്‌ അടിയന്തിരമായി നീട്ടാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പമ്പിങ്‌ ഷിഫ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കേടായ മോട്ടോറുകള്‍ പുനഃസ്ഥാപിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന്‌ ബദല്‍ മോട്ടോറുകള്‍ ഒരുക്കാനും നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ വരള്‍ച്ച ദുരിതാശ്വാസ ഫണ്ടില്‍ നിന്നും നല്‍കും.
ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കാവുന്ന കുടിവെള്ള, ജലസേചന പദ്ധതികള്‍ തയാറാക്കി ഉടനെ സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാലഹരണപ്പെട്ടതും പൊട്ടിയൊലിക്കുന്നതുമായ പൈപ്പുകള്‍ മാറ്റണം. കനാലുകളുടെ അറ്റകുറ്റപ്പണി, ഭൂഗര്‍ഭ ജല വിനിയോഗത്തിനുള്ള കുഴല്‍ക്കിണറുകളുടെ നിര്‍മാണം എന്നിവയും ഉടനെ നടപ്പാക്കണം. ചെറുകിട ജലസേചന പദ്ധതികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കേണ്ട പമ്പുസെറ്റുകള്‍ മാര്‍ച്ചിനകം കമ്മീഷന്‍ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജില്ലയിലെ ക്വാറികളിലുള്ള ജലം ശുദ്ധീകരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള പെയിലറ്റ്‌ പദ്ധതി തൃക്കാക്കരയിലെ അമ്പലപ്പാറയില്‍ നടപ്പാക്കുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക്‌ പരീത്‌ അറിയിച്ചു. ലിറ്ററിന്‌ പത്തു പൈസ നിരക്കില്‍ ജലം ശുദ്ധീകരിക്കാനാകുന്നതാണ്‌ ഈ പദ്ധതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.