ബസില്‍ വീണ്ടും യുവതിക്ക്‌ പീഡനം

Monday 31 December 2012 11:03 am IST

ന്യൂദല്‍ഹി: കൂട്ടമാനഭംഗത്തിനിരയായി മരിച്ച യുവതിക്ക്‌ ആദരാഞ്ജലിയര്‍പ്പിച്ചും നീതി വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഇന്നലെയും ദല്‍ഹിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തല്‍സഥാനത്തിന്റെ ഹൃദയഭാഗമായ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം കുറച്ച്‌ നേരത്തേക്ക്‌ അക്രമാസ്കതമായി. അഞ്ച്‌ എബിവിപി പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു നീക്കി. ജന്തര്‍ മന്തറില്‍ നിന്നും പ്രകടനമായി കോണാട്ട്പ്ലേസിലേക്ക്‌ പോകാന്‍ ശ്രമിച്ചത്‌ പൊലീസ്‌ തടഞ്ഞതാണ്‌ ഉന്തിനും തള്ളിനും കാരണമായത്‌. യുവതിയുടെ മരണത്തിനെ തുടര്‍ന്ന്‌ സുരക്ഷയുടെ ഭാഗമായി അടച്ചിട്ട്‌ 10 മെട്രോ സ്റ്റേഷനുകളില്‍ 5 എണ്ണം തുറന്നു. എന്നാല്‍ ഇന്ത്യാഗേറ്റ്‌, രാജ്പഥ്‌, വിജയ്‌ ചൗക്ക്‌ എന്നിവിടങ്ങള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്‌. പുതുവല്‍സരപ്പിറവി വരെ നിരോധനാജ്ഞ തുടരും. ജന്തര്‍ മന്തറിലും രാംലീലാ മൈതാനിയിലും മാത്രമാണ്‌ പ്രതിഷേധകരെ അനുവദിച്ചിട്ടുള്ളുവെങ്കിലും ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും വായ മൂടികെട്ടിയുള്ള സമരവും നടക്കുകയാണ്‌. ജന്തര്‍ മന്തറില്‍ യുവതിക്ക്‌ പെട്ടെന്ന്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ഒരു കൂട്ടം ആളുകള്‍ നിരാഹാരം കിടന്നു. ചിലയിടങ്ങളില്‍ മെഴുകുതിരി കത്തിച്ചുള്ള പ്രകടനവും നടന്നു. ഇന്ത്യാഗേറ്റില്‍ പ്രതിഷേധം അനുവദിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൂട്ടബലാത്സംഗക്കേസില്‍ വേഗത്തില്‍ നീതി നടപ്പാക്കണം. സ്ത്രീകളുടെ സുരക്ഷയ്ക്ക്‌ കര്‍ശനമായ നിയമങ്ങള്‍ വേണം തുടങ്ങിയവയാണ്‌ ആവശ്യം. അതേസമയം, പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായിട്ടും ദല്‍ഹിയില്‍ ശനിയാഴ്ച്ച വീണ്ടുമൊരു യുവതി ബസില്‍ അപമാനിക്കപ്പെട്ടു. യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. രാത്രി 11 മണിയോടെ ഡിടിസി ബസില്‍ യാത്ര ചെയ്യുമ്പോള്‍ ബസില്‍ കയറിയ മറ്റൊരു ഉദ്യോഗസ്ഥന്‍ ഡ്രൈവറുമായും കണ്ടക്ടറുമായും ഒത്തുചേര്‍ന്ന്‌ തന്നെ അപമാനിക്കുകയായിരുന്നുവെന്നാണ്‌ യുവതിയുടെ പരാതി. മൂവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന്‌ ദല്‍ഹി ഗതാഗതമന്ത്രി രമാകന്ത്‌ ഗോസ്വാമി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.