ഇന്ന് പെട്രോള്‍ പമ്പ് സമരം

Monday 31 December 2012 12:13 pm IST

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ സമരത്തില്‍. ഓള്‍ കേരള ഫെഡറഫേഷന്‍ ഒഫ് പെട്രോളിയം ട്രേഡേഴ്സ്, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിലുള്ള സംയുക്ത സമരസമിതിയാണു സമരം നടത്തുന്നത്. പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാലസമരം നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ സമരം ഉണ്ടാകില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എണ്ണക്കമ്പനികളില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത് അന്യായമായി കൂട്ടിയ വിലകള്‍ കുറയ്ക്കുക, വ്യക്തമായ മാനദണ്ഡങ്ങളോടുകൂടി മാത്രം പുതിയ പമ്പുകള്‍ തുടങ്ങുക, എംഡിജിയുടെ പേരില്‍ എണ്ണക്കമ്പനികള്‍ ഡീലര്‍മാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, പെട്രോള്‍ പമ്പുകളുടെ വൈദ്യുതി നിരക്ക് സേവനഗണത്തില്‍പ്പെടുത്തുക, പമ്പുകളില്‍ അക്രമം കാണിക്കുന്നവര്‍ക്കെതിരേ ഗൂണ്ടാനിയമത്തിന്റെ പരിധിയില്‍പ്പെടുത്തി നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നു. എന്നാല്‍, എറണാകുളം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ കീഴിലുള്ള എല്ലാ പമ്പുകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി കെ.സി. അനില്‍കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.