ഒരു മെഡിക്കല്‍ മര്‍ഡര്‍

Monday 31 December 2012 10:17 pm IST

പാക്കിസ്ഥാനിലെ ഒളിത്താവളത്തില്‍ വധിച്ച അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദന്റെ മൃതദേഹം അമേരിക്കന്‍ സൈന്യം ആരുമറിയാതെ കടലില്‍ താഴ്ത്തുകയായിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയ ശേഷമാണ്‌ യുപിഎ സര്‍ക്കാര്‍ പുറംലോകത്തെ അറിയിച്ചത്‌. ഇരുവരുടേയും മരണത്തിന്റെ പേരില്‍ ഭീകരര്‍ പ്രകോപിതരാവാതിരിക്കാനായിരുന്നു ഇത്‌. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ലാദന്റെ കുഴിമാടത്തില്‍നിന്ന്‌ ഭീകരര്‍ പ്രചോദനം നേടരുത്‌ എന്ന ലക്ഷ്യവും യൂഎസ്‌ ഭരണകൂടത്തിനുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു പരിചരണം അര്‍ഹിക്കാന്‍ ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരണമടഞ്ഞ ഇരുപത്തിമൂന്നുകാരി പെണ്‍കുട്ടി എന്ന്‌ തിന്മയാണ്‌ ലോകത്തോട്‌ ചെയ്തത്‌? സിങ്കപ്പൂരിലെ ആശുപത്രിയില്‍ നിന്നെത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ദല്‍ഹിയില്‍ അതീവ രഹസ്യമായി സംസ്ക്കരിച്ച കേന്ദ്ര സര്‍ക്കാര്‍ ക്രൂരമായ പീഡനത്തിനിരയായി ജീവിതത്തോട്‌ വിടപറഞ്ഞ പെണ്‍കുട്ടിയെ ക്കുറിച്ചുളള ഓര്‍മയേയും അവള്‍ക്കായി നടന്ന പ്രാര്‍ത്ഥനകളെയും അവഹേളിച്ചിരിക്കുകയാണ്‌.
യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആരുടെ പക്ഷത്തായിരുന്നു? പൈശാചികമായ ലൈംഗിക പീഡനത്തിനിരയായി ഓരോ നിമിഷവും മരണത്തോട്‌ മല്ലടിക്കുകയായിരുന്ന പെണ്‍കുട്ടിക്കൊപ്പമോ അതോ അവളെ പിച്ചിച്ചീന്തിയവര്‍ക്കൊപ്പമോ? പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രസ്താവനകള്‍ കണക്കിലെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടിക്കൊപ്പമല്ലായിരുന്നു എന്ന്‌ വ്യക്തം.
ഡിസംബര്‍ പതിനാറിനാണ്‌ ബസ്സിലിട്ട്‌ ആറ്‌ പേര്‍ ചേര്‍ന്ന്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. വ്യാപകമായ പ്രതിഷേധത്തിനിടെ നിരന്തരം ആവശ്യമുയര്‍ന്നിട്ടും ഒരാഴ്ചയ്ക്കുശേഷമാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രശ്നത്തോട്‌ പ്രതികരിച്ചത്‌. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത മന്‍മോഹന്‍ 'ഇതുപോരെ' എന്ന അര്‍ത്ഥത്തില്‍ 'സബ്‌ ടീക്‌ ഹായ്‌' എന്നുപറഞ്ഞുകൊണ്ടാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌. ഈ 'പിഴവി'ന്റെ പേരില്‍ ചില ജീവനക്കാര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും അധികാരത്തിന്റെ ലഹരിപിടിച്ച ഒരു ഭരണാധികാരിയുടെ ഹൃദയശൂന്യതയാണ്‌ ഇത്‌ കാണിക്കുന്നത്‌. പെണ്‍കുട്ടിയ്ക്ക്‌ നീതി ലഭിയ്ക്കണമെന്നും പ്രതികള്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട്‌ തെരുവിലിറങ്ങിയവരെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വിശേഷിപ്പിച്ചത്‌ മാവോയിസ്റ്റുകളോടാണ്‌.
"വിദ്യാര്‍ത്ഥികളെന്ന പേരില്‍ സമരത്തിന്‌ എത്തിയ സുന്ദരികള്‍ മുഖത്ത്‌ വല്ലാതെ പൗഡറിട്ടും ചായം തേച്ചും വന്നവരാണ്‌" എന്നായിരുന്നു രാഷ്ട്രപതിയുടെ മകനും പശ്ചിമബംഗാളില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എംപിയുമായ അഭിജിത്‌ മുഖര്‍ജി പറഞ്ഞത്‌. യാഥാര്‍ത്ഥ്യവുമായി നേര്‍ത്ത ബന്ധം മാത്രമുള്ള പിങ്ക്‌ റവല്യൂഷന്‍ ആണ്‌ ദല്‍ഹിയില്‍ നടക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കുന്നവര്‍ നിശാക്ലബുകളില്‍ പോകുന്നവരാണെന്നുമുള്ള പരാമര്‍ശങ്ങളും അഭിജിത്‌ നടത്തുകയുണ്ടായി. സമരക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനുപരി ആശുപത്രിയില്‍ മരണവുമായി മല്ലടിക്കുന്ന പെണ്‍കുട്ടിയെ അവഹേളിക്കുന്നതിന്‌ തുല്യമായിരുന്നു ഇത്‌. "ന്യൂദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സമരത്തിനിടെ ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ പോലീസിന്റേയും വിചാരണയുടേയും ജഡ്ജിയുടേയും പണി ചെയ്യുകയാണ്‌" എന്നാണ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌ അമര്‍ഷം കൊണ്ടത്‌.
ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ്‌ പ്രസിഡന്റായ ബോസ്ത സത്യനാരായണ ഒരു പടി കൂടി കടന്നു. "ഇന്ത്യയ്ക്ക്‌ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയത്‌ പാതിരായ്ക്ക്‌ ചുറ്റിയടിച്ചു നടക്കാനാണോ" എന്നാണ്‌ സത്യനാരായണ ചോദിച്ചത്‌. ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ കുറ്റം കൊണ്ടാണ്‌ അവരെ ആറ്‌ പേര്‍ ചേര്‍ന്ന്‌ കൂട്ട ബലാത്സംഗം ചെയ്തത്‌ എന്നാണ്‌ ഇതിനര്‍ത്ഥം.
പെണ്‍കുട്ടിയ്ക്കുവേണ്ടി സമരം ചെയ്യുന്ന എല്ലാവരുടേയും പരാതികള്‍ കേള്‍ക്കും എന്നാണ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധി ടെലിവിഷനിലൂടെ ഉറപ്പുനല്‍കിയത്‌. എന്നാല്‍ ഇത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അവകാശവാദമായിരുന്നു. തങ്ങളെ ശാന്തമായി ഭരിക്കാന്‍ അനുവദിക്കാത്ത ശല്യക്കാരായാണ്‌ കോണ്‍ഗ്രസും സര്‍ക്കാരും സമരക്കാരെ കണ്ടത്‌. ഇന്ത്യാ ഗേറ്റിലും ജന്തര്‍മന്തറിലും റെയ്സീന കുന്നിലും സമരം ചെയ്തവരെ കണ്ണീര്‍വാതകം പ്രയോഗിച്ചും ജലപീരങ്കി ഉപയോഗിച്ചും ലാത്തിച്ചാര്‍ജ്ജ്‌ നടത്തിയും കേന്ദ്രസര്‍ക്കാര്‍ ക്രൂരമായി നേരിടുകയാണുണ്ടായത്‌. മെട്രോ സ്റ്റേഷനുകള്‍ അടച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയും പ്രതികാരമനോഭാവത്തോടെ സമരത്തെ നേരിടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യാ ഗേറ്റിന്‌ സമീപം നാലായിരം പോലീസുകാരെയാണ്‌ അണിനിരത്തിയത്‌. സമരത്തിനിടെ പോലീസുകാരനായ സുഭാഷ്‌ ചന്ദ്‌ തോമാര്‍ കൊല്ലപ്പെട്ടത്‌ ഹൃദയാഘാതം കൊണ്ടാണെന്ന്‌ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ പരിശോധനയില്‍ വ്യക്തമായിട്ടും മര്‍ദ്ദനമേറ്റാണ്‌ മരണം സംഭവിച്ചതെന്ന്‌ പ്രചരിപ്പിച്ച്‌ അതിന്റെ ഉത്തരവാദിത്വം സമരക്കാരുടെ തലയില്‍ കെട്ടിവെയ്ക്കുകയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ്‌ ചെയ്തത്‌. ഇതേ പോലീസ്‌ തന്നെയാണ്‌ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മജിസ്ട്രേറ്റിന്‌ മുമ്പാകെ മൊഴി നല്‍കുമ്പോള്‍ നിയമവിരുദ്ധമായി അവിടെ നിന്നത്‌.
പീഡനം നടന്നതിന്റെ പിറ്റേദിവസം ഡിസംബര്‍ പതിനേഴിനാണ്‌ പെണ്‍കുട്ടിയെ ദല്‍ഹിയിലെ സഫ്ദര്‍ജംഗ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക്‌ ഗുരുതരമായ ക്ഷതമേറ്റിരുന്നു. ഒന്നിലധികം പ്രാവശ്യം അണുബാധയുണ്ടായി. എങ്കിലും ഒമ്പത്‌ ദിവസത്തെ ഇവിടുത്തെ ചികിത്സക്കിടെ പെണ്‍കുട്ടിയുടെ നില മെച്ചപ്പെടുകയുണ്ടായി. അതീവ ഗുരുതരമായ അവസ്ഥയില്‍ കഴിയുമ്പോഴും അവള്‍ സംഭവത്തെക്കുറിച്ച്‌ പോലീസിന്‌ മൊഴി നല്‍കി. മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റാനും മുടി പിന്നിക്കെട്ടിയിടാനും ആശുപത്രിക്കിടക്കയിലും അവള്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ സഫ്ദര്‍ ജംഗ്‌ ആശുപത്രിയിലെ ചികിത്സയിലൂടെ അവള്‍ ജീവിതത്തിലേക്ക്‌ തിരിച്ചുവരികയാണെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായി. ഇതിനിടെയാണ്‌ ഈ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. എന്തിനുവേണ്ടിയായിരുന്നു ഈ തിടുക്കം എന്ന്‌ പരിശോധിക്കുമ്പോള്‍ അസ്വസ്ഥജനകമായ ഒരു നിഗമനത്തിലാവും ഒരാള്‍ക്ക്‌ എത്തിച്ചേരേണ്ടി വരിക.
എയര്‍ബസില്‍ മുപ്പതിനായിരം അടി ഉയരത്തിലൂടെ സിങ്കപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയിലേക്കുള്ള പെണ്‍കുട്ടിയുടെ യാത്ര സഫ്ദര്‍ജംഗ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിലക്കിയതാണ്‌. മാധ്യമങ്ങള്‍ക്കൊന്നും വിവരം നല്‍കാതെ രഹസ്യമായി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഗുഡ്ഗാവിലെ 'മെദാന്ത മെഡിസിറ്റി'യിലെ ഡോക്ടര്‍മാരെ കൂട്ടുപിടിച്ചായിരുന്നു ഇത്‌. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയശേഷമാണ്‌ പെണ്‍കുട്ടിയെ ചികിത്സിച്ചുകൊണ്ടിരുന്ന സഫ്ദര്‍ ജംഗ്‌ ആശുപത്രിയിലെ ഡോക്ടര്‍മാരെപ്പോലും ഇക്കാര്യം അറിയിച്ചത്‌. ഈ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട്‌ ബി.സി.അത്താനി ഉടന്‍തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ സന്ദര്‍ശിച്ച്‌ ഹൃദയാഘാതം ഉള്‍പ്പെടെയുണ്ടായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയിലുള്ള ആശങ്ക അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. എല്ലാ തീരുമാനിച്ചു കഴിഞ്ഞു എന്നായിരുന്നുവത്രെ ഷിന്‍ഡെയുടെ മറുപടി. 'മെദാന്ത'യിലെ ഡോക്ടര്‍മാര്‍മാത്രം പെണ്‍കുട്ടിയെ അനുഗമിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ പിടിവാശി. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായപ്പോള്‍ സഫ്ദര്‍ജംഗിലെ ഡോ.പി.കെ.വര്‍മയെ സംഘത്തിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ സിങ്കപ്പൂരിലേക്ക്‌ മാറ്റിയതില്‍ രാഷ്ട്രീയമില്ലെന്നാണ്‌ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പ്രതികരിച്ചത്‌. എന്നാല്‍ സംഭവത്തോടുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ സമീപനവും സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതിയും കണക്കിലെടുക്കുമ്പോള്‍ ഖുര്‍ഷിദ്‌ പറയുന്നത്‌ മുഖവിലക്കെടുക്കാനാവില്ല. പെണ്‍കുട്ടി സഫ്ദര്‍ജംഗ്‌ ആശുപത്രിയില്‍ക്കിടന്ന്‌ മരിച്ചാലുണ്ടാവുന്ന പ്രതിഷേധത്തിന്റെ പ്രത്യാഘാതം മുന്‍നിര്‍ത്തിയാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക്‌ മുതിര്‍ന്നതെന്ന്‌ പലരും കരുതി. എന്നാല്‍ ഇതിനെക്കാള്‍ ഗൂഢവും നീചവുമായാണ്‌ സര്‍ക്കാര്‍ ചിന്തിച്ചതെന്നാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. ഇതിന്‌ കാരണങ്ങള്‍ പലതാണ്‌.
ദല്‍ഹി അതിന്റെ ചരിത്രത്തില്‍ ദര്‍ശിച്ചിട്ടില്ലാത്ത പ്രതിഷേധസമരങ്ങള്‍ക്കാണ്‌ സാക്ഷ്യംവഹിച്ചത്‌. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ ഭരണ സിരാകേന്ദ്രത്തെ വിഴുങ്ങിയ പ്രതിഷേധം കോണ്‍ഗ്രസ്‌ നേതൃത്വത്തെ വിറകൊള്ളിച്ചു. ബലാല്‍സംഗം ചെറുക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തെക്കുറിച്ച്‌ ചര്‍ച്ച നടത്താന്‍ പ്രത്യേക പാര്‍ലമെന്റ്‌ സമ്മേളനം വിളിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതും ഇതുകൊണ്ടായിരുന്നു. ആശുപത്രിക്കിടക്കയില്‍ മരണത്തോട്‌ മല്ലടിച്ച്‌ കിടക്കുന്ന പെണ്‍കുട്ടി പീഡനത്തിന്റെ മാത്രമല്ല, ഭരണകൂടത്തിന്റെ മനുഷ്യത്വമില്ലായ്മയുടെയും പ്രതീകമായി അനുനിമിഷം വളരുകയായിരുന്നു.
ജീവിതത്തിലേക്കോ മരണത്തിലേക്കോ എപ്പോള്‍ വേണമെങ്കിലും വഴുതിവീഴാവുന്ന പെണ്‍കുട്ടി ഓരോ ദിവസവും സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്തു. മരിയ്ക്കാന്‍ മടിച്ചുകൊണ്ടിരുന്ന അവള്‍ സര്‍ക്കാരിന്റെ ആയുസ്സ്‌ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച്‌ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ഒലിച്ചുപോകുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഭയപ്പെട്ടു. പെണ്‍കുട്ടി ഇനിയൊരിക്കലും ജീവിതത്തിലേക്ക്‌ തിരിച്ചുവരില്ലായിരിക്കാം. എന്നാല്‍ ഡോക്ടര്‍മാരുടെ വിദഗ്ധ പരിചരണത്തില്‍ അവള്‍ മരണത്തിന്‌ കീഴ്പ്പെടാതെ കിടന്നാല്‍ പ്രതിഷേധം പിന്നെയും കത്തിപ്പടരുമായിരുന്നു. ഒരൊറ്റ ഭരണാധികാരിക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവുമായിരുന്നു. ഉറക്കം നഷ്ടമായ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഗതി തങ്ങള്‍ക്കും വരുമെന്ന്‌ കേന്ദ്രഭരണത്തിലെ ഓരോ മന്ത്രിമാര്‍ക്കും തോന്നി. എന്ത്‌ വിലകൊടുത്തും ഇതൊഴിവാക്കാന്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തീരുമാനിക്കുകയായിരുന്നു. അതിന്‌ അവര്‍ കണ്ടെത്തിയ കുടിലതന്ത്രമായിരുന്നില്ലേ പെണ്‍കുട്ടിയെ സിങ്കപ്പൂരിലേക്ക്‌ മാറ്റുകയെന്നത്‌? സഫ്ദര്‍ജംഗ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടതുപോലെതന്നെ സിങ്കപ്പൂരിലെത്തിച്ച പെണ്‍കുട്ടിക്ക്‌ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍വെച്ച്‌ ഹൃദയാഘാതവും മസ്തിഷ്കക്ഷതവുമുണ്ടായി. അധികം വൈകാതെ അവള്‍ മരണത്തിന്‌ കീഴടങ്ങുകയും ചെയ്തു. മുന്നറിയിപ്പുകളെ അവഗണിച്ച്‌ പെണ്‍കുട്ടിയെ സിങ്കപ്പൂരിലേക്ക്‌ മാറ്റാന്‍ മുന്‍കയ്യെടുത്ത ചിലരെങ്കിലും ആഗ്രഹിച്ചതായിരുന്നു ഇതെന്ന്‌ സംശയരഹിതമായി പറയാം. സിങ്കപ്പൂരിലേത്‌ വിദഗ്ധ ചികിത്സയല്ല, അതിവിദഗ്ധമായി ആസൂത്രണം ചെയ്ത ഒരു 'മെഡിക്കല്‍ മര്‍ഡര്‍' ആയിരുന്നു! ഔചിത്യത്തിന്റെ പേരില്‍ ഇത്‌ പറയാതിരിക്കുന്നത്‌ അപരാധമായിരിക്കും.
ജനസംഘം സ്ഥാപകനും കേന്ദ്രത്തിലെ ആദ്യ വ്യവസായമന്ത്രിയുമായിരുന്ന ശ്യാമപ്രസാദ്‌ മുഖര്‍ജി (1953), മുന്‍പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി (1966), ജനസംഘം നേതാവായിരുന്ന ദീനദയാല്‍ ഉപാധ്യായ (1968), മുന്‍ റെയില്‍വെമന്ത്രി എല്‍.എന്‍. മിശ്ര (1975) എന്നീ മഹാരഥന്മാരുടെ ദുരൂഹമരണങ്ങളില്‍ ആരോപണവിധേയമായിട്ടുള്ള കോണ്‍ഗ്രസിന്‌ ഡോക്ടറാവണമെന്ന സ്വപ്നം താലോലിച്ച്‌ നടന്ന ഒരു പാവം പെണ്‍കുട്ടിയെ മരണത്തിന്‌ വിട്ടുകൊടുക്കാന്‍ വലിയ മടിയൊന്നും ഉണ്ടാവില്ലല്ലോ.
>> മുരളി പാറപ്പുറം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.