പമ്പാശുദ്ധീകരണം അട്ടിമറിച്ചെന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പൂഴ്ത്തി

Tuesday 1 January 2013 10:48 pm IST

ആലപ്പുഴ: പമ്പയിലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആസൂത്രിതമായി അട്ടിമറിച്ചത്‌ സംബന്ധിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പൂഴ്ത്തിയതില്‍ ദുരൂഹതയേറെ. വിജിലന്‍സിനെ കൊണ്ടോ, മറ്റ്‌ സമാന ഏജന്‍സികളെ നിയോഗിച്ചോ അന്വേഷണം അടിയന്തരമായി നടത്തണമെന്ന്‌ 2010 ആഗസ്റ്റ്‌ 22ന്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌.ഡി.ജയപ്രസാദ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ്‌ രണ്ടുവര്‍ഷം പിന്നിട്ടിട്ടും വെളിച്ചം കാണാത്തത്‌. ശബരിമല തീര്‍ഥാടനകാലത്തെ ഞുണങ്ങാര്‍ ശുചീകരണം ചില ശക്തികള്‍ ആസൂത്രിതമായി അട്ടിമറിച്ചതിനെ കുറിച്ച്‌ സര്‍ക്കാരിന്റെ തന്നെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ്‌ നടപടിയെടുക്കാതെ പൊടിപിടിക്കുന്നത്‌. പമ്പയിലെ കടുത്ത മലിനീകരണം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പൊതുജനാരോഗ്യത്തെ വരെ സാരമായി ബാധിക്കുന്ന ദുരവസ്ഥയാണിപ്പോഴുള്ളത്‌. ശബരിമല തീര്‍ഥാടനകാലത്ത്‌ ഞുണങ്ങാറിലൂടെ ഒഴുകിയെത്തി കുട്ടനാട്‌ വരെ വ്യാപിക്കുന്ന മലിനീകരണത്തിന്റെ തോത്‌ കുറയ്ക്കുന്നതിനായി 2007-08 തീര്‍ഥാടനകാലത്ത്‌ നടപ്പാക്കിയ പദ്ധതിയാണ്‌ 'ഞുണങ്ങാര്‍ റിവര്‍ ട്രീറ്റ്മെന്റ്‌ പദ്ധതി'. ഇതനുസരിച്ച്‌ ഞുണങ്ങാറില്‍ ചെറിയാനവട്ടത്ത്‌ മൂന്ന്‌ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ച്‌ ഫെറസ്‌ ക്ലോറൈഡ്‌ ഉപയോഗിച്ച്‌ മലിനീകരണം കുറയ്ക്കുന്നതായിരുന്നു പദ്ധതി. ഇങ്ങനെ ശുദ്ധീകരിച്ച ഞുണങ്ങാറില്‍ നിന്നുള്ള ജലം പമ്പാ കുളിക്കടവിന്‌ താഴെ പമ്പാ നദിയില്‍ ചേരും. പദ്ധതി നടപ്പാക്കുന്നതിന്‌ മുന്‍പ്‌ പമ്പ-ഞ്ഞുണങ്ങാര്‍ സംയോജന സ്ഥാനത്തിന്‌ താഴെ കോളിഫോം ബാക്ടീരിയയുടെ അളവ്‌ 100 മില്ലി ലിറ്ററില്‍ 3 ലക്ഷത്തോളമായിരുന്നു. കുളിക്കാനുള്ള വെള്ളത്തില്‍ അനുവദനീയമായത്‌ 100 മില്ലിമീറ്റര്‍ വെള്ളത്തില്‍ 2,500 ഫിക്കന്‍ കോളിഫോം ബാക്ടീരിയയും കുടിക്കാനുള്ള വെള്ളത്തില്‍ പൂജ്യവും മാത്രമാണ്‌. എന്നാല്‍ പദ്ധതി നടപ്പാക്കിയതിന്‌ ശേഷം കോളിഫോം ബാക്ടീരിയയുടെ അളവ്‌ 2007-08ല്‍ അറുപതിനായിരമായും, 2008-09ല്‍ അയ്യായിരമായും കുറയ്ക്കാന്‍ കഴിഞ്ഞു. അതിനാല്‍ തന്നെ അക്കാലത്ത്‌ പകര്‍ച്ചവ്യാധികളുടെ വ്യാപനം കുറവായിരുന്നതായും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി തുടര്‍ന്നിരുന്നെങ്കില്‍ 2009-10 വര്‍ഷം ഫിക്കല്‍ കോളിഫോമിന്റെ അളവ്‌ അനുവദനീയ പരിധിയായ 2,500ല്‍ താഴെയാകുമായിരുന്നു. എന്നാല്‍ ചിലര്‍ ഉള്ളില്‍ നിന്നും പുറത്തുനിന്നും പദ്ധതിക്ക്‌ തുരങ്കംവെയ്ക്കുകയായിരുന്നുവെന്നും ബോര്‍ഡ്‌ വ്യക്തമാക്കുന്നു. ഫെറസ്‌ ക്ലോറൈഡില്‍ ഘനലോഹങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അപകടകരമായ തോതില്‍ കലര്‍ന്നിട്ടുണ്ടെന്ന പ്രചാരണം നടത്തിയാണ്‌ പദ്ധതി നടത്തിപ്പിനെ തകര്‍ത്തത്‌. എന്നാല്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഫെറസ്‌ ക്ലോറൈഡ്‌ മലിനജലം ശുദ്ധീകരിക്കുന്നതിന്‌ അനുയോജ്യമാണെന്ന്‌ കണ്ടെത്തിയിരുന്നു. ശബരിമല സന്നിധാനത്ത്‌ പ്രതിദിനം 50 ലക്ഷം ലിറ്റര്‍ മലിനജലം സംസ്ക്കരിക്കാനുള്ള സീവേജ്‌ സംസ്ക്കരണ പ്ലാന്റ്‌ ഇതുവരെ യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ ഞുണങ്ങാറിലെ മാലിന്യ സംസ്ക്കരണം അത്യാവശ്യമാണ്‌. പമ്പയിലെ മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ ശേഷി 35 ലക്ഷം ലിറ്ററില്‍ നിന്ന്‌ 50 ലക്ഷമാക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. പമ്പ രോഗാണുവാഹിയാകുമ്പോള്‍ അതിന്റെ പരോക്ഷ ഗുണഭോക്താക്കള്‍ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെയും സമീപ ജില്ലകളിലേയും സ്വകാര്യ ചികിത്സകരും ഔഷധ വിതരണക്കാരുമാണെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം അത്യാവശ്യമാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അഭിപ്രായപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ്‌ മാറിമാറി വന്ന സര്‍ക്കാരുകള്‍ പൂഴ്ത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.