ഗുരുദേവ ദര്‍ശനം കര്‍ണാടകയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും : ജഗദീഷ്‌ ഷെട്ടാര്‍

Tuesday 1 January 2013 11:00 pm IST

ശിവഗിരി : പിന്നോക്ക വര്‍ഗ്ഗത്തിന്റെ മോചനത്തിന്‌ വേണ്ടി പോരാടിയ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പുതിയ തലമുറ സ്വായത്തമാക്കണമെന്നും അതിനായി കേരളത്തിന്റെ മാതൃക പിന്തുടര്‍ന്ന്‌ കര്‍ണാടകയിലും ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും കര്‍ണാടകമുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍ പറഞ്ഞു. 80-ാ‍മത്‌ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരില്‍ ശ്രീനാരായണഗുരുവിന്‌ അനുയോജ്യമായ സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ടുന്ന സ്ഥലം എത്രയും പെട്ടെന്ന്‌ നല്‍കും. അതിന്‌ വേണ്ട നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത്‌ ശിവഗിരിയിലെത്തിയ അന്നത്തെ കര്‍ണാടകമുഖ്യമന്ത്രി സദാനന്ദഗൗഡയാണ്‌ ബാംഗ്ലൂരില്‍ സ്ഥലം അനുവദിക്കാമെന്ന്‌ പ്രഖ്യാപിച്ചത്‌. ഗുരുദേവന്‍ കാട്ടിയ ആത്മീയ അടിത്തറയാണ്‌ രാജ്യത്തിന്റെ സാമൂഹ്യപുരോഗതിക്ക്‌ കാരണമായിട്ടുള്ളതെന്നും ഷെട്ടാര്‍ പറഞ്ഞു. മേഘാലയ ഗവര്‍ണര്‍ രഞ്ജിത്ത്‌ ശേഖര്‍ മുഷാഹരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതുവത്സര ദിവസം തന്നെ പുണ്യഭൂമിയായ ശിവഗിരിയില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ശിവഗിരിയില്‍ എത്തണമെന്നത്‌ തന്റെ വളരെക്കാലത്തെ ആഗ്രഹമാണെന്നും അത്‌ സഫലമായതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ പറഞ്ഞത്‌ സദസ്സ്‌ കരഘോഷത്തോടെയാണ്‌ സ്വീകരിച്ചത്‌. കേരള നവോത്ഥാനത്തിന്‌ നേതൃത്വം നല്‍കിയ സാമൂഹ്യ പരിഷ്കര്‍ത്താവാണ്‌ ഗുരു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. മതങ്ങളിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളണം. ആവശ്യമില്ലാത്തവ തള്ളിക്കളയണം. ധര്‍മ്മച്യുതി അനുവദിക്കാന്‍ പാടില്ലെന്നും മുഷാഹരി പറഞ്ഞു. അഡ്വ. കെ. ഗോപിനാഥന്‍, ആര്‍. പ്രസാദ്‌, എഡിജിപി എ. ഹേമചന്ദ്രന്‍, ഡി. രാജ്കുമാര്‍, എം.കെ. മോഹനന്‍, കെ.കെ. കൃഷ്ണാനന്ദബാബു, പെരിങ്ങമ്മല രാമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, സത്യാനന്ദ തീര്‍ത്ഥസ്വാമി, പി.ജെ. കുര്യന്‍, എ. സമ്പത്ത്‌ എംപി, വര്‍ക്കല കഹാര്‍ എംഎല്‍എ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്‌, പി. ചന്ദ്രമോഹനന്‍, നഗരസഭ ചെയര്‍മാന്‍ കെ. സൂര്യപ്രകാശ്‌, അജി. എസ്‌ആര്‍എം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.