മദനി പ്രശ്നം: ഭരണ-പ്രതിക്ഷ നിലപാട്‌ ആശങ്കാജനകം

Tuesday 1 January 2013 11:02 pm IST

മലപ്പുറം: മുസ്ലീം വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ട്‌ അബ്ദുല്‍നാസര്‍ മദനിയുടെ കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും സ്വീകരിക്കുന്ന നിലപാടുകള്‍ ആശങ്കാജനകം. മദനിക്കുവേണ്ടി അഞ്ചംഗ അഭിഭാഷക പാനലിനെ ചുമതലപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം ശരിയല്ലെന്ന്‌ നിയമ വിദഗ്ധരുടെ അഭിപ്രായം. രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന മദനിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന അഭിഭാഷകര്‍ കോടതിയില്‍ ഹാജരായാല്‍ അത്‌ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ സംഭവമായിരിക്കും. കേന്ദ്ര സര്‍ക്കാരും കര്‍ണ്ണാടക ആഭ്യന്തര വകുപ്പും വാദിസ്ഥാനത്തുള്ള കേസില്‍ പ്രതിക്കുവേണ്ടി മറ്റൊരു സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകര്‍ ഹാജരാകുന്നത്‌ ഭരണഘടനാപ്രതിസന്ധി സൃഷ്ടിക്കുകയും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയായി കണക്കാക്കപ്പെടുമെന്നുമാണ്‌ നിയമവിദഗ്ധര്‍ വിശദീകരിക്കുന്നത്‌. മദനിക്കുവേണ്ടി ബാംഗ്ലൂര്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകുന്നത്‌ ഉചിതമല്ലെന്ന്‌ കാണിച്ച്‌ സര്‍ക്കാറിന്‌ ഇതിനകം നിയമോപദേശം ലഭിച്ചതായാണ്‌ സൂചന. മദനിയുടെ കേസ്‌ കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കര്‍ണ്ണാടക സര്‍ക്കാരിന്‌ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെന്നും വിചാരണ എന്ന്‌ തുടങ്ങണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതിയാണെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ജഗതീഷ്‌ ഷെട്ടാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാമെങ്കിലും മദനിയുടെ പേരില്‍ വിവാദമുണ്ടാക്കി വോട്ടുബാങ്ക്‌ സൃഷ്ടിക്കുകയെന്ന്‌ രാഷ്ട്രീയ തന്ത്രമാണ്‌ ഇവര്‍ പയറ്റുന്നത്‌. സിപിഎമ്മാണ്‌ മദനി കേസ്‌ വിവാദമാക്കാന്‍ ആദ്യം രംഗത്തെത്തിയത്‌ എന്നതും ശ്രദ്ധേയമാണ്‌. കേന്ദ്ര കമ്മറ്റി തീരുമാനപ്രകാരം മുസ്ലിം പ്രീണനത്തിനായി സിപിഎം ദേശീയതലത്തില്‍ ആരംഭിച്ചിട്ടുള്ള പരിപാടിയുടെ ഭാഗമായാണ്‌ മദനിക്കുവേണ്ടി പാര്‍ട്ടി രംഗത്തെത്തിയത്‌. ബംഗാളിലും കേരളത്തിലും നഷ്ടപ്പെട്ട മുസ്ലിം പിന്തുണ വീണ്ടെടുക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സിപിഎം നേതൃയോഗങ്ങളില്‍ ധാരണയുണ്ടായിരുന്നു. സിപിഎം രംഗത്തെത്തിയതോടെ യുഡിഎഫ്‌ സര്‍ക്കാരും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ സിപിഎമ്മിനെ കടത്തിവെട്ടാന്‍ തന്ത്രങ്ങള്‍ മെനയുകയാണ്‌ ഉണ്ടായത്‌. ഇതിന്റെ ഭാഗമായാണ്‌ അഭിഭാഷക പാനലിനെ നിയമിക്കാനും മറ്റും സര്‍ക്കാര്‍ തീരുമാനിച്ചത്‌. എന്നാല്‍ ഇപ്പോള്‍ ഈ നീക്കം സര്‍ക്കാറിനുതന്നെ തിരിച്ചടിയാകുമെന്നാണ്‌ സൂചന. നിയമോപദേശം ലഭിച്ച സ്ഥിതിക്ക്‌ മദനിക്കുവേണ്ടി അഭിഭാഷകരെ നിയോഗിക്കാനുള്ള ശ്രമത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്തിരിയുമോ എന്ന കാര്യം കാത്തിരുന്ന്‌ കാണേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.