ദല്‍ഹിയില്‍ വീണ്ടും പീഡനം: രണ്ടു പേര്‍ പിടിയില്‍

Wednesday 2 January 2013 12:24 pm IST

ന്യൂദല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പേ ദക്ഷിണ ദല്‍ഹിയിലെ സഫ്ദര്‍ജംഗ്‌ എന്‍ക്ലേവ്‌ മേഖലയില്‍ കൗമാരക്കാരി പീഡനത്തിനിരയായി. പുതുവര്‍ഷ രാത്രിയില്‍ മയക്കുമരുന്ന്‌ അടങ്ങിയ പാനീയം നല്‍കിയാണ്‌ പന്ത്രണ്ടാം ക്ലാസുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ടു ദല്‍ഹിയിലെ ഒരു പ്രമുഖ ഐ.ടി സ്ഥാപനത്തിലെ രണ്ടു ജീവനക്കാരെ പോലീസ്‌ അറസ്റ്റു ചെയ്തു. നഗരമധ്യത്തിലെ പ്രമുഖ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ സൗഹൃദം സ്ഥാപിച്ചാണ് ഐടി ജീവനക്കാരായ പ്രതികളിലൊരാള്‍ വശത്താക്കിയത്. പുതുവത്സര പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള ഇയാളുടെ ക്ഷണമനുസരിച്ചു സഫ്ദര്‍ ജങ് എന്‍ക്ലേവില്‍ എത്തിയ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി. യാത്രയ്ക്കിടെ മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി മയക്കിയ ശേഷം ഫ്ലാറ്റിലെത്തിച്ചായിരുന്നു പീഡനം. ഫ്ലാറ്റില്‍ നിന്നു രക്ഷപെട്ട പെണ്‍കുട്ടി സഫ്ദര്‍ ജങ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വൈകാതെ പോലീസ് പ്രതികളെ പിടികൂടി. ഇവരെ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. സരോജിനി നഗറില്‍ താമസിക്കുന്ന 30 കാരായ ഇരു പ്രതികളും കുടുംബസ്ഥരാണ്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക്‌ വിധേയമാക്കി, ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടും പെണ്‍കുട്ടിയുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ ഐപിസി 376/34 വകുപ്പനുസരിച്ചാണ്‌ കേസ്‌ എടുത്തിരിക്കുന്നതെന്ന്‌ പോലീസ്‌ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.