സുന്ദരകാണ്ഡം

Sunday 24 July 2011 7:15 pm IST

വാനരശ്രേഷ്ഠനായ ഹനുമാന്റെ വചനംകേട്ടു ചിരിച്ചുകൊണ്ട്‌ സുരസ പറഞ്ഞു. "നീ വേഗം പോയി സീതാവൃത്താന്തമറിഞ്ഞ്‌ വിജയിച്ചുവരിക. വിവരമെല്ലാം ശ്രീരാമദേവനെ അറിയിക്കുക. അതുകേള്‍ക്കുമ്പോള്‍ രാമദേവനുണ്ടാകുന്ന കോപാഗ്നിയില്‍ രാക്ഷസകുലമെല്ലാം നശിപ്പിക്കണം. നിന്റെ ബുദ്ധിയും ശക്തിയും പരീക്ഷിച്ചറിയുന്നതിന്‌ ദേവന്മാര്‍ അയച്ചതാണ്‌ എന്നെ." ഇങ്ങനെ പറഞ്ഞ സുരസ തന്റെ ചരിത്രമെല്ലാം ഹനുമാനെ അറിയിച്ചശേഷം ദേവലോകത്തേക്ക്‌ യാത്രയായി.
വീണ്ടും യാത്ര തുടര്‍ന്ന ഹനുമാന്‍ ഗരുഡതുല്യനായി ആകാശത്തിലൂടെ സഞ്ചരിച്ച്‌ സാഗരത്തിന്‌ മുകളിലെത്തി. ഇത്‌ കണ്ട സാഗരം, രാമദൂതന്‌ വിശ്രമം നല്‍കണമെന്ന്‌ ആഗ്രഹിച്ച്‌ സമുദ്രാന്തര്‍ഭാഗത്തുള്ള മറഞ്ഞുകിടന്നിരുന്ന മൈനാകത്തെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു:
ഇക്ഷ്വാക കുലനാഥനായ സാഗരന്റെ തനയന്മാര്‍ എന്നെ വളര്‍ത്തിയതുകൊണ്ടാണ്‌ ഞാന്‍ സാഗരം എന്നറിയപ്പെടുന്നത്‌. ഇക്ഷ്വാക കുലത്തില്‍ പിറന്നവനാണ്‌ ശ്രീരാമദേവന്‍. രാമകാര്യത്തിനായി പോകുന്ന ഇവന്‌ യാതൊരു പതനവും ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ നീ സമുദ്രാന്തര്‍ഭാഗത്തുനിന്ന്‌ ഉയര്‍ന്നുചെന്ന്‌ അവന്റെ തളര്‍ച്ച തീര്‍ക്കാന്‍ വേണ്ടതെല്ലാം ചെയ്ത്‌ അവനെ സല്‍ക്കരിക്കണം."
സ്വര്‍ണ്ണമയവും വെട്ടിത്തിളങ്ങുന്ന ശോഭയുള്ളതുമായ മൈനാകം സാഗരത്തിന്റെ വാക്കുകള്‍ അനുസരിച്ച്‌ സമുദ്രാന്തര്‍ഭാഗത്ത്‌ നിന്നും ഉയര്‍ന്ന്‌ മാനുഷവേഷധാരിയായി ഹനുമാനോട്‌ പറഞ്ഞു: "ഞാന്‍ ഹിമവാന്റെ പുത്രനായ മൈനാകമാണ്‌. സാഗരത്തിന്റെ ആവശ്യപ്രകാരം നിന്റെ ക്ഷീണവും വിശപ്പും മാറ്റാന്‍ ഞാന്‍ ഉയര്‍ന്നുവന്നു. അതിനാല്‍ നീ എന്റെ പുറത്തിരുന്ന്‌ അമൃതസമമായ ജലവും മധുവും കുടിച്ച്‌ ദാഹവും, മധുരഫലങ്ങള്‍ കഴിച്ച്‌ വിശപ്പും തീര്‍ത്ത്‌ വിശ്രമിച്ചുപോവുക."
"രാമകാര്യാര്‍ത്ഥത്തിനായി പോകുന്ന ഞാന്‍ രാമകാര്യം സാധിക്കുന്നതുവരെ അലസതയോടെ എവിടെയെങ്കിലും വിശ്രമിക്കുന്നതും വഴിയില്‍ നിന്നും ആഹാരം കഴിക്കുന്നതും ഉചിതമല്ല. രാമകാര്യം സാധിച്ചശേഷമേ അതൊക്കെ ചെയ്യൂ. പകല്‍ അവസാനിക്കുന്നതിന്‌ മുമ്പ്‌ എനിക്ക്‌ ലങ്കയില്‍ എത്തണം. ബന്ധുസല്‍്ക്കാരം ഞാന്‍ സ്വീകരിച്ചിരിക്കുന്നു." ഇത്രയും പറഞ്ഞ ഹനുമാന്‍ മൈനാകത്തെ തന്റെ കൈകളാല്‍ തലോടിക്കൊണ്ട്‌ വീണ്ടും യാത്രയായി.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.