മരുന്ന്‌ പരീക്ഷണം: കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം

Thursday 3 January 2013 10:44 pm IST

ന്യൂദല്‍ഹി: അനധികൃത മരുന്നുപരീക്ഷണത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മരുന്നു പരീക്ഷണത്തിന്‌ നിയന്ത്രണ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ മരുന്നുപരീക്ഷണം നടത്താന്‍ പാടുള്ളു എന്ന്‌ ജസ്റ്റിസുമാരായ ആര്‍.എം.ലോധ, എ.ആര്‍.ദേവ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. അനധികൃതമായി മരുന്നുപരീക്ഷണം നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര ആരോഗ്യസെക്രട്ടറിക്കായിരിക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ബഹുരാഷ്ട്രകമ്പനികളുടെ മരുന്നുകള്‍ അനധികൃതമായി ജനങ്ങളില്‍ പരീക്ഷിക്കുന്നത്‌ രാജ്യത്തെ നാശത്തിലേക്ക്‌ നയിക്കുമെന്നും ഒട്ടേറെ പൗരന്‍മാരുടെ മരണത്തിന്‌ ഇത്‌ ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി മരുന്നു പരീക്ഷണം നടത്തുന്ന ബഹുരാഷ്ട്രകമ്പനികളുടെ റാക്കറ്റിനെ ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിയന്തരമായി പ്രശ്നം കൈകാര്യം ചെയ്യണമെന്ന്‌ നിര്‍ദ്ദേശം നല്‍കിയ കോടതി ഇത്തരത്തില്‍ സംഭവിക്കുന്ന മരണം റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും അനധികൃത പരീക്ഷണങ്ങള്‍ തടയേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഓര്‍മ്മിപ്പിച്ചു.
പ്രശ്നത്തില്‍ ആവര്‍ത്തിച്ച്‌ ഇടപെടുന്നതില്‍ കോടതിക്ക്‌ ദു:ഖമുണ്ടെന്നും കോടതി ഇടപെടുമ്പോള്‍ കരട്‌ ബില്ലുകള്‍ ഉണ്ടാക്കുക മാത്രമാണ്‌ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കരട്‌ ബില്ലുകള്‍ ഉണ്ടാക്കുകയല്ല നിയമം നടപ്പാക്കുകയാണ്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. പ്രശ്നം പഠിക്കാന്‍ സമിതികള്‍ രൂപീകരിക്കാന്‍ എളുപ്പമാണ്‌. ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്‌. എന്നാല്‍ അനധികൃത മരുന്നുപരീക്ഷണങ്ങളില്‍ മരിച്ചവരുടെ ജീവന്‌ ആര്‌ വില നല്‍കുമെന്നും കോടതി ചോദിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ഗിനി പന്നികളെപ്പോലെ ജനങ്ങളെ മരുന്നു പരീക്ഷണത്തിന്‌ ഇരകളാക്കുന്നത്‌ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോടതി പറഞ്ഞു.
മനുഷ്യനെ ഗിനിപന്നികളെപ്പോലെ പരീക്ഷണത്തിന്‌ വിധേയമാക്കുന്നു എന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന്‌ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട്‌ വിശദീകരണം ചോദിച്ചിരുന്നു. ഇത്തരത്തില്‍ സംഭവിച്ച മരണസംഖ്യയും മരുന്നു കഴിക്കുന്നവര്‍ നേരിടുന്ന പാര്‍ശ്വഫലങ്ങളും ഇവര്‍ക്ക്‌ നല്‍കിയ നഷ്ടപരിഹാരവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ നല്‍കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്‌. ജനങ്ങളെ ഗിനിപ്പന്നികളെപ്പോലെ മരുന്നു പരീക്ഷണത്തിന്‌ വിധേയരാക്കുന്നെന്ന്‌ ചൂണ്ടിക്കാട്ടി ഭോപ്പാലിലെ സ്വാസ്ഥ്യ ആധാര്‍ മഞ്ച്‌ നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലായിരുന്നു കോടതി നിര്‍ദ്ദേശം. 2008 -2010 കാലയളവില്‍ അനധികൃത മരുന്നു പരീക്ഷണം മൂലം 288 മുതല്‍ 598 വരെ മരണങ്ങള്‍ നടന്നതായും 3,300 പേര്‍ മരുന്നു പരീക്ഷണത്തിന്‌ വിധേയരായിട്ടുണ്ടെന്നും ഇതില്‍ പതിനഞ്ചോളം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നാല്‍പ്പതോളം പ്രൈവറ്റ്‌ ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടെന്നും സ്വാസ്ഥ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോടിക്കണക്കിന്‌ രൂപ ഇതിനായി ഡോക്ടര്‍മാര്‍ക്ക്‌ നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.