ഈജിപ്റ്റില്‍ രാഷ്ട്രീയമാറ്റത്തിനായി പ്രകടനങ്ങള്‍

Sunday 24 July 2011 9:00 pm IST

കീ്റോ: ഈജിപ്റ്റില്‍ ജനാധിപത്യം ആവശ്യപ്പെടുന്ന പ്രകടനക്കാരും ഭരണകക്ഷി അനുഭാവികളും തമ്മിലുള്ള ഏറ്റുമുട്ടലൊഴിവാക്കാന്‍ സുരക്ഷാസേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. കീ്റോയിലെ രാജ്യരക്ഷാ മന്ത്രാലയത്തിന്‌ നേരെ നീങ്ങിയ പ്രകടനക്കാര്‍ക്കുനേരെ സര്‍ക്കാര്‍ അനുകൂലികള്‍ കരിങ്കല്ലുകളും കുപ്പികളും വീശിയെറിഞ്ഞു.
മിലിട്ടറി കൗണ്‍സിലിന്റെ ആസ്ഥാനത്തേക്ക്‌ ഇതു രണ്ടാം തവണയാണ്‌ ജനക്കൂട്ടം പ്രകടനം നടത്തുന്നത്‌. ജനാധിപത്യം പുനസ്ഥാപിക്കാമെന്ന കൗണ്‍സില്‍ മുഖ്യന്റെ വാഗ്ദാനം അവഗണിച്ചാണ്‌ പ്രകടനക്കാര്‍ അണിനിരന്നത്‌. ഒരു പൊതുയോഗത്തിലൂടെ ഈജിപ്റ്റ്‌ സൈനിക മേധാവി ഫീല്‍ഡ്‌ മാര്‍ഷല്‍ തന്ത്‌വൈ സംഘര്‍ഷത്തിന്‌ അയവുവരുത്താന്‍ ശ്രമിച്ചിരുന്നു. പ്രസിഡന്റ്‌ ഹോസ്നി മുബാരക്കിനെതിരെ പ്രതിഷേധിച്ച യുവത്വത്തെ അദ്ദേഹം ശ്ലാഘിക്കുകയും പൗരന്മാരുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും സംരക്ഷിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥിതി ഉണ്ടാകുമെന്ന്‌ വാഗ്ദാനം ചെയ്തിരുന്നതുമാണ്‌.
ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ക്ക്‌ താന്‍ വഴിയൊരുക്കുമെന്നും അത്‌ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലൂടെ സ്വാതന്ത്ര്യവും പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും പുതിയ ഭരണം രൂപീകൃതമാവുമെന്നും ജനാധിപത്യപരമായി വോട്ടിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാമെന്നുമായിരുന്നു ഫീല്‍ഡ്‌ മാര്‍ഷല്‍ അറിയിച്ചത്‌. പക്ഷേ ഭരണ കൗണ്‍സില്‍ തങ്ങളുടെ ഫേസ്ബുക്കിലൂടെ പ്രതിഷേധക്കാര്‍ പട്ടാളവും ജനങ്ങളും തമ്മിലുള്ള വിടവ്‌ വര്‍ധിപ്പിക്കുകയാണെന്ന്‌ കുറ്റപ്പെടുത്തിയിരുന്നു. പ്രകടനക്കാരെ തടയാന്‍ പട്ടാളം കമ്പികള്‍കൊണ്ട്‌ റോഡുകള്‍ ഉപരോധിക്കുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ആകാശത്തേക്ക്‌ വെടിവെക്കുകയും ചെയ്തു.
കയ്‌റോയില്‍ നടക്കുന്ന പ്രകടനം അലക്സാഡ്രിയയില്‍ വെള്ളിയാഴ്ച പ്രകടനക്കാര്‍ക്ക്‌ നേരെ പട്ടാളം ബലപ്രയോഗം നടത്തിയതില്‍ പ്രതിഷേധിച്ചാണെന്നു പ്രകടനക്കാര്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ പ്രസിഡന്റ്‌ മുബാറക്കിനെ സ്ഥാനഭൃഷ്ടനാക്കിയതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച ഈജിപ്റ്റിലെ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. കയ്‌റോയിലെ തഹീര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പ്രതിഷേധ പ്രകടനക്കാരുടെ ലക്ഷ്യം മിലിട്ടറി കൗണ്‍സിലായിരുന്നു.
മുബാരക്കിനെതിരെയും അദ്ദേഹത്തിന്റെ ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെയും ശക്തമായ നടപടികളെടുക്കാത്തതിന്‌ അവര്‍ കൗണ്‍സിലിനെ കുറ്റപ്പെടുത്തി. രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങള്‍ ത്വരിതഗതിയിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ മുബാറക്കിനെ പുറത്താക്കിയതുമുതല്‍ സംഘര്‍ഷം ആരംഭിച്ചതായി വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടി.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.