സിംഹവാലന്‍ കുരങ്ങിനെ കൊല്ലരുത്‌ കാട്ടുപന്നിയെക്കൊല്ലാം

Sunday 24 July 2011 9:34 pm IST

സെയിലന്റ്‌വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുവാനായി അന്നത്തെ സമരക്കാര്‍ മുന്നോട്ടുവച്ച പ്രധാന ആശയം കീസ്റ്റോണ്‍ സ്പീഷിസായ (ഒരു ജീവിക്ക്‌ വംശനാശം സംഭവിച്ചാല്‍ അതിനെ ആശ്രയിക്കുന്ന മറ്റനേകം ജീവജാലങ്ങള്‍ക്ക്‌ വംശനാശഭീഷണി ഉണ്ടാകാന്‍ ഇടയുള്ള സ്പീഷിസ്‌) സിംഹവാലന്‍ കുരങ്ങിന്റെ ആവാസവ്യവസ്ഥയായ സെയിലന്റ്‌ വാലി വനാന്തരങ്ങള്‍ ജലവൈദ്യുതി പദ്ധതിക്കായി നഷ്ടപ്പെട്ടാല്‍ കൂടുതല്‍ ജൈവവൈവിധ്യനാശം ഉണ്ടാകൂ എന്നതാണ്‌.
അത്‌ ഭക്ഷ്യ ശൃംഖലാജാലത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന കാരണത്താലാണ്‌ പ്രധാനമായും സെയിലന്റ്‌ വാലി പദ്ധതി ഉപേക്ഷിക്കുവാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനമെടുത്തത്‌. എന്നാല്‍ ഇതേ ജൈവവൈവിധ്യ പ്രാധാന്യമുള്ള കാട്ടുപന്നികളെ കൊല്ലാന്‍ കേരളസര്‍ക്കാര്‍ അനുമതി നല്‍കിയതിന്‌ യാതൊരു ന്യായീകരണവുമില്ല. സെയിലന്റ്‌വാലി പദ്ധതി വരാതിരിക്കുവാനുള്ള സമരത്തിലുണ്ടായിരുന്ന ഒരു മെമ്പര്‍ കാട്ടുപന്നിയെ കൊല്ലാന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച കമ്മറ്റിയില്‍ ഉണ്ടായിരുന്നുവെന്നത്‌ വിരോധാഭാസമായി നിലനില്‍ക്കുന്നു. ശാസ്ത്രീയമായ കണക്കുകള്‍ നിരത്താതെ കാട്ടുപന്നികള്‍ ക്രമാതീതമായി പെരുകിയതായി അനുമാനിച്ച്‌ അവയെ കൊല്ലുവാന്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ ഈ ജൈവവൈവിധ്യ പതിറ്റാണ്ടില്‍ സംഭവിക്കുവാന്‍ പാടില്ലാത്തതായിരുന്നു. ഐക്യരാഷ്ട്ര സംഘടന ഈ പതിറ്റാണ്ടിനെ ജൈവവൈവിധ്യ പതിറ്റാണ്ടായിട്ടാണ്‌ കണക്കാക്കുന്നത്‌. കാട്ടുപന്നിയും മറ്റ്‌ മൃഗങ്ങളും കൃഷി നശിപ്പിക്കുന്നുവെന്ന ഒരൊറ്റ കാരണത്താല്‍ അവയെ നിയന്ത്രിക്കുന്നതിന്‌ മറ്റനേകം മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നിരിക്കലും കൂട്ടക്കൊല ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്‌ അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും വനംവന്യജീവി സംരക്ഷണ നിയമങ്ങള്‍ക്കും എതിരായിപ്പോയി. വനമേഖലയ്ക്ക്‌ ചുറ്റും താമസിക്കുന്നവര്‍ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതിനായി റേഞ്ച്‌ ആഫീസര്‍ക്കോ അസിസ്റ്റന്റ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡനോ പരാതി നല്‍കിയാല്‍ കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ്‌ ലഭിക്കുന്ന അവസ്ഥ കാട്ടുപന്നിയുടെ വംശനാശത്തില്‍ കലാശിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.
ജൈവവൈവിധ്യ സംരക്ഷണത്തില്‍ കാട്ടുപന്നിക്കും സിംഹവാലന്‍ കുരങ്ങിനും തമ്മില്‍ എന്താണ്‌ വ്യത്യാസം എന്നാണ്‌ മനസ്സിലാകാത്തത്‌. കൊടിയുടെ നിറമനുസരിച്ച്‌ കമ്മറ്റികളില്‍ കയറിക്കൂടുന്ന "വിദഗ്ദ്ധരെ" സൂക്ഷിക്കണം എന്നതാണ്‌ കാട്ടുപന്നിക്കെതിരെയുള്ള റിപ്പോര്‍ട്ടിന്റെ അന്തസത്ത. തങ്ങളെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയവരെയും മറ്റ്‌ കമ്മറ്റി മെമ്പര്‍മാരെയും പിണക്കരുത്‌ എന്നതരത്തില്‍ തീരുമാനമെടുക്കുന്ന കപട ജൈവവൈവിധ്യ വിദഗ്ദ്ധരെ ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു. കാട്ടുപന്നികള്‍ സസ്യഭുക്കുകളാണ്‌. കായ്കളും കിഴങ്ങുകളും ഭക്ഷണമാക്കുന്ന കാട്ടുപന്നികള്‍ പലപ്പോഴും മണ്ണിളക്കി ഭക്ഷണംനേടുന്നതുകൊണ്ട്‌ മണ്ണിലെ മൂലകങ്ങള്‍ കൂടുതലായി ചെടികള്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്‌. കൂടുതല്‍ മഴവെള്ളം മണ്ണിലോട്ട്‌ ആഴന്നിറങ്ങുന്നതിനും കളചെടികള്‍ നശിക്കുന്നതിനും കാട്ടുപന്നികള്‍ മണ്ണ്‌ ഉഴുത്‌ മറിക്കുന്നത്‌ മൂലം ഇടവരുന്നുണ്ട്‌. വിത്ത്‌ വിതരണം നടത്തുന്നതിലും കാട്ടുപന്നികള്‍ സംഭാവന ചെയ്യുന്നുണ്ട്‌.
പതിനേഴാം നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ച ഡോഡോ എന്ന പക്ഷിമൂലമായിരുന്നു മൗറീഷ്യസ്‌ ദ്വീപിലെ ഒട്ടനവധി വൃക്ഷങ്ങളുടെ വിത്തുകള്‍ മുളച്ചിരുന്നത്‌ എന്ന്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഡോഡോ ആഹാരമാക്കുന്ന ഫലങ്ങളിലെ വിത്തുകള്‍ക്ക്‌ അവയുടെ ആമാശയത്തിലെ രാസാഗ്നികളുടെ പ്രവര്‍ത്തനംമൂലം പുറംതോടിന്റെ കാഠിന്യം കുറഞ്ഞുകിട്ടുന്നു. ഇങ്ങനെ പുറംതോടിന്റെ കട്ടി കുറഞ്ഞാല്‍ മാത്രമേ അവ മുളക്കാറുള്ളൂ. ആയതിനാല്‍ മൗറീഷ്യന്‍ കാടുകളിലെ മരങ്ങളുടെ വിത്തുകള്‍ 'ഡോഡോ' എന്ന പക്ഷിയുടെ വംശനാശത്തോടെ മുളയ്ക്കാതാവുകയും വനനാശത്തില്‍ ചെന്നെത്തുകയും ചെയ്തതായി രേഖപ്പെടുത്തുന്നുണ്ട്‌.
കാട്ടുപന്നികള്‍ ആഹാരമാക്കുന്ന പല കായ്കളുടേയും വിത്തുകള്‍ ഇത്തരത്തിലുള്ള പുറന്തോടിന്റെ കാഠിന്യം കുറയ്ക്കുന്നതിന്‌ ഇടവരുന്നുണ്ടോ എന്ന്‌ പഠിക്കേണ്ടതായിട്ടുണ്ട്‌. ഭക്ഷണസാധനങ്ങളുടെ ക്ഷാമവും ക്രമാതീതമായ പെരുകലും ഒരുപക്ഷെ കാട്ടുപന്നികള്‍മൂലം കൃഷി നശിപ്പിക്കുവാന്‍ ഇടവരുത്തീട്ടുണ്ടാകാം. എന്നാല്‍ ഒരു പരാതിയുടെ പേരില്‍ അവയെ വെടിവെച്ചു കൊല്ലുവാന്‍ തുടങ്ങിയാല്‍ അവയുടെ എണ്ണം ക്രമാതീതമായി കുറയുവാന്‍ ഇടവരും. അത്‌ ഭക്ഷ്യശൃംഖലാ ജാലത്തിലെ കണ്ണി നഷ്ടപ്പെടുവാനും കാട്ടുപന്നിയെ ആഹാരമാക്കുന്ന വന്യജീവികളെ നാട്ടിലിറങ്ങി മനുഷ്യനെ വേട്ടയാടാന്‍ പ്രേരിപ്പിക്കുമെന്നതും നാം മറന്നുകൂടാത്തതാണ്‌. അപ്പോള്‍ പിന്നെ അവയെ വെടിവയ്ക്കാനും ഉത്തരവിറക്കേണ്ടിവരും. പന്നിയിറച്ചി രുചികരമായതിനാല്‍ പരാതികളുടെ പ്രവാഹമായിരിക്കും. വെടിയിറച്ചി തിന്നരുതെന്നും കുഴിച്ചുമൂടണമെന്നും കത്തിച്ചു കളയണമെന്നുമൊക്കെ കടലാസ്സില്‍ എഴുതി വയ്ക്കാം.
സംഭവിക്കാന്‍ പോകുന്നത്‌ ഉദ്യോഗസ്ഥരുടേയും പന്നി വേട്ടക്കാരുടേയും അവിഹിത കൂട്ടായ്മയാണ്‌.അത്‌ കാട്ടുപന്നിയുടെ വംശനാശത്തിലായിരിക്കും കലാശിക്കുകയെന്നുമാത്രം. മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിന്റെ പേരില്‍ രൂപീകരിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട്‌ മേയ്‌ മൂന്ന്‌ 2011 ല്‍ കേരള വനം വന്യജീവി ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്‍പ്രകാരം നിയന്ത്രിതമായി കര്‍ഷകര്‍ക്ക്‌ ഉപദ്രവമായിത്തീരുന്ന കാട്ടുപന്നികളെ വെടിവെയ്ക്കുവാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വയനാട്‌, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11(ബി)വകുപ്പുപ്രകാരവും 5 (2) വകുപ്പ്‌ പ്രകാരവും ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‌ കാട്ടുപന്നികളെ വെടിവയ്ക്കുവാനുള്ള ഉത്തരവിറക്കുവാനുള്ള അധികാരം റേഞ്ച്‌ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ്‌ വൈല്‍ഡ്ലൈഫ്‌ വാര്‍ഡന്‍മാര്‍ക്കും നല്‍കുവാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. ഈ ശുപാര്‍ശകള്‍ ജൈവവൈവിധ്യ നാശത്തിലാണ്‌ കലാശിക്കുക. ഈ ശുപാര്‍ശയിന്മേല്‍ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്‌ അന്താരാഷ്ട്ര ജൈവവൈവിധ്യ പതിറ്റാണ്ടില്‍ വലിയ തെറ്റായിപ്പോയി. വെടിവെച്ച്‌ കൊല്ലുക എന്നതാണ്‌ മനുഷ്യന്റെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിക്കായി കേരളസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതെങ്കില്‍ മനുഷ്യനെ കൊല്ലുന്നവരേയും പീഡിപ്പിക്കുന്നവരേയും നശിപ്പിക്കുന്നവരേയും തല്‍സമയം വെടിവെച്ചു കൊല്ലേണ്ടതല്ലേ? സംസാരിക്കാന്‍ കഴിവുള്ള മനുഷ്യന്റെ കാര്യത്തില്‍ കേസും കോടതിയും വിസ്താരവുമൊക്കെ കഴിഞ്ഞിട്ടേ മരണം വിധിക്കുന്നുള്ളൂ. എന്നാല്‍ സംസാര ശേഷിയില്ലാത്ത കാട്ടുപന്നിയുടെ കാര്യത്തില്‍ സ്വന്തം ജീവന്‍നിലനിര്‍ത്തുവാന്‍ ഭക്ഷണം തേടുന്നതിന്റെ പേരില്‍ അവരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടത്‌ കണ്ണില്‍ ചോരയില്ലാത്ത നടപടിയായി പോയി. അതായത്‌ മനുഷ്യന്‌ എന്തുമാകാം ഈ ഭൂമുഖത്തെ മറ്റു ജീവികള്‍ക്ക്‌ ആഹാരസമ്പാദനം പോലും ആകാന്‍ പാടില്ലെന്ന അവസ്ഥ. കാട്ടുപന്നികളുടെ വംശം നിയന്ത്രിക്കുവാന്‍ ആണ്‍കാട്ടുപന്നികളെ മയക്കുവെടിവെച്ച്‌ വീഴ്ത്തി വാസക്ടമിയ്ക്ക്‌ വിധേയമാക്കാം, കാട്ടില്‍ അവയ്ക്ക്‌ ആവശ്യമായ കിഴങ്ങുകള്‍ നട്ടുവളര്‍ത്താം. വനനശീകരണം തടയുക, വനത്തിലെ കൃഷി തടയുക, കയ്യേറ്റവും കുടിയേറ്റവും തടയുക, വനപരിപാലനം കാര്യക്ഷമമാക്കുക, വനാതിര്‍ത്തിയിലെ കൃഷി നിയന്ത്രിക്കുക തുടങ്ങി മനുഷ്യന്‌ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാതെ മിണ്ടാപ്രാണികളെ എന്തിന്റെപേരിലായാലും കൊന്നൊടുക്കുവാന്‍ ഉത്തരവിറക്കിയത്‌ അതിക്രൂരമായ നടപടിയായിപ്പോയി.
വനങ്ങള്‍ വന്യജീവികള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. അവ നശിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും. എന്നാല്‍ വനപാലകരായി ഖജനാവില്‍നിന്ന്‌ പണമെടുത്ത്‌ നാം തീറ്റിപ്പോറ്റുന്നവര്‍ ഉത്തരവാദിത്തം നിറവേറ്റാതെ എണ്ണം പെരുകിയെന്ന വ്യാജേന പാവം കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്ന്‌ അവയുടെ എണ്ണം കുറയ്ക്കാമെന്ന കമ്മറ്റിയുടെ കണ്ടുപിടിത്തം ബാലിശമായിപ്പോയി. വെടിവയ്ക്കുന്നതിന്‌ കമ്മറ്റി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അതിലേറെ തമാശയാണ്‌. വനത്തിനകത്തെ കാട്ടുപന്നിയെ വെടിവയ്ക്കരുത്‌. അകത്ത്‌ വെടിവെച്ച്‌ പുറത്തിട്ടാല്‍ പോരെ? മുലയൂട്ടുന്ന കാട്ടുപന്നിയെ വെടിവയ്ക്കരുത്‌. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികള്‍ മുലയൂട്ടുന്നവയാണോ എന്ന്‌ ആരോട്‌ ചോദിക്കും? ആദിവാസി സമൂഹങ്ങള്‍ താമസിക്കുന്ന കാടുകളിലെ ഊരുക്കളില്‍ വെടിവയ്ക്കാനുള്ള അനുമതി നല്‍കാം.ആദിവാസികളുടെ പേരില്‍ കാട്ടുപന്നിവേട്ടയാകാമെന്ന്‌ സംസാരം. കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ഉദ്യമത്തിനിടയില്‍ കാട്ടില്‍ കയറുന്ന പന്നിയെ പിന്തുടര്‍ന്ന്‌ കാട്ടില്‍ കയറി വെടിവയ്ക്കാന്‍ പാടില്ലത്രെ. കാട്ടില്‍ പിന്തുടര്‍ന്നല്ല വെടിവെച്ചതെന്ന്‌ എങ്ങനെ തെളിയിക്കും? നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ നാട്ടിലേയ്ക്ക്‌ ഓടിച്ചാല്‍ സുഖമായി വെടിവെയ്ക്കാനാകുമെന്ന്‌ സാരം. കാട്ടുപന്നി കൃഷി നശിപ്പിക്കുന്ന സമയത്ത്‌ രാത്രിയായാലും ബന്ധപ്പെട്ടവര്‍ പരാതി നല്‍കി വെടിവെയ്ക്കാനുള്ള ഓര്‍ഡറും വാങ്ങിവന്ന്‌ പന്നിയെ വെടിവെയ്ക്കുകയെന്നത്‌ തികച്ചും അപ്രായോഗികമാണ്‌. ആയതിനാല്‍ ഈ റിപ്പോര്‍ട്ടിന്റേയും ഉത്തരവിന്റേയും പേരില്‍ വ്യാപകമായ കാട്ടുപന്നിവേട്ട നടക്കുമെന്ന്‌ തീര്‍ച്ചയാണ്‌. ആറുമാസം കഴിയുമ്പോള്‍ കാട്ടുപന്നിവേട്ടയെ പറ്റി വിലയിരുത്തണമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ ആറുമാസത്തിനകം തന്നെ ഒരുവിധം കാട്ടുപന്നികള്‍ കറിച്ചട്ടിയില്‍ വെന്ത്‌ കാണും. ആധുനിക ശാസ്ത്രം വളരെയേറെ വളര്‍ന്നിട്ടും വലിയ വിദഗ്ദ്ധരെന്ന്‌ സ്വയം നടിക്കുന്ന റിട്ടയര്‍മെന്റും പതിറ്റാണ്ടും കഴിഞ്ഞവരും ചേര്‍ന്ന്‌ നല്‍കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ച്‌ പന്നിയെ വെടിവെയ്ക്കുവാന്‍ ഉത്തവിട്ടത്‌ തികച്ചും അപലപനീയമാണ്‌.
വന്യജീവികളുടെ എണ്ണം കുറയ്ക്കുവാനുള്ള നടപടി വെടിവെച്ച്‌ കൊല്ലുകയെന്നതല്ല. അതിനായി നൂതനശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കലാണ്‌. വന്യജീവി സംരക്ഷണത്തില്‍ കര്‍ണാടക വന്യജീവി വകുപ്പ്‌ നടത്തുന്ന പരിശ്രമങ്ങള്‍ കേരളത്തിന്‌ മാതൃകയാകേണ്ടതാണ്‌. ഈ സാഹചര്യത്തില്‍ കാട്ടുപന്നിയെ വെടിവയ്ക്കുവാനുള്ള ഉത്തരവ്‌ സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണ്‌.
ഡോ.സി.എം.ജോയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.