ജനങ്ങളെ ഷോക്കടിപ്പിക്കരുത്‌

Sunday 24 July 2011 9:33 pm IST

കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ബഹുവിധമായ നടപടികള്‍ മൂലം ജനങ്ങളാകെ കെടുതിനേരിട്ടുകൊണ്ടിരിക്കുകയാണ്‌. മനുഷ്യനൊഴികെ മേറ്റ്ല്ലാറ്റിനും വിലകൂടിക്കൊണ്ടിരിക്കുന്നു. ദൈനംദിന ജീവിതം എങ്ങിനെ തള്ളിനീക്കുമെന്ന ചിന്തയാണ്‌ സാധാരണക്കാരനെ അലട്ടിക്കൊണ്ടിരിക്കുന്നത്‌. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവ്‌ സര്‍വമേഖലയിലും കെടുതിയാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. ഭരണപരമായ പല തീരുമാനങ്ങളാല്‍ നിത്യോപയോഗസാധനങ്ങളുടെ വില വാണംപോലെ ഉയരുകയായിരുന്നു. അതിന്‌ ഊര്‍ജ്ജം പകരാനാണ്‌ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത്‌ സഹായിച്ചത്‌. അതോടൊപ്പം പാചകവാതകത്തിന്റെ വില സിലിണ്ടര്‍ ഒന്നിന്‌ 50 രൂപ കൂട്ടുകയും ചെയ്തു. ഒറ്റയടിക്ക്‌ ഇത്രയും രൂപ വര്‍ധിപ്പിച്ച ചരിത്രമില്ല.
പെട്രോളിയം വിലവര്‍ധനമൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തിന്‌ ലഭിക്കുന്ന അധിക നികുതിവേണ്ടെന്ന്‌ വച്ച്‌ വീമ്പുപറയുന്ന സര്‍ക്കാറാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. അതിന്‌ ബദലായി ഇതാ വൈദ്യുതിനിരക്ക്‌ കൂട്ടാന്‍പോകുന്നു. സര്‍ചാര്‍ജ്‌ വര്‍ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ്‌ നിരക്ക്‌ വര്‍ധന നടപ്പാക്കുന്നത്‌. ആഗസ്റ്റ്‌ ഒന്നുമുതല്‍ ചാര്‍ജ്‌ വര്‍ധന പ്രാബല്യത്തിലാകും. ദിവസം 20 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ യൂണിറ്റിന്‌ 25 പൈസ വീതം സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തിയാണ്‌ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ്‌ പുറത്തിറക്കിയത്‌. പുറത്തുനിന്ന്‌ കെഎസ്‌ഇബി വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത പരിഹരിക്കാനാണ്‌ സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തിയതെന്നാണ്‌ ന്യായം. ആറുമാസത്തേക്ക്‌ സര്‍ചാര്‍ജ്‌ ഈടാക്കാനാണ്‌ റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതിബോര്‍ഡിന്‌ അനുമതി നല്‍കിയത്‌. ഒരിക്കല്‍ വര്‍ധിച്ചാല്‍പിന്നെ താഴ്ത്തിയ ചരിത്രമില്ലാത്തതിനാല്‍ ഏത്‌ നിരക്ക്‌ വര്‍ധനയും ശാശ്വതമാണെന്നാണ്‌ അനുഭവം.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച്‌ വരെയുള്ള അധികബാധ്യത 161.23 കോടി രൂപയ്ക്കുള്ളതാണ്‌ ഇന്ധന സര്‍ചാര്‍ജായി ഏര്‍പ്പടുത്താന്‍ ബോര്‍ഡ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ കമ്മീഷന്‍ ഇത്‌ 150.29 കോടിയായി നിജപ്പെടുത്തി. 2009 ഒക്ടോബര്‍ മുതല്‍ 2010 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തെ കാലയളവില്‍ ഇന്ധനവില വര്‍ധനമൂലമുണ്ടായ അധികബാധ്യതയായി കമ്മീഷന്‍ അംഗീകരിച്ചത്‌ 381.42 കോടി രൂപയാണ്‌. ഈ തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാതെ 2010-2011 വര്‍ഷത്തെ ബോര്‍ഡിന്റെ അധികവരുമാനമായ 350.57 കോടി രൂപയില്‍ നിന്നും കുറവുചെയ്തിരുന്നു. ബാക്കി തുകയായ 30.58കോടി രൂപയും 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച്‌ വരെയുള്ള കാലയളവിലെ കമ്മീഷന്‍ നിജപ്പെടുത്തിയ 150.29 കോടി രൂപയും ചേര്‍ത്ത്‌ ആകെ 181.14 കോടി രൂപ സര്‍ചാര്‍ജായി ഈടാക്കുവാനാണ്‌ കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. ഇന്ധന സര്‍ചാര്‍ജായി ഈടാക്കുന്ന തുകയുടെ വിവരങ്ങള്‍ കൃത്യമായി ബില്ലില്‍ രേഖപ്പെടുത്തുന്നതിനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പിരിച്ചെടുക്കുന്ന തുകയുടെ കൃത്യമായ കണക്കുകള്‍ മാസംതോറും കമ്മീഷനു ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഈ തുക കേന്ദ്രസര്‍ക്കാറിനാണ്‌ നല്‍കേണ്ടത്‌. കേന്ദ്രവും കേരളവും ഭരിക്കുന്നത്‌ കോണ്‍ഗ്രസ്സാണ്‌. ഈ വകുപ്പ്‌ ഭരിക്കുന്നവരില്‍ കേന്ദ്രത്തില്‍ നിന്നുള്ള മന്ത്രിയുമാണ്‌. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിച്ചാലേ നേട്ടമുണ്ടാകൂ എന്ന്‌ വാദിക്കുന്നവര്‍ ഇരുസര്‍ക്കാറും ചേര്‍ന്ന്‌ ജനങ്ങളെ കൊള്ളയടിക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കരുത്‌.
വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കാന്‍ തല്‍ക്കാലം ആലോചനയില്ലെന്നാണ്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയാണ്‌ ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ്‌ പുതിയ നിരക്ക്‌ വര്‍ധനയ്ക്ക്‌ വൈദ്യുതി വകുപ്പ്‌ നല്‍കിയിരിക്കുന്ന വിശദീകരണം. പ്രതിമാസം 75 കോടി രൂപ നഷ്ടത്തിലാണ്‌ കെഎസ്‌ഇബി പ്രവര്‍ത്തിക്കുന്നതത്രെ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1350 കോടി രൂപയുടെ നഷ്ടത്തിലാണ്‌ ബോര്‍ഡ്‌ എത്തിയതെന്ന്‌ പറയുന്നു. പ്രസരണ വിതരണ നഷ്ടം നികത്തി ഇത്‌ ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നായിരുന്നു ബോര്‍ഡിന്റെ വാദം. അത്‌ പാഴ്‌വാക്കാണെന്ന്‌ വ്യക്തമായിരിക്കുകയാണിപ്പോള്‍. കേരളത്തില്‍ വൈദ്യുതി ഒരുകാലത്ത്‌ മിച്ചമായിരുന്നു.
അത്‌ നിലനിര്‍ത്താന്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ക്ക്‌ സാധിച്ചിട്ടില്ല. അഴിമതിയും കെടുകാര്യസ്ഥതയുമാണ്‌ ഈ രംഗം അടക്കിവാഴുന്നത്‌. പാഴ്ചെലവാണെങ്കില്‍ തടസ്സമില്ലാതെ തുടരുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം പ്രസരണനഷ്ടം കേരളത്തിലുണ്ടാകുന്നതിന്റെ കാരണം വിശദീകരിക്കാന്‍പോലും ബന്ധപ്പെട്ടവര്‍ക്ക്‌ കഴിയുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേതനം പറ്റുന്ന വിഭാഗമാണ്‌ വൈദ്യുതിമേഖലയിലുള്ളതെങ്കിലും ജീവനക്കാര്‍ക്ക്‌ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടെന്ന്‌ പറയാനൊക്കില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരവും ട്രെയിഡ്‌യൂണിയന്‍ ആക്ടിവിസവുമാണ്‌ വൈദ്യുതി പ്രവര്‍ത്തനമേഖലയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്‌. 150കോടി രൂപ സ്വരൂപിക്കാനാണ്‌ ആറുമാസത്തേക്ക്‌ സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തുന്നതെന്ന്‌ പറയുന്നു. ഈ തീരുമാനമെടുത്തവള്‍ എന്തുകൊണ്ട്‌ കുടിശ്ശിക പിരിവിന്‌ ശുഷ്കാന്തികാണിക്കുന്നില്ല എന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌. 1200 കോടി രൂപയുടെ കുടിശ്ശിക ഇപ്പോള്‍തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇതെല്ലാം വന്‍കിട കമ്പനികളും പൊതുമേഖലാസ്ഥാപനങ്ങളുമുണ്ടാക്കിയ കുടിശ്ശികയാണ്‌. സാധാരണക്കാരന്റെ ഗാര്‍ഹിക ബില്ലടയ്ക്കാന്‍ നിശ്ചിത തീയതി കഴിഞ്ഞാല്‍ ഫീസ്‌ ഊരാന്‍ ശുഷ്കാന്തികാട്ടുന്ന ഉദ്യോഗസ്ഥര്‍ എന്തേ ഇത്രയും ഭീമമായ കുടിശ്ശിക വരുത്തുന്നതിന്‌ കൂട്ടുനിന്നു എന്ന ചോദ്യം പ്രസക്തമാണ്‌. ശബരിമലയില്‍ തീര്‍ത്ഥാടനകാലത്ത്‌ ഉപയോഗിക്കുന്ന വൈദ്യുതിക്ക്‌ അധിക തുക നല്‍കണം. അതും മുന്‍കൂറായി. ഒരിളവും അവിടെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സാധാരണക്കാരന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. അങ്ങിനെയൊരു ഭരണകൂടം തുഛമായ തുക കണ്ടെത്താന്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നത്‌ ശരിയല്ല. നൂറുദിവസം നന്മമാത്രം ചെയ്യാന്‍ പ്രതിജ്ഞ ചെയ്തവര്‍ നൂറുദിവസം തികയുംമുന്‍പ്‌ തന്നെ തിന്മചെയ്യാന്‍ മുതിരരുത്‌. ഈ കാലയളവിലെങ്കിലും മേന്മ പറയിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. വൈദ്യുതിചാര്‍ജ്‌ മാത്രമല്ല യാത്രാനിരക്കും കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം.