പാസിംഗ്‌ഔട്ട്‌ പരേഡ്‌ പ്രഹസനമാകുന്നു

Sunday 24 July 2011 10:41 pm IST

തൃശൂര്‍ : പരിശീലനവും പാസ്സിങ്ങ്‌ ഔട്ട്‌ പരേഡുകളും പ്രഹസനമാകുന്നു. ഇന്നലെ രാമവര്‍മ്മപുരം പോലീസ്‌ അക്കാദമിയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരുടേയും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടേയും പാസ്സിങ്ങ്‌ ഔട്ട്‌ പരേഡിലൂടെയാണ്‌ ഇത്‌ തെളിഞ്ഞത്‌.
ഒരേ താളത്തില്‍ ഒരുമിച്ച്‌ ചിട്ടയോടെയുമാണ്‌ പാസ്സിങ്ങ്‌ ഔട്ട്‌ പരേഡ്‌ നടത്തേണ്ടത്‌. ഇതുകണ്ടാണ്‌ മന്ത്രി സെല്യൂട്ട്‌ സ്വീകരിക്കേണ്ടതും എന്നാല്‍ ഇതെല്ലാം ഇന്നലെ നടന്ന പാസ്സിങ്ങ്‌ ഔട്ട്‌ പരേഡില്‍ മറനീക്കി പുറത്തുവന്നു. പങ്കെടുത്ത ഭൂരിഭാഗം പേരും പലരീതിയിലാണ്‌ പാസ്സിങ്ങ്‌ ഔട്ട്‌ പരേഡില്‍ പങ്കെടുത്തത്‌. മന്ത്രി സെല്യൂട്ട്‌ സ്വീകരിക്കുന്ന സ്ഥലത്ത്‌ മൂന്ന്‌ മാസം പരിശീലനം പൂര്‍ത്തിയാക്കിയവരുടെ ചുവടുകളെല്ലാം പല രീതിയിലായിരുന്നു.
പോലീസിന്റെ അത്ര കര്‍ശനം ഇവര്‍ക്ക്‌ വേണ്ടെങ്കിലും പാസ്സിങ്ങ്‌ ഔട്ട്‌ പരേഡുപോലും താളപ്പിഴയില്ലാതെ നടത്തുന്നതിനുവേണ്ട പരിശീലനം പോലും നല്‍കുന്നില്ലെന്നാണ്‌ അറിയുന്നത്‌. പല യുവജന സംഘടനകള്‍ പോലും ഇതിലും നന്നായി ചിട്ടയോടെ പരേഡ്‌ നടത്തുമെന്ന്‌ കണ്ടുനിന്നവര്‍ പറഞ്ഞു. നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ തിയതിക്കനുസരിച്ച്‌ പരിശീലനകാലാവധി വെട്ടിച്ചുരുക്കി പരേഡ്‌ നടത്തിയ സംഭവങ്ങളും അക്കാദമിയില്‍ ഉണ്ടായിട്ടുണ്ട്‌. ഇന്നലെ 27 അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 2 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 29 പേരടങ്ങിയ ബാച്ചാണ്‌ പരിശീലനം പൂര്‍ത്തിയാക്കിയത്‌.
വാഹനങ്ങളുടെ ക്രമാതീതമായ വര്‍ദ്ധന കണക്കിലെടുതത്ത്‌ എന്‍ഫോഴ്സമെന്റ്‌ വിങ്‌ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്‌ ഗതാഗത വകുപ്പു മന്ത്രി വി.എസ്‌ ശിവകുമാര്‍ പരേഡില്‍ സെല്യൂട്ട്‌ സ്വീകരിച്ച്‌ പറഞ്ഞു. 100 ദിന വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഗതാഗത വകുപ്പില്‍ ഇ-പെയ്മെന്റ്‌ സംവിധാനം നടപ്പിലാക്കും . പരേഡില്‍ മന്ത്രിക്ക്‌ പുറമെ ട്രെയ്നിംഗ്‌ ഡയറക്ടര്‍ ജോസ്‌ ജോര്‍ജ്ജ്‌, ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ ടി.പി.സെന്‍കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍