പാഠമാകേണ്ട വിധി

Friday 4 January 2013 9:42 pm IST

ആര്യ വധക്കേസില്‍ പ്രതികള്‍ക്ക്‌ വധശിക്ഷ വിധിച്ച്‌ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്ജ്‌ ഇന്ത്യയ്ക്ക്‌ തന്നെ മാതൃകയായിരിക്കുകയാണ്‌. വട്ടപ്പാറ വിജയകുമാരന്‍ നായരുടെയും വിജയകുമാരിയുടെയും മകള്‍ 15 വയസ്സുകാരി ആര്യയെ കഴിഞ്ഞ മാര്‍ച്ച്‌ ആറിന്‌ ഓട്ടോ ഡ്രൈവര്‍ രാജേഷ്‌ കുമാര്‍ മാനഭംഗപ്പെടുത്തി കൊലയ്ക്കുശേഷം കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും മോതിരവും അപഹരിച്ച്‌ പ്രതിരക്ഷപ്പെടുകയായിരുന്നു. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ മുന്നോടിയായി പഠനാവധിയിലായിരുന്ന ആര്യ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ബലാല്‍സംഗ കേസുകളി വധശിക്ഷ നല്‍കുകയും ഷണ്ഡീകരിക്കല്‍ മുതലായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയൊട്ടാകെ ചര്‍ച്ചാ വിഷയമായിരിക്കെയാണ്‌ ഈ മാനഭംഗ വധക്കേസിലെ വിധി. പ്രതിയെ കണ്ടംഡ്‌ സെല്ലിലേയ്ക്ക്‌ മാറ്റാനും ഉപയോഗിച്ചിരുന്ന ഓട്ടോ അതിന്റെ ഉടമസ്ഥന്‌ വിട്ടുനല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. വധശിക്ഷയ്ക്ക്‌ പുറമെ മാനഭംഗക്കുറ്റത്തിന്‌ 10 വര്‍ഷം കഠിനതടവും ഭവനഭേദനം മുതലായ കുറ്റങ്ങള്‍ക്ക്‌ 23 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്‌. കേസിനാസ്പദമായ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന്‌ വിലയിരുത്തി, കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായും പ്രതി സമൂഹത്തിന്‌ ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടാണ്‌ വിധി. പ്രതിയുടെ രണ്ട്‌ ഭാര്യമാരടക്കം മുഴുവന്‍ സാക്ഷികളും മറ്റ്‌ സാക്ഷികളും പ്രതിക്കെതിരെ മൊഴി നല്‍കി. ഓട്ടോയുടെ പേരും അതിലെ ചിത്രവുമാണ്‌ കേസില്‍ വഴിത്തിരിവായത്‌. കൃത്യം നടക്കുന്ന സമയം ആര്യയുടെ വീടിനടുത്തുകൂടി നടന്നുപോയ പ്രണവ്‌ ആണ്‌ ഓട്ടോയുടെ പേരും ആര്യയുടെ വീടിന്റെ വാതില്‍ പകുതി തുറന്നു കിടക്കുന്നതായും മൊഴി നല്‍കിയതും.
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പ്രതി സഹോദരിയില്‍ നിന്നും കടം വാങ്ങിയ രൂപ തിരികെ കൊടുക്കുന്നതിനുവേണ്ടിയുമാണ്‌ കുറ്റം ചെയ്തത്‌. ആര്യ വധക്കേസിലെ വിധി അത്യപൂര്‍വ വിധിയായി നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കേസില്‍ വിചാരണ വേളയില്‍ ആര്യ വധക്കേസ്‌ വിധി നിര്‍ണായകമാകുമെന്ന്‌ കരുതപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ ശിക്ഷ വിധിക്കുന്നതില്‍ കേരളം നിര്‍ണായകമായെന്ന്‌ അഭിഭാഷക പരിഷത്ത്‌ അഭിപ്രായപ്പെട്ടിരിക്കുകയാണ്‌. ദല്‍ഹി കൂട്ടമാനഭംഗക്കൊല സാമൂഹിക ചര്‍ച്ചാ മണ്ഡലം കയ്യടക്കിയിരിക്കെ വന്ന വിധി നിര്‍ണായകമാണ്‌. ഈ കൊലക്കേസ്‌ ഇനി പ്രമാദമായതും ദേശീയ ചര്‍ച്ചാ വിഷയമായതും ഈ ക്രൂരകൃത്യം ഉളവാക്കിയ ജനവികാരം പ്രതിഷേധ രൂപത്തില്‍ ഇന്ത്യാ ഗേറ്റില്‍ രൂപപ്പെട്ടതാണ്‌ ഈ കേസിന്‌ ഇത്ര ശ്രദ്ധ നേടാന്‍ സഹായകമായത്‌. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിനുശേഷം പതിനെട്ടാം ദിവസമാണ്‌ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. പ്രതിയ്ക്ക്‌ വധശിക്ഷ നല്‍കണം എന്ന്‌ ദല്‍ഹി പോലീസും ശുപാര്‍ശ ചെയ്യുന്നു. ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം കൊലപാതകികള്‍ മര്‍ദ്ദിച്ചവശനാക്കി കൂട്ടുകാരനേയും റോഡില്‍ തള്ളുകയായിരുന്നു. ഇതില്‍ ആറു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ അയാളെ ജുവൈനല്‍ ജസ്റ്റിസ്‌ ബോര്‍ഡായിരിക്കുമത്രെ വിചാരണ ചെയ്യുക.
പക്ഷെ ഇയാളാണ്‌ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം പുറത്തേയ്ക്ക്‌ തള്ളി ബസ്‌ കയറ്റിക്കൊല്ലാന്‍ ആവശ്യപ്പെട്ടത്‌. മരിക്കുന്നതിന്‌ മുന്‍പ്‌ പെണ്‍കുട്ടി തന്നെ മജിസ്ട്രേറ്റിന്‌ നല്‍കിയ മൊഴിയും കൂടെയുണ്ടായിരുന്ന യുവ എന്‍ജിനീയറുടെ മൊഴിയും നിര്‍ണായകമായി. ബലാല്‍സംഗങ്ങള്‍ ഇന്ന്‌ ഒരു മാരക പകര്‍ച്ചവ്യാധി പോലെ വ്യാപകമാകുകയാണ്‌. ഈ സംഭവത്തിന്‌ ശേഷം നടന്ന പ്രക്ഷോഭം കത്തിക്കയറി നില്‍ക്കെ മറ്റൊരു ബസ്സില്‍ ഒരു സ്ത്രീയെ കൂട്ടബലാല്‍സംഗം നടത്താന്‍ ശ്രമമുണ്ടായിരുന്നു. ഈ ഹീനകൃത്യത്തിന്‌ കഠിനമായ ശിക്ഷ അനിവാര്യമാകുന്നത്‌ ഇത്‌ വ്യാപകമാകുന്നതിനാലാണ്‌. വനിതാ സംഘടനകളും മറ്റും ഷണ്ഡീകരണവും 30 വര്‍ഷത്തെ കഠിനതടവും നിര്‍ദ്ദേശിക്കുമ്പോള്‍ സിപിഎം അതിനെതിരാണ്‌. കഠിനതടവ്‌ മാത്രം മതിയെന്നാണ്‌ പാര്‍ട്ടി നിലപാട്‌. ഇപ്പോള്‍ ദല്‍ഹി കൂട്ട മാനഭംഗ, കൊലപാതകക്കേസിലെ പ്രതിയ്ക്ക്‌ വേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ പോലും വിസമ്മതിക്കുകയാണ്‌. സാകേത്‌ ബാര്‍ കൗണ്‍സിലിലുള്ള 2500 അഭിഭാഷകരാണ്‌ പ്രതിയ്ക്ക്‌ വേണ്ടി ഹാജരാകാന്‍ വിസമ്മതിച്ചത്‌. അങ്ങനെയാണെങ്കില്‍ ദല്‍ഹി ലീഗല്‍ സര്‍വീസ്‌ സൊസൈറ്റി സര്‍ക്കാര്‍ അപേക്ഷിച്ചാല്‍ അഭിഭാഷകനെ നല്‍കേണ്ടി വരും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ അങ്ങനെ ഒരു നീക്കവും ഉണ്ടായിട്ടില്ല എന്നത്‌ സ്വാഗതാര്‍ഹമാണ്‌. പ്രതികളുടെ ലൈംഗികശേഷി രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കല്‍ അപ്രായോഗികമെന്നാണ്‌ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.