പ്രായപൂര്‍ത്തി നിര്‍വചനത്തിന്റെ പരിധി പുനഃപരിശോധിച്ചേക്കും

Friday 4 January 2013 10:49 pm IST

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗ കേസില്‍ ആറാം പ്രതിയായ 17 കാരന്റെ ശിക്ഷ ഇളവ്‌ വിവാദമായിരിക്കെ പ്രായപൂര്‍ത്തി നിര്‍വ്വചനത്തിന്റെ പരിധി 18ല്‍ നിന്ന്‌ 16 ആക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം മാനഭംഗക്കേസിലെ നിയമ ഭേദഗതിയെപ്പറ്റി പഠിക്കുന്ന ജെ.എസ്‌.വര്‍മ്മ കമ്മിറ്റിക്കു മുമ്പാകെ സര്‍ക്കാര്‍ വയ്ക്കുമെന്നും ഷിന്‍ഡേ പറഞ്ഞു. എന്നാല്‍ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കുന്നതിനെ എല്ലാ സംസ്ഥാനങ്ങളും യോജിക്കുന്നില്ലെന്നാണ്‌ ആഭ്യന്തരമന്ത്രി പറഞ്ഞത്‌. ദല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത രാജ്യത്തെ ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥരുടേയും ചീഫ്‌ സെക്രട്ടറിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പ്രായപരിധി നിര്‍വച്ചനം 18 ല്‍ നിന്ന്‌ 16 ആക്കുന്നതിനോട്‌ സംസ്ഥാനങ്ങള്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതിയുണ്ടായാല്‍ 16 വയസ്സ്‌ കഴിഞ്ഞ എല്ലാവരേയും പ്രായപൂര്‍ത്തിയായതായി കണ്ട്‌ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കാനാകും . ദല്‍ഹി കൂട്ടമാനഭംഗത്തെ പശ്ചാത്തലത്തില്‍ രാജ്യത്തെ നിയമ നിര്‍വ്വഹണത്തേയും ക്രിമിനല്‍ ന്യായ വ്യവസ്ഥയും അവലോകനം ചെയ്യപ്പെടുകയാണ്‌. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ സര്‍ക്കാരിന്റെ ചുമതലയാണ്‌. അവരെ ഭീതിയോടെ ജീവിതം തള്ളിനീക്കാന്‍ അനുവദിക്കില്ല, മന്ത്രി പറഞ്ഞു.
ദല്‍ഹി മാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാതെ പ്രതിയാണ്‌ യുവതിയെ അതിക്രൂരമായി ഉപദ്രവിച്ചതെന്ന്‌ ദല്‍ഹി പൊലീസ്‌ കുറ്റപ്പത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്ക്‌ നിയമ പ്രകാരം മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ കിട്ടാനിടയില്ല. വനിതാ ശിശു ക്ഷേമ വകുപ്പ്‌ മന്ത്രി കൃഷ്ണ തിരാത്ത്‌ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്ന്‌ യോഗത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.