വന്‍ തിരിമറി

Friday 4 January 2013 10:53 pm IST

കൊച്ചി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ചെലവുകള്‍ സംബന്ധിച്ച്‌ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും വന്‍ തിരിമറികള്‍ നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പു ചെലവുകള്‍ക്കായി കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ നല്‍കിയ പണം സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വച്ചാണ്‌ തിരിമറി നടത്തിയിരിക്കുന്നത്‌. 140 നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ക്കായി 10ലക്ഷം രൂപവീതം നല്‍കിയെന്നാണ്‌ കോണ്‍ഗ്രസ്‌ സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നത്‌. എന്നാല്‍ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും നല്‍കിയിരിക്കുന്ന കണക്കുകളില്‍ ഇത്‌ ഉള്‍പ്പെടുത്തിയിട്ടില്ല. മലയാള മനോരമ ചാനലാണ്‌ ഇക്കാര്യം പുറത്തുകൊണ്ടു വന്നത്‌.
തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മറ്റി ആകെ 14 കോടി രൂപ ചെലവാക്കിയെന്ന്‌ എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കണക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഓരോ മണ്ഡലത്തിലെയും യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ പത്തു ലക്ഷം വീതമാണ്‌ നല്‍കിയത്‌. എന്നാല്‍ മുസ്ലീം ലീഗിനു വേണ്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നല്‍കിയ കണക്കില്‍ ഇത്‌ ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ കണക്കനുസരിച്ച്‌ ലീഗ്‌ മത്സരിച്ച 24 മണ്ഡലങ്ങളിലുമായി കോണ്‍ഗ്രസ്‌ രണ്ടു കോടി നാല്‍പതു ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്‌. ലീഗ്‌ സ്വന്തം നിലയ്ക്ക്‌ രണ്ടുകോടി 24ലക്ഷം രൂപ ചെലവഴിച്ചു എന്നാണ്‌ കണക്കുനല്‍കിയിരിക്കുന്നത്‌.
വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കായി കോണ്‍ഗ്രസ്‌ 10 ലക്ഷവും ലീഗ്‌ 11 ലക്ഷവും ചേര്‍ത്ത്‌ ആകെ 21 ലക്ഷം രൂപ ചെലവഴിച്ചതായാണ്‌ കണക്കുകള്‍ പ്രകാരം വരേണ്ടത്‌. എന്നാല്‍ ലീഗ്‌ നല്‍കിയ 12.50 ലക്ഷം ഉള്‍പ്പെടെ 13.97 ലക്ഷത്തിന്റെ കണക്കുമാത്രമേ വന്നിട്ടുള്ളൂ. ലീഗിന്റെ മറ്റു സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലങ്ങളിലെ കണക്കുകളിലും ഇത്തരം പൊരുത്തക്കേടുകള്‍ ധാരാളമാണ്‌.
എന്നാല്‍ മുസ്ലീം ലീഗ്‌ ഒഴിച്ച്‌ യുഡിഎഫിലെ മറ്റു ഘടകകക്ഷികള്‍ തെരഞ്ഞെടുപ്പ്‌ ചെലവ്‌ വഹിച്ചത്‌ കോണ്‍ഗ്രസാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. പതിന്നാല്‌ സീറ്റുകളില്‍ മത്സരിച്ച്‌ ഒമ്പതിടത്ത്‌ വിജയിച്ച കേരളാ കോണ്‍ഗ്രസ്‌ (എം) നല്‍കിയ കണക്കുകളിലും പാളിച്ചകള്‍ ധാരാളമുണ്ട്‌. പാര്‍ട്ടി ആകെ ഒരു ലക്ഷത്തി പതിമ്മൂവായിരത്തി അഞ്ഞൂറു രൂപ മാത്രമേ പിരിച്ചിട്ടുള്ളു. നേരത്തെ 45,000 രൂപ കൈവശമുണ്ടായിരുന്നു. ആകെ ഒരു ലക്ഷത്തി അമ്പത്തിയെട്ടായിരത്തി അഞ്ഞൂറു രൂപ. ചെലവ്‌ 1,41,500. ബാക്കി 17,000 രൂപ കൈവശമുണ്ട്‌ എന്നിങ്ങനെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ കണക്ക്‌.
എഐസിസി നല്‍കിയ ഒരു കോടി നാല്‍പതു ലക്ഷം രൂപ കൊണ്ടാണ്‌ കാര്യങ്ങള്‍ നടത്തിയതെന്ന്‌ മാണി കോണ്‍ഗ്രസ്‌ വിശദീകരിച്ചിട്ടുണ്ട്‌. പിരിഞ്ഞു കിട്ടിയ മുഴുവന്‍ തുകയുടെയും കണക്ക്‌ മാണി കോണ്‍ഗ്രസ്‌ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ നല്‍കിയ പണത്തിന്റെ കണക്ക്‌ അവര്‍ ഒളിച്ചുവച്ചില്ല. കമ്മീഷന്റെ വെബ്‌ സൈറ്റില്‍ ഇടംപിടിക്കാത്തതിനാല്‍ ചെറുകക്ഷികളായ കേരളാ കോണ്‍ഗ്രസ്‌ (ബി), ആര്‍ എസ്‌ പി (ബി), സിഎംപി, ജെഎസ്‌എസ്‌ തുടങ്ങിയ പാര്‍ട്ടികളുടെ കണക്കുകള്‍ ലഭ്യമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.