ചൈനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 43 മരണം

Sunday 24 July 2011 10:44 pm IST

ബെയ്ജിംഗ്‌: ചൈനയുടെ കിഴക്കന്‍ ഭാഗത്ത്‌ രണ്ട്‌ അതിവേഗ തീവണ്ടികള്‍ കൂട്ടിമുട്ടി 43 പേര്‍ മരിക്കുകയും 211 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. സിജിയാങ്ങ്‌ പ്രവിശ്യയിലെ വെന്‍ഡോയിലാണ്‌ പാളം തെറ്റി രണ്ടുബോഗികള്‍ പാലത്തില്‍ നിന്ന്‌ താഴേക്ക്‌ വീണത്‌. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ഒരു ബോഗിയില്‍ 100 പേര്‍ക്ക്‌ കയറാനാവുമെന്ന്‌ ചൈനീസ്‌ വാര്‍ത്താ ഏജന്‍സി സിന്‍ഹുവാ അറിയിച്ചു. എന്നാല്‍ എത്ര ബോഗികള്‍ ഉണ്ടായിരുന്നുവെന്ന്‌ അവര്‍ വെളിപ്പെടുത്തിയില്ല. ഗ്രീന്‍വിച്ച്‌ സമയം 12.30 നാണ്‌ ഹാങ്ങ്ഷുവില്‍ വരുന്ന ഡി 311എസ്‌ നമ്പര്‍ തീവണ്ടി പാളം തെറ്റിയതെന്ന്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇടിമിന്നലുണ്ടായി വൈദ്യുതി നിലച്ചതിനാല്‍ ആദ്യത്തെ തീവണ്ടി നിര്‍ത്തേണ്ടിവന്നു. ഡി 301 എന്ന മറ്റൊരു തീവണ്ടി പാളംതെറ്റി ഇടിച്ച്‌ പാളത്തിന്റെ ഉയര്‍ന്ന സ്ഥലത്തുനിന്ന്‌ രണ്ട്‌ ബോഗികള്‍ താഴേക്കുവീണതായും പ്രാദേശിക ടെലിവിഷന്‍ അറിയിച്ചു. ഒരു ബോഗി ചെരിഞ്ഞ്‌ പാലത്തിനടിയില്‍ കിടക്കുന്നതായും. മറ്റേത്‌ പാലത്തോട്‌ ചേര്‍ന്ന്‌ ഉയര്‍ന്നുനില്‍ക്കുന്നതായുമാണ്‌ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍. രണ്ടാമത്തെ തീവണ്ടിയുടെ നാലു ബോഗികള്‍ പാളം തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്‌, മരണസംഖ്യ ഉയരാന്‍ സാധ്യത ഏറെയാണ്‌. സംഭവവുമായി ബന്ധപ്പെട്ടു റെയില്‍വെയിലെ മൂന്ന്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്‌.
ചൈനയിലെ ബുള്ളറ്റ്‌ ട്രെയിനുകള്‍ക്ക്‌ 160 കിലോമീറ്റര്‍ ശരാശരി വേഗതയുണ്ട്‌. ട്രെയിന്‍ വല്ലാതെ കുലുങ്ങി, ലഗേജുകള്‍ കുലുക്കത്തില്‍ നാലുപാടും ചിതറി. യാത്രക്കാര്‍ സഹായത്തിനായി ഒച്ചവെച്ചെങ്കിലും ട്രെയിനിലെ ജോലിക്കാരാരും ശ്രദ്ധിച്ചില്ല. ലിയു ഹൊങ്ങ്ടാവോ എന്ന രക്ഷപ്പെട്ട യാത്രക്കാരന്‍ വാര്‍ത്താ ലേഖകരോട്‌ പറഞ്ഞു.
അതിവേഗ തീവണ്ടിപ്പാതയുടെ ശൃംഖലകളുണ്ടാക്കാന്‍ ചൈന കോടിക്കണക്കിന്‌ പണമാണ്‌ ചെലവിടുന്നത്‌. കഴിഞ്ഞ മാസമാണ്‌ ബെയ്ജിങ്ങ്‌- ഷാങ്ന്‍ഘായ്‌ അതിവേഗപ്പാത ഉദ്ഘാടനം ചെയ്യപ്പെട്ടത്‌. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ഉദ്ഘാടനത്തോടെ ബെയ്ജിംഗ്‌ ഷാങ്ന്‍ഘായ്‌ യാത്രാസമയം പകുതിയായി കുറഞ്ഞു. അഞ്ചുമണിക്കൂറാണ്‌ ഇപ്പോള്‍ യാത്രയ്ക്കെടുക്കുന്നത്‌.
പക്ഷേ ഈ പാത നവീകരണത്തിന്‌ ചെലവായ 33 ബില്യണ്‍ അമേരിക്കന്‍ ഡോളറുകള്‍ വര്‍ധിച്ച ചെലവാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നിരുന്നു. വൈദ്യുതി തകരാറുകളും മറ്റും ഈ അതിവേഗ പാതയുടെ കുറവുകളായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യം മുഴുവനും അതിവേഗ റെയില്‍പാതകള്‍ നിര്‍മിക്കാനാണ്‌ ചൈന ഉദ്ദേശിക്കുന്നത്‌. പക്ഷേ ചൈനയില്‍ വ്യാപകമായ അഴിമതി ഈ റെയില്‍പ്പാത നിര്‍മാണത്തേയും ബാധിച്ചിട്ടുണ്ടെന്നും സുരക്ഷ അതുകൊണ്ടുതന്നെ നൂറുശതമാനം ഉറപ്പാക്കിയിട്ടില്ലെന്നും ബിസിസി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.