സിബിഐ അന്വേഷിക്കണം

Thursday 20 June 2019 1:34 am IST
അറബിക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുള്ളതുമായി ബന്ധപ്പെട്ട കേസ് നേരത്തെ വിവാദമായിരുന്നു. അത് പിന്നീട് എങ്ങനെയൊക്കെയോ പറഞ്ഞൊതുക്കി. ആരൊക്കെ ഇടനിലക്കാരായി നിന്നുവെന്നുള്ളതും കോടികള്‍ എങ്ങനെ നല്‍കി എന്നുള്ളതും ഇതുവരെ പുറത്തുവന്നിട്ടില്ല. കാരണം കോടിയേരിയുടെ രാഷ്ട്രീയത്തിലെ ഉന്നതസ്ഥാനം തന്നെ. ഇപ്പോഴത്തെ കേസിലും കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്. യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ട് ഗൗനിച്ചതേയില്ല. എന്നാല്‍ യുവതിക്കെതിരെ കണ്ണൂരില്‍ കേസെടുക്കാനാണ് പിണറായിയുടെ പോലീസ് തയാറായത്.

സിപിഎം നേതാക്കന്മാര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ബലാത്സംഗ കേസുകളും പുത്തരിയല്ല. അതിലൊടുവിലത്തേതാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് ബീഹാര്‍ യുവതി ബിനോയ്‌ക്കെതിരെ മുംബൈ പോലീസില്‍ പരാതിനല്‍കിയിരിക്കുകയാണ്. സ്ത്രീപീഡനത്തിനും വഞ്ചനയ്ക്കുമെതിരെ ബിനോയ്ക്കെതിരെ പോലീസ് കേസും എടുത്തു. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ബിനോയ് വിവാഹം ചെയ്യാമെന്ന് ഉറപ്പുനല്‍കിയതായും ബന്ധത്തില്‍ കുട്ടിയുണ്ടായതായും യുവതി പറയുന്നു. കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിനുവരെ തയ്യാറെന്നാണ് പരാതിക്കാരിയുടെ നിലപാട്. ബ്ലാക്ക്‌മെയിലിങ്ങാണ് പരാതിക്കുപിന്നിലെന്നാണ് ബിനോയ് കോടിയേരിയും, മകന്‍ ചെയ്ത കുറ്റത്തിന് അച്ഛനെ പഴിക്കേണ്ടതില്ലെന്ന് സിപിഎമ്മും പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സത്യം പുറത്തുവരേണ്ടതുണ്ട്. കാരണം, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്ന മേല്‍വിലാസത്തിലാണ് ബിനോയ് ദുബായിലും മറ്റും വ്യവസായ ബന്ധങ്ങള്‍ സ്ഥാപിക്കുകയും പണക്കാരനാകുകയും ചെയ്തത്. യുവതി പരാതിയില്‍ പറയുന്ന സമയത്ത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും കോടിയേരി ബാലകൃഷ്ണനായിരുന്നു. ഇതൊക്കെ അനുകൂലമാക്കിയാണ് ബിനോയ് പലകാര്യങ്ങളും ചെയ്തിട്ടുള്ളത്. 

അറബിക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുള്ളതുമായി ബന്ധപ്പെട്ട കേസ് നേരത്തെ വിവാദമായിരുന്നു. അത് പിന്നീട് എങ്ങനെയൊക്കെയോ പറഞ്ഞൊതുക്കി. ആരൊക്കെ ഇടനിലക്കാരായി നിന്നുവെന്നുള്ളതും കോടികള്‍ എങ്ങനെ നല്‍കി എന്നുള്ളതും ഇതുവരെ പുറത്തുവന്നിട്ടില്ല. കാരണം കോടിയേരിയുടെ രാഷ്ട്രീയത്തിലെ ഉന്നതസ്ഥാനം തന്നെ. ഇപ്പോഴത്തെ കേസിലും കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്.  യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ട് ഗൗനിച്ചതേയില്ല. എന്നാല്‍ യുവതിക്കെതിരെ കണ്ണൂരില്‍ കേസെടുക്കാനാണ് പിണറായിയുടെ പോലീസ് തയാറായത്. ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവതി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന ബിനോയ്‌യുടെ പരാതിയാണ് കേരള പോലീസ് അന്വേഷിക്കുന്നത്.  ഇത് ഒത്തുതീര്‍പ്പിനുള്ള കൗണ്ടര്‍കേസ് ആണെന്ന കാര്യത്തില്‍ സംശയമില്ല.

ദുബായ് കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് കൊടിയേരിയുടെ മക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളും കേസുകളും എന്നതും ഗൗരവത്തിലെടുക്കേണ്ടതാണ്. കോടിയേരിയുടെ മക്കള്‍ക്ക് ദുബായ്‌യില്‍ എന്ത് ബിസിനസ്സാണെന്ന് വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അറബിക്ക് കോടികള്‍ നല്‍കുന്ന പ്രശ്‌നം വന്നപ്പോഴും ഇക്കാര്യം ഉയര്‍ന്നതാണ്.  ദുബായ്‌യില്‍ ഡാന്‍സ് ബാറില്‍ വച്ചാണ് ബിനോയ്‌യുമായി പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. നിയമപരമായി നടക്കുന്ന ബാറുകളില്‍ ഡാന്‍സ് നടത്താമെങ്കിലും കസ്റ്റമേഴ്‌സിന് നര്‍ത്തകരുമായി യാതൊരു തരത്തിലും ഇടപഴകാനാവില്ല. അങ്ങനെ ചെയ്താല്‍ ശിക്ഷലഭിക്കാവുന്ന കുറ്റമായിട്ടാണ് പരിഗണിക്കുക. എന്നാല്‍ ഇത്തരം ഡാന്‍സ് ബാറുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലും കള്ളക്കടത്ത് ഉണ്ടെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇത്തരം ഡാന്‍സ്ബാറുകളിലേക്ക് പെണ്‍കുട്ടികളെ എത്തിച്ച് വാണിഭത്തിന് നേതൃത്വം നല്‍കി കോടീശ്വരന്മാരായവരുമുണ്ട്.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ വിദേശരാജ്യത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്ന സംശയം നിലനില്‍ക്കുന്നത് ശരിയല്ല. അച്ഛനും മക്കളും വ്യത്യസ്ത വ്യക്തികളായതിനാല്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ല. കൊടിയേരിയുടെ മക്കളെന്ന വിലാസത്തിലും പാര്‍ട്ടിയുടെ മേല്‍വിലാസത്തിലുമാണ് ബിനോയ്യും സഹോദരനും വിദേശരാജ്യത്തെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തത്. അതുകൊണ്ടുതന്നെ അത് എത്തരത്തിലുള്ള ബിസിനസ്സാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്കും നേതാവിനും ബാധ്യതയുണ്ട്. അത് അവര്‍ ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന പോലീസ് അന്വേഷിച്ചാലും കാര്യങ്ങള്‍ തെളിയില്ല. അന്താരാഷ്ട്ര ബന്ധങ്ങളും ഇടപാടുകളുമുള്ള പ്രശ്‌നമായതിനാല്‍ സിബിഐ തന്നെ അന്വേഷിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.