ശ്രീപത്മനാഭസ്വാമിയുടെ സമ്പത്ത്‌ അന്യാധീനപ്പെടുത്താനുള്ള നീക്കം ചെറുക്കണം: വിഎച്ച്പി

Monday 25 July 2011 10:38 am IST

കോഴിക്കോട്‌: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത്‌ അന്യാധീനപ്പെടുത്താനുള്ള ഗൂഢാലോചനകളെ പരാജയപ്പെടുത്തണമെന്ന്‌ കോഴിക്കോട്‌ ചേര്‍ന്ന വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്‌ അനാവരണം ചെയ്യപ്പെട്ട തിരുവാഭരണമടക്കമുള്ള സമര്‍പ്പിതദ്രവ്യങ്ങള്‍ അന്യാധീനപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്‌. നിധിയോ സര്‍ക്കാര്‍ സമ്പത്തോ അല്ലാത്ത ഇതിനെ നാക്കും, ബുദ്ധിയും പണയപ്പെടുത്തിയ ബുദ്ധിജീവികളെ കൂട്ടുപിടിച്ചാണ്‌ ചില കേന്ദ്രങ്ങള്‍ അന്യാധീനപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്‌. ഇത്‌ പരാജയപ്പെടുത്തണം.
വിശ്വാസങ്ങളെയും ആചാരപദ്ധതികളെയും മുഖവിലയ്ക്‌ക്‍എടുക്കാതെയുള്ള കോടതി നടപടികള്‍ ആശങ്കാജനകവും ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്തുന്നതും കോടതിയുടെ ഇടപെടലുകളെ സംശയദൃഷ്ടിയോടെ കാണുവാന്‍ ഇടയാക്കുന്നതുമാണ്‌. ആസൂത്രിതമായി ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ക്ഷേത്ര സമ്പത്തിനെ, അന്യഥാ ചിത്രീകരിക്കാനുളള ശ്രമങ്ങളോട്‌ നീക്കുപോക്ക്‌ നടത്തുന്നതാണ്‌ കോടതിവിധിയുടെ അടിസ്ഥാനത്തിലൂള്ള പുതിയ വിവരശേഖരണസമിതിയുടെ രൂപീകരണം. നാഷണല്‍ മ്യൂസിയത്തിന്റെയും ആര്‍ക്കിയോളജിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും തന്ത്രിമാരെയോ, വിശ്വാസികളെയോ വിശ്വാസത്തിലെടുക്കാതെയുമുള്ള നീക്കത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സംശയാസ്പദമാണ്‌. ശ്രീപത്മനാഭസ്വാമിയുടെ സമ്പദ്സഞ്ചയത്തെ കേവലം ധനമായി മാത്രം കാണാതെ വികാര-വിശ്വാസ-സങ്കല്‍പങ്ങള്‍ ഉള്‍ച്ചേര്‍ന്ന മൂല്യവത്തായ ശേഖരമായി പരിഗണിച്ച്‌ നടപടികള്‍ കൈക്കൊള്ളണം. മ്യൂസിയത്തിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം നഷ്ടപ്പെടുന്നത്‌ സ്ഥിരം കാഴ്ചയായ സാഹചര്യത്തില്‍, മ്യൂസിയത്തിലെത്തിച്ച്‌ ശ്രീപത്മനാഭ സമ്പത്ത്‌ സഞ്ചയത്തെയും നഷ്ടപ്പെടുത്താനുള്ള ആലോചനകള്‍ മാറ്റിവെച്ച്‌ ക്ഷേത്രസന്നിധിയില്‍ കര്‍ശനസുരക്ഷയില്‍ ഇവ സൂക്ഷിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാകണമെന്നും പ്രമേയത്തില്‍ കൂട്ടിച്ചേര്‍ത്തു.
തിരുവിതാംകൂര്‍ ദേവസ്വം ഭൂമിയും ഓഡിറ്റോറിയവും ദീര്‍ഘകാലത്തേക്ക്‌ വന്‍കിട കുത്തക മുതലാളിമാര്‍ക്ക്‌ പാട്ടത്തിന്‌ കൊടുക്കുവാനുള്ള ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭൂനിയമങ്ങളും കെട്ടിടനിയമങ്ങളും മാറിവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇപ്രകാരം പാട്ടത്തിനുകൊടുത്താല്‍ ഭൂമിയും കെട്ടിടങ്ങളും അന്യാധീനപ്പെടുവാന്‍ സാദ്ധ്യതയുണ്ട്‌. അന്യമതസ്ഥരായ കുത്തക മുതലാളിമാരുടെ കയ്യില്‍ ചെന്നുപെടുവാനുളള സാദ്ധ്യതയും തള്ളിക്കളയാവുന്നതല്ല. ആയതിനാല്‍ കെട്ടിടവും ഭൂമിയും സംരക്ഷിക്കാനെന്ന വ്യാജേന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളിറക്കി ഭക്തജനങ്ങളെയും ഹൈന്ദവജനതയേയും വഞ്ചിതരാക്കുന്ന നിലപാട്‌ നാം തിരിച്ചറിയണം.
ഇത്തരം കുത്സിത നീക്കങ്ങളില്‍ നിന്നും ദേവസ്വം ബോര്‍ഡ്‌ പിന്‍തിരിയണം. നിലവിലുള്ള ക്ഷേത്രസമിതിയുമായും ഭക്തജനങ്ങളുമായി കൂടി ആലോചിച്ച്‌ ക്ഷേത്രസംസ്കാരത്തിന്‌ അനുയോജ്യമായ വിധത്തില്‍ ക്ഷേത്രഭൂമി സംരക്ഷിക്കാനുളള നടപടിയാണ്‌ ദേവസ്വം ബോര്‍ഡ്‌ കൈക്കൊള്ളേണ്ടതെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ആര്‍.എസ്‌.എസ്‌. പ്രാന്തപ്രചാരക്‌ പി.ആര്‍. ശശിധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മലാപ്പറമ്പ്‌ വേദവ്യാസ വിദ്യാലയത്തില്‍ വൈകീട്ട്‌ നടന്ന സമാപന സമ്മേളനത്തില്‍ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സംഘടനാ സെക്രട്ടറി ദിനേശ്‌ ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കെ.വി. മദനന്‍, സംസ്ഥാന പ്രസിഡണ്ട്‌ ബി.ആര്‍. ബലരാമന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡണ്ടും വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ പി.കെ. ഭാസ്ക്കരന്‍, സരള എസ്‌. പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.ദിനേശ്‌ ചന്ദ്രയുടെ പ്രഭാഷണം പ്രതീഷ്‌ വിശ്വനാഥ്‌ പരിഭാഷപ്പെടുത്തി.
സ്വന്തം ലേഖകന്‍