ലഹരിമരുന്നു വില്‍പ്പനത്തലവന്‍ പോലീസ്‌ പിടിയില്‍

Saturday 5 January 2013 10:06 pm IST

കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ്സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിരവധി വാഹന മോഷണങ്ങളും, മാലപൊട്ടിക്കല്‍ കേസുകളിലും പ്രതിയായ വെള്ള സബീറിനെ കൊല്ലം അസിസ്റ്റന്റ്‌ കമ്മീഷണര്‍ ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്തു. ഈസ്റ്റ്‌ പോലീസ്‌ നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ നാഗര്‍കോവിലില്‍ നിന്നും പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. അറസ്റ്റ്‌ ചെയ്യുന്ന സമയത്തിന്‌ തൊട്ടുമുന്‍പ്‌ സബീര്‍ കൈവശം ഉണ്ടായിരുന്ന 100 മയക്കുമരുന്ന്‌ ആംപ്യൂളുകള്‍ എല്ലാം തന്നെ പൊടിച്ച്‌ നശിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ ഒക്ടോബര്‍ മാസം രജിസ്റ്റര്‍ ചെയ്ത രണ്ടു മയക്കുമരുന്ന്‌ കടത്തു കേസുകളില്‍ വെള്ള സബീര്‍ പ്രതിയാണ്‌. ഈ കേസുകളില്‍ 80-ഓളം ആംപ്യൂളുകളുമായി നാലു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇവര്‍ക്ക്‌ ലഹരി മരുന്ന്‌ കലര്‍ന്ന ആംപ്യൂളുകള്‍ വിതരണം ചെയ്തിരുന്നത്‌ വെള്ള സബീറാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കൊല്ലം പള്ളിമുക്കില്‍ വടക്കേവിള പണിക്കരുകുളത്തിന്‌ സമീപം നിഹാസ്‌ മന്‍സിലില്‍ താമസിച്ചു വന്നിരുന്ന വെള്ള സബീര്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ആറ്റിങ്ങല്‍, ചിറയിന്‍കീഴ്‌, പെരുമാതുറ, തുമ്പ എന്നീ ഏരിയാകളില്‍ മാറിമാറി താമസിച്ചാണ്‌ ലഹരിമരുന്ന്‌ കച്ചവടം ചെയ്തു പോന്നിരുന്നത്‌. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക്‌ ആംപ്യൂളുകള്‍ വിതരണം ചെയ്യുന്നത്‌ സബീറാണെന്ന്‌ വെളിവായിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.